ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതിയതായി നികുതികൾ അവതരിപ്പിക്കാൻ സർക്കാരിന് നിലവിൽ പരിപാടി ഒന്നും ഇല്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. എന്നാൽ അതിനുള്ള സാഹചര്യം പൂർണ്ണമായും തള്ളി കളയാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പലപ്പോഴും രാജ്യതാത്പര്യത്തെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ജനപ്രിയമാകുമെന്ന് കരുതാനാവില്ലെന്ന് ബഡ്ജറ്റിലെ നികുതി നിർദേശങ്ങളെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ വോട്ടർമാർക്ക് തങ്ങളുടെ ജീവിതനിലവാരം ഉയർന്നുവോ എന്നത് അടുത്ത പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചാൻസലർ റേച്ചൽ റീവ്സ് ഒക്ടോബറിലെ തൻ്റെ ആദ്യ ബജറ്റിൽ പൊതു ചെലവിൽ 70 ബില്യൺ പൗണ്ടിൻ്റെ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. അതിൽ പകുതിയിലേറെയും കണ്ടെത്തുന്നത് നികുതി വർദ്ധനവിലൂടെയാണ്. നികുതി വർദ്ധനവിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്നത് ബിസിനസുകാർക്കാണ്. എന്നാൽ തൊഴിൽ ഉടമകളുടെ മേൽ ചുമത്തുന്ന നികുതിഭാരം ആത്യന്തികമായി തൊഴിലാളികൾക്കാണ് ദോഷം ചെയ്യുക എന്ന വിമർശനം ശക്തമാണ്. നികുതി വർദ്ധനവ് മൂലം ശമ്പള വർധനവും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് തൊഴിലുടമകൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ദേശീയ ഇൻഷുറൻസ് വർദ്ധനവിലൂടെ പണം കണ്ടെത്താനുള്ള സർക്കാരിന്റെ തീരുമാനം തൊഴിൽ മേഖലയിൽ എങ്ങനെ പ്രതിഫലിക്കും എന്ന കാര്യത്തിൽ ആശങ്ക ശക്തമാണ്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി തൻറെ സർക്കാരിൻറെ കാലയളവിൽ നടപ്പാക്കാൻ ലക്ഷ്യം വയ്ക്കുന്ന പ്രധാന നാഴിക കല്ലുകൾ രാജ്യത്തിന് മുമ്പാകെ അവതരിപ്പിച്ചു. ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച 6 സുപ്രധാന നാഴിക കല്ലുകളിലും കുടിയേറ്റം കുറയ്ക്കുന്നത് ഉൾപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമായി. പ്രധാനമായും കുടിയേറ്റ വിരുദ്ധ വികാരം ഇളക്കി വിട്ടാണ് ലേബർ പാർട്ടി ജനപിന്തുണ നേടിയെടുത്തത്. കുടിയേറ്റം കുറയ്ക്കുക എന്നത് പ്രധാന നാഴിക കല്ലുകളിൽ ഉൾപെടാത്തതിനെ കുറിച്ച് കടുത്ത വിമർശനം വരും ദിവസങ്ങളിൽ ഉയർന്നു വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ കുടിയേറ്റം കുറയ്ക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അത് സർക്കാർ ചെയ്തിരിക്കുമെന്നാണ് ഇതിനോട് കെയർ സ്റ്റാർമർ പ്രതികരിച്ചത്. പ്രധാനമായും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, 1.5 മില്യൺ വീടുകളും 150 പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുക, എൻഎച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുക, 13000 അധിക ഓഫീസർമാരെ നിയമിച്ച് പോലീസിനെ കൂടുതൽ സജ്ജമാക്കുക, കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച സർക്കാരിന്റെ ലക്ഷ്യങ്ങൾ. തൻറെ ഭരണ കാലാവധി തീരുന്നതിന് മുൻപ് 1.5 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അതിമോഹമാണെങ്കിലും അത് നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം സർക്കാരിന് ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Leave a Reply