ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ 17 കാരന്റെ പേര് തെറ്റായി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത 55 വയസ്സുകാരിക്കെതിരെയുള്ള തുടർ നടപടികൾ നിർത്തിവച്ചു. ചെസ്റ്ററിൽ നിന്നുള്ള 55 കാരിയായ ബെർണാഡെറ്റ് സ്ഫോർത്ത് ആണ് ആഗസ്റ്റ് 8-ാം തീയതി തൻറെ സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായത്. പോലീസ് തന്നെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് 36 മണിക്കൂർ സെല്ലിൽ പാർപ്പിച്ചതായി ബെർണാഡെറ്റ് സ്ഫോർത്ത് പറഞ്ഞു.
താൻ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട വിവരം തെറ്റാണെന്ന് മനസ്സിലാക്കിയ ബെർണാഡെറ്റ് സ്ഫോർത്ത് പിന്നീട് തൻറെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഇവരുടെ പേര് പറയാതെ ചെസ്റ്ററിൽ നിന്നുള്ള 55 വയസ്സുകാരി കേസിൽ കൂടുതൽ നടപടികൾ നേരിടേണ്ടി വരില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. തന്റെ പോസ്റ്റ് സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കിയതായി പറയുന്നതിൽ വസ്തുതയില്ലെന്ന് ബെർണാഡെറ്റ് സ്ഫോർത്ത് പറഞ്ഞു.
സൗത്ത് പോർട്ടിലെ ഒരു അവധിക്കാല യോഗ, ഡാൻസ് ക്ലാസിൽ മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവം തുടർന്ന് ബ്രിട്ടനിലാകെ വൻ കുടിയേറ്റ വിരുദ്ധ കലാപം ആളി പടരുന്നതിന് കാരണമായിരുന്നു. 17 വയസ്സുകാരനായ പ്രതി ബ്രിട്ടനിലേയ്ക്ക് കൂടിയേറിയ ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ട ആളാണെന്ന വിവരങ്ങളെ തുടർന്നാണ് വലതുപക്ഷ തീവ്രവാദികൾ കലാപവുമായി തെരുവിലിറങ്ങിയത്. ഇതേ തുടർന്ന് തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതിന്റെ പേരിൽ ഒട്ടേറെ പേർ അറസ്റ്റിലായിരുന്നു. ഇങ്ങനെയാണ് ബെർണാഡെറ്റ് സ്ഫോർത്ത് പോലീസ് പിടിയിലായത്.
Leave a Reply