ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒന്നരവർഷം മുമ്പ് മാത്രമാണ് ഷാജി മാത്യു യുകെയിലെത്തിയത്. എന്നാൽ ഈ സമയം കൊണ്ട് തന്നെ അദ്ദേഹം നല്ല സുഹൃത് വലയം സൃഷ്ടിക്കുകയും സുഹൃത്തുക്കളുടെ മനസ്സിൽ കുടിയേറുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് തങ്ങളുടെ പ്രിയ സുഹൃത്ത് ഷാജി മാത്യുവിന് യാത്രാമൊഴിയേകാൻ ഇന്നലെ എത്തിച്ചേർന്നത്. ഇന്നലെ ഞായറാഴ്ച 12. 15 മുതൽ 2. 30 വരെയാണ് യുകെയിലെ പ്രിയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷാജി മാത്യുവിന് യാത്രാമൊഴിയേകാനുള്ള പൊതുദർശനത്തിനായി സമയം ക്രമീകരിച്ചിരുന്നത്. ഔവർ ലേഡി ഓഫ് ദ റോസ്മേരി ആൻഡ് സെന്റ് ലൂക്കിലാണ് പൊതുദർശനം നടത്തിയത് .

യാക്കോബായ സഭയിലെ അഭിവന്ദ്യ തിരുമേനി പ്രാർത്ഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. ഒട്ടേറെ വൈദിക പ്രമുഖരും ഷാജി മാത്യുവിന്റെ ഭാര്യ ജൂബിയെയും മക്കളെയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. ഷൂസ്ബറി ഹോസ്പിറ്റലിലെ നേഴ്സായ ഭാര്യ ജൂബിയെയും എട്ടും പതിനൊന്നും വയസ്സുള്ള നെവിൻ ഷാജിയേയും കെവിൻ ഷാജിയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും .

നവംബർ 26-ാം തീയതിയാണ് ഷൂസ് ബറിയിൽ താമസിക്കുന്ന ഷാജി മാത്യു (46) ഹൃദയാഘാതം മൂലം പെട്ടെന്ന് മരണമടഞ്ഞത്. നാട്ടിൽ മൂവാറ്റുപുഴ തൃക്കളത്തൂർ പുന്നൊപ്പടി കരിയൻചേരിയിൽ കുടുംബാംഗമാണ് പരേതൻ. കെ എം മത്തായിയും സൂസനുമാണ് ഷാജിയുടെ മാതാപിതാക്കൾ .

ഷാജി മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിച്ച് സംസ്കാര ശുശ്രൂഷകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യുകെയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 

ഷാജി മാത്യുവിന്റെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ കുടുംബത്തിന് അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ഫോട്ടോ കടപ്പാട് : രഞ്ജിൻ വി സ്ക്വയർ ടിവി