ലണ്ടനിൽ അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോദിയ്ക്കു ജാമ്യമില്ല. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് മാര്‍ച്ച് 29ന് വീണ്ടും പരിഗണിക്കും.
ബ്രിട്ടനിലെ ഹോല്‍ബോര്‍ണ്‍ മെട്രോ സ്റ്റേഷനില്‍നിന്നാണ് ലണ്ടന്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇന്ത്യയുടെ നിരന്തര സമ്മര്‍ദ്ദഫലമായി ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി മോദിക്കെതിരെ അറസ്റ്റുവാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസിലെ മുഖ്യപ്രതി നീരവ് മോദി അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ക്ക് രാജ്യം വിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സഹായം നല്‍കി എന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടയിലാണ് നിര്‍ണായക അറസ്റ്റ്. മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
നീരവ് മോദിയുടെ ലണ്ടനിലെ ആഡംബരജീവിതത്തിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര പത്രം പുറത്തുവിട്ടതോടെയാണ് വിഷയത്തില്‍ ഇന്ത്യ സമ്മര്‍ദം ശക്തമാക്കിയത്. ലണ്ടനില്‍ കഴിയുന്ന വിജയ് മല്യയ്ക്കെതിരായ കേസും ഇതേ കോടതിയില്‍ തന്നെയാണ്. ഇന്ത്യയുടെ നിരന്തരശ്രമത്തെ തുടര്‍ന്ന് ജൂലൈയില്‍ ഇന്റര്‍പോള്‍ മോദിക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ വിജയമാണെന്ന് ബി.ജെ.പി പ്രതികരിച്ചപ്പോള്‍, തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുമെന്നാണ് സൂചന. അതേസമയം, നീരവ് മോദിയുടെ ഭാര്യ അമി മോദിക്കെതിരെയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
Leave a Reply