ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിംഗ്ടൺ : ചൈന ചെയ്തതുപോലെ ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (എസ്ഇസി) പദ്ധതിയില്ലെന്ന് തുറന്ന് പറഞ്ഞ് ചെയർമാൻ ഗാരി ജെൻസ്ലർ. ക്രിപ്റ്റോകറൻസികൾ നിരോധിക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് ഹൗസ് കമ്മിറ്റി ഫിനാൻഷ്യൽ സർവീസസ് മുമ്പാകെ നടന്ന ഒരു വിചാരണയ്ക്കിടെയാണ് ജെൻസ് ലർ ഇക്കാര്യം വ്യക്തമാക്കിയത്. നോർത്ത് കരോലിനയിൽ നിന്നുള്ള പ്രതിനിധിയായ ടെഡ് ബഡ് ആണ് ക്രിപ്റ്റോകറൻസി നിരോധനത്തെപ്പറ്റി ചോദ്യം ഉന്നയിച്ചത്. ക്രിപ്റ്റോകറൻസികൾക്കെതിരായ ചൈനയുടെ അടിച്ചമർത്തൽ പ്രവർത്തനങ്ങൾ ജെൻസ് ലർ സൂചിപ്പിച്ചു.
ക്രിപ്റ്റോകറൻസി ട്രേഡിംഗിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ചൈനയിലെ ബാങ്കുകളെയും പേയ്മെന്റ് സ്ഥാപനങ്ങളെയും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ആഹ്വാനം ചെയ്തുകൊണ്ടുളള അറിയിപ്പ് മാസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു. 2017 ൽ ചട്ടങ്ങളിൽ വരുത്തിയ മാറ്റത്തിലൂടെ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ചൈനയിൽ നിന്ന് പുറന്തള്ളപ്പെട്ടു. ബിറ്റ് കോയിൻ വ്യാപാരത്തിനും ഖനനത്തിനുമുള്ള നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ അറിയിച്ചിരുന്നു.
എന്നാൽ തങ്ങളുടെ സമീപനം തികച്ചും വ്യത്യസ്തമാണെന്ന് ജെൻസ്ലർ വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിനുള്ള നിയമങ്ങൾ, നികുതി പാലിക്കൽ തുടങ്ങിവ ക്രിപ്റ്റോയ്ക്കും ബാധകമാണ്. ഇത് ഉറപ്പുവരുത്തേണ്ടതിന്റെ ചുമതല ട്രഷറി വകുപ്പിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിപ്റ്റോയുടെ നിരോധനം കോൺഗ്രസിനെ ആശ്രയിച്ചിരിക്കും. ക്രിപ്റ്റോകറൻസികളുടെ ഉപയോഗം നിരോധിക്കാനോ പരിമിതപ്പെടുത്താനോ ഉദ്ദേശ്യമില്ലെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും പറഞ്ഞിരുന്നു.
Leave a Reply