ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ മാസം ഡൗണിങ് സ്ട്രീറ്റിൽ നടന്ന ദീപാവലി ആഘോഷത്തിൽ മദ്യവും മാംസവും വിളമ്പിയതിൽ നമ്പർ 10 മാപ്പ് പറഞ്ഞു. സംഭവം വിവിധ കോണുകളിൽ നിന്ന് വൻ വിമർശനം ഏറ്റു വാങ്ങിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷത്തിൽ മദ്യവും മാംസവും വിളമ്പിയത് ഹിന്ദു ആചാരങ്ങൾക്ക് യോജിച്ചതല്ലെന്നും നിരവധി ബ്രിട്ടീഷ് പൗരന്മാർക്ക് പ്രിയപ്പെട്ട ആചരണങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് നിരാശജനകമായ അറിവില്ലായ്മയും ആണ് ഇത് എന്നും കൺസർവേറ്റീവ് എംപി ശിവാനി രാജ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിന് കത്ത് എഴുതിയിരുന്നു.


ഈ വിഷയത്തിൽ സംഭവിച്ച തെറ്റ് മനസ്സിലാക്കുന്നുവെന്നും ഇതുമൂലമുണ്ടായ വൈകാരികമായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുവെന്നും സമൂഹത്തോട് ക്ഷമ ചോദിക്കുന്നുതായും ടൗണിങ് സ്ട്രീറ്റ് വക്‌താവ് പറഞ്ഞു. ബ്രിട്ടനിലെ പ്രമുഖ ഹിന്ദു വിഭാഗ നേതാക്കൾക്കും മുതിർന്ന രാഷ്ട്രീയക്കാർക്കും വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റിലെ ദീപാവലി വിരുന്ന്. കുച്ചിപ്പുഡി നൃത്താവതരണം അടക്കമുള്ളയായിരുന്നു പരിപാടികൾ. ഇതിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ പ്രസംഗവും ഉൾപ്പെടുത്തിയിരുന്നു.


അത്താഴ വിരുന്നിന്റെ മെനുവിൽ മദ്യവും മാംസാഹാര ഭക്ഷണവും കണ്ടത് ഞെട്ടിച്ചുവെന്ന് ചില ബ്രിട്ടിഷ് ഹിന്ദു വിഭാഗക്കാർ വെളിപ്പെടുത്തിയെന്ന വാർത്ത നേരെത്തെ വാർത്തയായിരുന്നു . ലാംബ് കെബാബ്, ബീയർ, വൈൻ തുടങ്ങിയവയായിരുന്നു വിരുന്നിനെത്തിയ വിശിഷ്ടാതിഥികൾക്ക് വിളമ്പിയത്. 2009-ൽ അന്നത്തെ പ്രധാനമന്ത്രി ഗോർഡൻ ബ്രൗണിൻ്റെ കീഴിലാണ് ഡൗണിംഗ് സ്ട്രീറ്റ് ആദ്യമായി ദീപാവലി ആഘോഷിക്കാൻ പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. 2022-ൽ യുകെയുടെ ആദ്യ ഹിന്ദു പ്രധാനമന്ത്രിയായ ഋഷി സുനക് ഉൾപ്പെടെയുള്ള പ്രധാനമന്ത്രിമാരുടെ കീഴിലും ഈ പാരമ്പര്യം തുടർന്നു. ഇന്ത്യൻ വംശജനുമായ ഋഷി സുനക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദീപാവലി ആഘോഷങ്ങളിൽ മദ്യവും മാംസാഹാരവും വിളമ്പിയിരുന്നില്ല.