ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ പോലീസ് കാറുകളായി ഇനി മുതൽ ബിഎംഡബ്ല്യു ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ചു കമ്പനി രംഗത്ത്. വാഹന വിൽപ്പന കൈകാര്യം ചെയ്യുന്നതിൽ ഇന്റർനാഷണൽ & സ്പെഷ്യലിസ്റ്റ് സെയിൽസ് ഡിവിഷൻ ഉൾപ്പെടെ, മേഫെയറിലെ പാർക്ക് ലെയ്ൻ ഡീലർഷിപ്പ് പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാഹന വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിയെ തുടർന്ന് റീട്ടെയിൽ, കോർപ്പറേറ്റ് ഉപഭോക്താക്കൾക്കുള്ള വിൽപ്പനയ്ക്കാണ് കമ്പനി മുൻതൂക്കം നൽകുന്നതെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
സെമികണ്ടക്റ്റേഴ്‌സ് ഉൾപ്പടെ നിരവധി പാർട്സുകളുടെ ക്ഷാമം വിപണി നിലവിൽ നേരിടുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ബിഎംഡബ്ല്യു എത്തിച്ചേർന്നതെന്നാണ് വിദഗ്ധർ പറയുന്നത്. പുതിയ തീരുമാനം യുകെയിൽ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുന്നു. ഭാവിയിൽ റീട്ടെയിൽ, കോർപ്പറേറ്റ് മേഖലകളിലെ വില്പനയ്ക്ക് ഞങ്ങൾ മുൻതൂക്കം നൽകാൻ ആഗ്രഹിക്കുന്നു. അതിനാൽ ചില മേഖലകളിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നെന്നും ബിഎംഡബ്ല്യു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ബിഎംഡബ്ല്യുവിന്റെ N57 എഞ്ചിൻ ഘടിപ്പിച്ച ബിഎംഡബ്ല്യു പട്രോൾ കാറുകൾ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഉയർന്ന വേഗതയിൽ ഉപയോഗിക്കരുതെന്ന് യുകെയിലെ പോലീസ് സേനകൾക്ക് നിർദ്ദേശം നൽകിയതിന് ഒരു വർഷത്തിന് ശേഷമാണ് ഈ വാർത്ത വരുന്നത്. എന്നാൽ നിലവിലെ തീരുമാനത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ വന്നിട്ടില്ല.
Leave a Reply