ചങ്ങനാശ്ശേരിയിൽ പൊലീസ് ചോദ്യം ചെയ്യലിനെത്തുടർന്ന് ആത്മഹത്യ ചെയ്ത സുനിൽ കുമാറിന്റെ മൃതദേഹത്തില്‍ പരുക്കില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഇടിവോ ചതവോ ഏറ്റതിന്‍റെ പാടുകള്‍ കണ്ടെത്തിയില്ല. ചങ്ങനാശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് ഇ‍ന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത് . ദമ്പതികള്‍ മരിച്ചത് പൊലീസ് മര്‍ദനത്തെതുടര്‍ന്നെന്ന ആരോപണമുയര്‍ന്നിരുന്നു

ഇതിനിടെ ദമ്പതികളുടെ ആത്മഹത്യയില്‍ പൊലീസിനെ വീണ്ടും കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നു‍. ദമ്പതികള്‍ക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത രാജേഷിനോടും പൊലീസ് പണം ചോദിച്ചു. രാജേഷും എട്ടുലക്ഷം രൂപ നല്‍കണമെന്നു പറഞ്ഞതായി രാജേഷിന്റെ അമ്മ വിജയമ്മ  പറഞ്ഞു. പണമില്ലാത്തതിനാല്‍ വീടിന്റെ ആധാരവുമായി സ്റ്റേഷനില്‍ ചെന്നു. അപ്പോഴാണ് ദമ്പതികള്‍ മരിച്ച വിവരം അറിഞ്ഞതെന്ന് വിജയമ്മ പറഞ്ഞു.

മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം സജികുമാറെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്‍റെ ഉത്തരവാദിത്തമാണ് തലയില്‍വച്ചു കെട്ടിയതെന്നും കത്തില്‍ ആരോപണമുണ്ട്. നഷ്ട്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി എട്ട് ലക്ഷം രൂപ നല്‍കാമെന്ന് പൊലീസുകാര്‍ മര്‍ദിച്ച് എഴുതിവാങ്ങിയതായും കുറിപ്പിലുണ്ട്. സുനില്‍കുമാറിന്‍റെ ഭാര്യ രേഷ്മയാണ് ആത്മഹത്യാകുറിപ്പ് തയാറാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലെന്ന് രേഷ്മ കുറിപ്പിലെ ആദ്യവരിയില്‍ വ്യക്തമാക്കുന്നു. മരണത്തിന് ഉത്തരവാദി സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്‍റെ വീട്ടിൽ ഭര്‍ത്താവ് സുനില്‍കുമാര്‍ ജോലി ചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ പരാതി നല്‍കിയത്. ഇതില്‍ 100 ഗ്രാം സ്വര്‍ണം പലപ്പോഴായി സുനില്‍കുമാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് രേഷ്മ കുറിപ്പില്‍ സമ്മതിക്കുന്നു. എന്നാല്‍ ബാക്കിയുള്ള സ്വര്‍ണം സജികുമാര്‍ തന്നെ വീടുപണിക്കായി വിറ്റഴിച്ചു. എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങളുടെ തലയില്‍ കെട്ടിവെച്ച് പൊലീസില്‍ പരാതി നല്‍കിയെന്നാണ് കുറിപ്പിലെ ആരോപണം.

എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നൽകാമെന്ന് പൊലീസ് മർദിച്ച് സമ്മതിപ്പിച്ച് എഴുതി വെപ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതു കൊണ്ട് ഞങ്ങൾ മരിക്കുന്നു. ഞങ്ങൾ മരിക്കാൻ തീരുമാനിച്ചു. എന്നിങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് എഴുതിവെച്ച വിവരം ബന്ധുവിനെ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.

വാകത്താനത്തെ രണ്ട് മുറിയുള്ള വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ആത്മഹത്യാക്കുറിപ്പും രണ്ട് മൊബൈല്‍ഫോണുകളും കണ്ടെത്തിയത്. സ്വർണ പണിക്കാരനായ സുനിൽ ഒരു വർഷം മുൻപാണ് ചെങ്ങന്നൂർ സ്വദേശിയായ രേഷ്മയെ വിവാഹം കഴിച്ചത്.