ന്യൂസ് ഡെസ്ക്. മലയാളം യുകെ

യുകെയിലെത്തിയ മലയാളി കുട്ടികൾ വി. അൽഫോൻസാമ്മയുടെ തിരുനാളിന് പാടിയ സ്തുതിഗീതം വൈറലാകുന്നു. മൂന്ന് ദിനം കൊണ്ട് വീഡിയോ കണ്ടത് പന്തീരായിരത്തിന് മുകളിലാളുകൾ.

സംഭവം നടന്നത് യുകെയിലെ യോർക്ഷയറിൽ. യോർക്ഷയറിലെ പ്രസിദ്ധമായ കീത്തിലി സെൻ്റ്. ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷ ശുശ്രൂഷകളുടെ സമാപന വേളയിൽ മലയാളി കുട്ടികൾ പാടിയ അൽഫോൻസാ സ്തുതി ഗീതമാണ് ലോക മലയാളികൾ ആവേശത്തോടെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. മൂന്ന് ദിവസം കൊണ്ട് പന്തീരായിരം പേർ കാഴ്ച്ചക്കാരായി.

കേരള ക്രൈസ്തവർ ലോകമെമ്പാടും വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ച വാരമാണ് കടന്നു പോയത്. ഭാരതത്തിലെ ആദ്യ വിശുദ്ധ എന്ന നിലയിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് ധാരാളം പ്രത്യേകതകളുണ്ട്. ലോകം മുഴുവനും വ്യാപിച്ച് കിടക്കുന്ന മലയാളി സമൂഹത്തിന് മലയാളത്തിൻ്റെ ആദ്യ വിശുദ്ധയുടെ തിരുനാൾ എന്നും ആവേശമാണ്.

യൂറോപ്പിൻ്റെ ഭൂപടത്തിൽ യോർക്ഷയറിന് വലിയ സ്ഥാനമുണ്ട്. രണ്ടായിരം മുതലാണ് യോർക്ഷയറിൽ മലയാളികൾ എത്തിതുടങ്ങിയത്. യോർക്ഷയറിലെ ചെറിയ നഗരമായ കീത്തിലിയിൽ 2002 ൽ എത്തിയ ആദ്യ കാല മലയാളികൾ ഒരാശ്രയമായി തേടിപ്പോയത് ലാറ്റിൻ റൈറ്റിലുള്ള കീത്തിലി സെൻ്റ്. ആൻസ് ദേവാലയത്തിലായിരുന്നു. പൗരസ്ത്യ ദേശത്തു നിന്നുള്ള ക്രൈസ്തവരെ പാശ്ചാത്യ സമൂഹം അതിശയത്തോടെ കണ്ടെങ്കിലും കൂടത്തിൽ നിർത്തി. ആ സൗഹൃദം വളർന്ന് ഒരു വലിയ സമൂഹമായി കീത്തിലി സെൻ്റ്. ആൻസ് ദേവാലയം മാറി. 2013 ൽ സെൻ്റ്. ആൻസ് ദേവാലയത്തിൽ വികാരിയായി എത്തിയ കാനൻ മൈക്കിൾ മക്രീഡി അന്ന് കീത്തിലിയിൽ ഉണ്ടായിരുന്ന മലയാളി സമുഹവുമായി ചേർന്ന് വിശുദ്ധ അൽഫോസാമ്മയുടെ രൂപം സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചു. തുടർന്ന് അന്നു മുതൽ ഇന്നോളം വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമ്മ ദിനം സെൻ്റ് ആൻസ് ദേവാലയത്തിൽ ഭക്തിനിർഭരമായി ആഘോഷിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കീത്തിലിയിൽ മുന്നൂറോളം മലയാളി കുടുംബങ്ങളെത്തി. അവരുടെ ആദ്ധ്യാത്മീക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സെൻ്റ് ആൻസ് ദേവാലയം തുണയായി. ജൂലൈ മുപ്പത് ഞായറാഴ്ച്ച വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മലയാളി സമൂഹത്തിനോടൊപ്പം പാശ്ചാത്യവിശ്വാസികളും ആഘോഷിച്ചു.

പുതുതായി എത്തിയ മലയാളികളും അതൊരാഘോഷമാക്കി. തിരുനാൾ ശുശ്രൂഷകൾ പൂർണ്ണമായും ഇംഗ്ലീഷിലായിരുന്നെങ്കിലും അവസാനം മലയാളി കുട്ടികൾ വി. അൽഫോസാമ്മയോടുള്ള സ്തുതി ഗീതം മലയാളത്തിൽ പാടി. ഈ ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള പല ദേവാലയങ്ങളിലും വി. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചെങ്കിലും ലാറ്റിൻ റൈറ്റിലുള്ള കീത്തിലി സെൻ്റ് ആൻസ് ദേവാലയിൽ വളരെ ലളിതമായ രീതിയിൽ ആഘോഷിച്ച തിരുനാൾ ശ്രദ്ധേയമായി.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാൻ താഴെയുള്ള ലിങ്ക് തുറക്കുക.
https://m.facebook.com/story.php?story_fbid=pfbid02RtWs5Dspny6fqZRhdUB97zpVwNaE1owUtU5YT4ov717nuf5h8dhvis8ooHSjmU83l&id=100005785604108&sfnsn=scwspwa