മലയാളം യുകെ ന്യൂസ് ബ്യുറോ
ബ്രെക്സിറ്റ് വിഷയത്തിൽ 2016ൽ ബ്രിട്ടനിൽ ആരംഭിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേയുടെ പടിയിറക്കത്തിനും കാരണമായത് ബ്രെക്സിറ്റ് തന്നെ. ഇനി ബ്രിട്ടനെ നയിക്കാനിരിക്കുന്ന പ്രധാനമന്ത്രി ബ്രെക്സിറ്റ് വിഷയത്തിൽ എന്ത് നടപടി കൈക്കൊള്ളും എന്ന് അറിയേണ്ടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോണ്സിബിലിറ്റി (ഓബിആർ ) അവരുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. ഒരു കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ അത് വലിയ സാമ്പത്തികമാന്ദ്യത്തിന് കാരണമാകുമെന്ന് ഇന്ന് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാകുന്നു. 2020ഓടെ സമ്പദ്‌വ്യവസ്ഥ 2% ആയി ചുരുങ്ങുകയും തൊഴിലില്ലായ്മ 5% വർധിക്കുകയും ചെയ്യും. ഒപ്പം ഗാർഹിക നിരക്കുകൾ 10%വും വർധിക്കും.
പ്രധാനമന്ത്രി സ്ഥാനാർത്ഥികളായ ബോറിസ് ജോൺസണും ജെറമി ഹണ്ടും പറയുന്നത്, ഒരു കരാറില്ലാതെ തന്നെ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിടാൻ കഴിയും എന്നാണ്. ഇതോടെയാണ് നോ ഡീൽ ബ്രെക്സിറ്റിന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടുന്നത്. മേയ്യിൽ നടന്ന ബിബിസിയുടെ പനോരമ പ്രോഗ്രാമിൽ യൂറോപ്യൻ യൂണിയന്റെ പ്രധാന ബ്രെക്സിറ്റ് ഇടനിലക്കാരൻ മൈക്കിൾ ബാർനിയർ ഇപ്രകാരം പറഞ്ഞിരുന്നു “ഒരു കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ അനേകം പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ” കരാറില്ലാതെയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതെങ്കിൽ പൊതു വായ്പ കൂടുന്ന അവസ്ഥ ഉടലെടുക്കുമെന്ന് ചാൻസലർ ഫിലിപ്പ് ഹാമ്മൻഡ് ബ്രെക്സിറ്റ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
നോ ഡീൽ ബ്രെക്സിറ്റ് യുകെയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കും എന്നാണ് ഓബിആറിന്റെ റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.അത് യുകെയുടെ ദേശീയ കടം കൂട്ടുകയും അത് വഴി രാജ്യം ഒരു സാമ്പത്തികമാന്ദ്യം നേരിടേണ്ടി വരുകയും ചെയ്യും. ഓബിആറിന്റെ കണക്കുകൾ പ്രകാരം 1990കളിൽ രാജ്യം നേരിട്ട സാമ്പത്തികമാന്ദ്യത്തിന് സമാനമായ ഒന്നാണ് വരാനിരിക്കുന്നത്. 2 സ്ഥാനാർത്ഥികളും നികുതി കുറയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇത് ഗവണ്മെന്റ് കടം കൂട്ടുമെന്നും ഓബിആർ പറഞ്ഞു. 2035ഓടെ സമ്പദ്‌വ്യവസ്ഥ 8% ആയി ചുരുങ്ങുമെന്നും പലിശ നിരക്ക് 5.5% ഉയരുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ നവംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ബ്രെക്സിറ്റ് വിഷയത്തിൽ അനിശ്ചിതത്വം തുടരവേ ഇക്കഴിഞ്ഞ വർഷങ്ങളിൽ പൗണ്ടിന്റെ മൂല്യത്തിലും വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2008-09 വർഷങ്ങളിൽ ആയിരുന്നു അവസാനമായി യുകെ ഒരു സാമ്പത്തികമാന്ദ്യം നേരിട്ടത്. കൺസേർവേറ്റിവ് പാർട്ടി യുകെയുടെ സമ്പദ്‌വ്യവസ്ഥയ്ക്കുതന്നെ ഒരപകടം ആണെന്ന് ലേബർ പാർട്ടി ഷാഡോ ചാൻസലർ ജോൺ മക്‌ഡൊണേൽ അഭിപ്രായപ്പെട്ടു.അടുത്താഴ്ച തെരഞ്ഞെടുക്കപ്പെടുന്ന പുതിയ പ്രധാനമന്ത്രി എപ്രകാരം ഈ വിഷയത്തിൽ അനുയോജ്യമായ തീരുമാനം കൈക്കൊള്ളും എന്ന് ബ്രിട്ടൻ ജനത ഉറ്റുനോക്കുകയാണ്.
Leave a Reply