ഇന്ത്യ-ദക്ഷിണാഫ്രക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരം ഇന്ന് ജോഹന്നാസ്ബെര്‍ഗില്‍. ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ ഇന്ത്യ സമ്പൂര്‍ണ പരാജയം ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിങ് അതിവ ദുഷ്കരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയക്ക് 1.30ന് മല്‍സരം ആരംഭിക്കും.

ലോകറാങ്കിങ്ങിലെ ഒന്നാമന്‍മാരായെത്തിയ ഇന്ത്യയ്ക്കെതിരെ സമ്പൂര്‍ണ ജയമെന്ന സുവര്‍ണനേട്ടത്തിനരികെയാണ് ദക്ഷിണാഫ്രിക്ക. കേപ്ടൗണിലും സെഞ‍്ചൂറിയനിലും കോഹ്‌ലിയെയും സംഘത്തെയും തകര്‍ത്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പേസ്നിര ഉഗ്രരൂപം കൈവരിക്കും വാണ്ടറേഴ്സില്‍. വരണ്ട് ബൗണ്‍സ് നിറഞ്ഞ പരമ്പരാഗത ദക്ഷിണാഫ്രിക്കന്‍ ട്രാക്കാണ് വാണ്ടറേഴ്സിലേത്. ടീം സിലക്ഷനില്‍ പഴി ഏറെ കേട്ടതിനാല്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം ജോഹന്നാസ്ബര്‍ഗില്‍. ഇത്തവണയെങ്കിലും അജിങ്ക്യ രഹാനെ ബാറ്റിങ് ലൈനപ്പിലേക്കെത്തിയേക്കും. ആദ്യടെസ്റ്റില്‍ തിളങ്ങിയ ഭുവനേശ്വറിനെ പുറത്തിരുത്തിയത് അബദ്ധമായെന്ന തിരിച്ചറിവ് പേസ്നിരയിലെ അഴ‌ിച്ചുപണിക്ക് ഇടനല്‍കും. ഇഷാന്ത് ശര്‍മയാകും അങ്ങനെയെങ്കില്‍ പുറത്തിരിക്കുക. 3-0ന് പരമ്പര തൂത്തുവാരിയാലും റാങ്കിങ്ങില്‍ ഇന്ത്യയെ താഴെയിറക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയില്ല. എന്നാല്‍ ഒന്നാം സ്ഥാനത്തിന് തൊട്ടരികിലേക്ക് കുതിച്ചെത്താം ദക്ഷിണാഫ്രിക്കയ്ക്ക്. ഐസിസി ടീമിന്റെ പോലും ക്യാപ്ടനായ കോഹ്‌ലിക്ക് ഇനിയൊരു തോല്‍വി കൂടി താങ്ങാനാകില്ല. എന്നാല്‍ അതൊഴിവാക്കണമെങ്കില്‍ കോഹ്‌ലിക്കൊപ്പമുള്ള ബാറ്റിങ്നിരയും കഴിയുംവിധം ശ്രമിക്കണം.

എന്നാൽ വിരാട് കോഹ്‍ലിക്കെതിരെയുളള വിമർശനം തുടർന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തുടർച്ചയായി രണ്ട് ടെസ്റ്റുകൾ തോറ്റ് ഇന്ത്യ പരമ്പര അടിയറവു വച്ചതിനു പിന്നാലെയാണ് കോഹ്‍ലിയുടെ ക്യാപ്റ്റൻസിക്കെതിരായ വിമർശനം സേവാഗ് കൂടുതൽ കടുപ്പിച്ചത്. കോഹ്‍ലി കളിക്കളത്തിൽ വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടാൻ ശേഷിയുള്ള താരങ്ങൾ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലില്ല. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിവുള്ള കോഹ്‍ലി, അതേ മികവ് മറ്റു താരങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നതാണ് അദ്ദേഹത്തിന് പറ്റുന്ന പാളിച്ചയെന്നും സേവാഗ്.

തീരുമാനങ്ങളെടുക്കുന്നതിൽ ക്യാപ്റ്റനെ സഹായിക്കാനും തെറ്റു പറ്റുമ്പോൾ തിരുത്താനും കഴിവുള്ള മൂന്നോ നാലോ താരങ്ങൾ എല്ലാ ടീമിലും കാണും. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ അത്തരം താരങ്ങളുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഡ്രസിങ് റൂമിൽ കോഹ്‍ലിയുടെ ടീം തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യാൻ ശേഷിയുള്ള താരങ്ങളുണ്ടോയെന്നും സംശയമാണ്. കഴിവിന്റെ കാര്യത്തിൽ കോഹ്‍ലിക്കൊപ്പം നിൽക്കാൻ കെൽപ്പുള്ളവർ ടീമിലില്ല എന്നതു തന്നെയാണ് കാരമെന്നും സേവാഗ് കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറ്റുള്ള താരങ്ങളിൽനിന്ന് തനിക്കൊത്ത പ്രകടനം പ്രതീക്ഷിക്കുന്നതാണ് കോഹ്‍ലിയെ തെറ്റായ തീരുമാനങ്ങളിലേക്കു നയിക്കുന്നതെന്നും സേവാഗ് അഭിപ്രായപ്പെട്ടു. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവു കൈവരിച്ച താരമാണ് കോഹ്‍ലി. അതേ മികവ് മറ്റു താരങ്ങളിൽനിന്നും അദ്ദേഹം പ്രതീക്ഷിക്കുന്നതാണ് പ്രശ്നം. എന്നാൽ, കോഹ്‍ലിയുടെ അത്ര മികവ് കൈവരിക്കാൻ സാധിച്ച താരങ്ങൾ ടീമിലില്ല താനും. ഇതാണ് കോഹ്‍ലിയുടെ ക്യാപ്റ്റൻസിയെ ബാധിക്കുന്നെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

തന്നെപ്പോലെ തന്നെ കളിക്കാനാണ് മറ്റു താരങ്ങളോടും കോഹ്‍ലി ആവശ്യപ്പെടുന്നത്. ഇതാണ് അദ്ദേഹം അവരിൽനിന്ന് പ്രതീക്ഷിക്കുന്നതും. അതിൽ തെറ്റൊന്നും പറയാനുമില്ല. സച്ചിൻ ക്യാപ്റ്റനായിരുന്ന സമയത്ത് മറ്റുള്ളവരോട് റൺസ് നേടണമെന്ന് ആവശ്യപ്പെട്ടിരുന്നത് എനിക്ക് ഓർമയുണ്ട്. എനിക്ക് സാധിക്കുമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്കു പറ്റുന്നില്ല എന്നാണ് ഈ നിലപാടിന്റെ അർഥമെന്നും സേവാഗ് വിശദീകരിച്ചു.

ആദ്യ രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനെ തിരഞ്ഞെടുത്തതിൽ കോഹ്‍ലിക്ക് പിഴവു സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി സേവാഗ് മുൻപും രംഗത്തെത്തിയിരുന്നു. രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാൽ കോഹ്‍ലി ടീമിൽനിന്ന് മാറിനിൽക്കണമെന്നു പോലും സേവാഗ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോഹ്‍ലിയുടെ തെറ്റു ചൂണ്ടിക്കാട്ടാൻ ശേഷിയുള്ളവർ ഇപ്പോഴത്തെ ടീമിലില്ലെന്ന വിമർശനം. കോഹ്‍ലിയുടെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന ചില താരങ്ങൾ ടീമിന് ആവശ്യമാണെന്നും ഒരു ടിവി ഷോയിൽ പങ്കെടുക്കവെ സേവാഗ് അഭിപ്രായപ്പെട്ടു.