ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- അഫ് ഗാനിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി വളരുന്നത് കാണുവാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. താലിബാൻ കാബൂൾ പിടിച്ചടക്കിയതിനെ തുടർന്ന്, ബ്രിട്ടനിൽ നടന്ന കോബ്രാ കമ്മിറ്റിയുടെ അടിയന്തര മീറ്റിങ്ങിനു ശേഷമാണ് ബോറിസ് ജോൺസൻ ഈ പ്രസ്താവന നടത്തിയത്. വളരെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് കാര്യങ്ങൾ കടന്നുപോകുന്നതെന്നും, കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ് ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി യുകെ പാർലമെന്റ് ബുധനാഴ്ച അടിയന്തര യോഗം കൂടും. രാജ്യത്തിന്റെ പൂർണ്ണനിയന്ത്രണം താലിബാൻ ഏറ്റെടുക്കാനിരിക്കെ, പ്രസിഡന്റ് അഷ്‌റഫ്‌ ഖാനി രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ അതിരൂക്ഷമാണെന്ന് ബോറിസ് ജോൺസൺ ശക്തമായി അഭിപ്രായപ്പെട്ടു. അഫ് ഗാനിസ്ഥാനിലുള്ള ബ്രിട്ടീഷ് പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് രാജ്യത്തിന്റെ ആദ്യ കടമയെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ് ഗാനിസ്ഥാനിൽ ഇപ്പോഴും തുടരുന്ന ബ്രിട്ടീഷ് അംബാസിഡർ രാപകലില്ലാതെ ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. താലിബാന്റെ ഭരണത്തെ മറ്റു രാജ്യങ്ങൾ ഒന്നും തന്നെ അംഗീകരിക്കുന്നില്ലെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ് ഗാനിസ്ഥാനിൽ പുതിയൊരു ഭരണം രൂപപ്പെടുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്, അത് എങ്ങനെയായിരിക്കുമെന്നത് പ്രവചനാതീതമാണ്. നിലവിൽ പ്രസിഡൻഷ്യൽ കൊട്ടാരം താലിബാൻ പിടിച്ചടക്കി എന്നാണ് റിപ്പോർട്ടുകൾ.

യു എൻ സെക്യൂരിറ്റി കൗൺസിലിനോടും, മറ്റു നാറ്റോ രാജ്യങ്ങളോടും ഒപ്പം ചേർന്ന് അഫ് ഗാനിസ്ഥാനിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന് ആവശ്യമായ എല്ലാ നടപടികളിലും ബ്രിട്ടന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഫ് ഗാനിസ്ഥാനിൽ നിന്നും സൈനികരെ പിൻവലിക്കാനുള്ള യുഎസ് തീരുമാനമാണ് ഇപ്പോൾ ഇത്തരത്തിൽ താലിബാന്റെ വളർച്ചയ്ക്ക് കാരണമായത്. ബ്രിട്ടൻ നയതന്ത്ര ഇടപെടൽ കുറച്ചെങ്കിലും, ഇപ്പോഴും ബ്രിട്ടീഷ് അധികാരികൾ അഫ് ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ടെന്ന് യുകെ ഫോറിൻ, കോമൺവെൽത്ത് ഡെവലപ്മെന്റ് ഓഫീസ് വ്യക്തമാക്കി. അഫ് ഗാനിസ്ഥാൻ ഉള്ള ബ്രിട്ടീഷ് പൗരന്മാരെ എല്ലാവരേയും നാട്ടിൽ എത്തിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.