എന്‍.ഡി.എയുടെ ഭാഗമല്ലാത്ത ബിജു ജനതാദള്‍, വൈ.എസ്‌.ആര്‍.സി.പി. എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ സ്‌ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയത്തിനു കളമൊരുങ്ങി. ഇലക്‌ടറല്‍ കോളജില്‍ മൊത്തം 1,086,431 വോട്ടാണുള്ളത്‌. ഇതില്‍ എന്‍.ഡി.എയ്‌ക്കുള്ളത്‌ 5,32,351 വോട്ട്‌ (49 %). ഭൂരിപക്ഷത്തിന്‌ 20,000 വോട്ടിന്റെ കുറവ്‌.

31,686 വോട്ടുള്ള ബി.ജെ.ഡിയും 45,550 വോട്ടുള്ള വൈ.എസ്‌.ആര്‍.സി.പിയും 14,940 വോട്ടുള്ള എ.ഐ.എ.ഡി.എം.കെയും മുര്‍മുവിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ബി.ജെ.ഡി., വൈ.എസ്‌.ആര്‍.സി.പി. എന്നിവയില്‍ ഒന്നിന്റെ പിന്തുണ തന്നെ മുര്‍മുവിന്റെ വിജയം ഉറപ്പാക്കും. ഒഡീഷയില്‍നിന്നുള്ള എല്ലാ നിയമനിര്‍മാതാക്കളും പാര്‍ട്ടിഭേദമന്യേ “ഒഡീഷയുടെ മകളെ” പിന്തുണയ്‌ക്കണമെന്നു മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌ അഭ്യര്‍ഥിച്ചിരുന്നു. ഒഡീഷയില്‍നിന്നുള്ള ഗോത്രവര്‍ഗ വനിതയാണ്‌ മുന്‍ ഝാര്‍ഖണ്ഡ്‌ ഗവര്‍ണറായ ദ്രൗപദി മുര്‍മു. മുന്നണിക്കു പുറത്തുനിന്ന്‌ ഝാര്‍ഖണ്ഡ്‌ മുക്‌തി മോര്‍ച്ച അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയും എന്‍.ഡി.എ. പ്രതീക്ഷിക്കുന്നു. ഗോത്രവര്‍ഗ സന്താള്‍ വിഭാഗത്തില്‍നിന്നുള്ള മുര്‍മുവിനെ എതിര്‍ക്കാന്‍ ഗോത്രവര്‍ഗ നേതൃത്വത്തിലുള്ള ജെ.എം.എം. തയാറല്ല. മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സൂചനകള്‍ ജെ.എം.എം. വ്യക്തമാക്കിയതോടെ ഇന്നലെ സ്വന്തം സംസഥാനമായ ഝാര്‍ഖണ്ഡില്‍നിന്ന് പ്രചാരണം ആരംഭിക്കാനിരുന്ന പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ യാത്ര മാറ്റിവയ്ക്കാൻ നിർബന്ധിതനായി.

ശിരോമണി അകാലിദള്‍, തെലുങ്കുദേശം പാര്‍ട്ടി, ബി.എസ്‌.പി. തുടങ്ങിയവയും മുര്‍മുവിനെ പിന്തുണയ്‌ക്കുമെന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി. വിരുദ്ധ പാര്‍ട്ടികളില്‍നിന്നുള്ളവര്‍പോലും മുര്‍മുവിന്‌ വോട്ട്‌ ചെയ്‌തേക്കുമെന്നാണു ബി.ജെ.പിയുടെ വിലയിരുത്തല്‍. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ രഹസ്യവോട്ടാണ്‌.

ഏക്‌നാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ വിമതപക്ഷത്തിന്റെ വോട്ടും എന്‍.ഡി.എ. പ്രതീക്ഷിക്കുന്നു. മുര്‍മുവിന്റെ സ്‌ഥാനാര്‍ഥിത്വത്തെ ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ്‌ കുമാര്‍ സ്വാഗതം ചെയ്‌തതോടെ അദ്ദേഹത്തിന്റെ നിലപാട്‌ സംബന്ധിച്ച അഭ്യൂഹങ്ങളും അവസാനിച്ചു. അഗ്നിപഥ്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങളെച്ചൊല്ലി ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ്‌ കുമാര്‍ എന്തുനിലപാട്‌ സ്വീകരിക്കുമെന്നു സംശയമുയര്‍ന്നിരുന്നു. 543 ലോക്‌സഭാംഗങ്ങളും 233 രാജ്യസഭാംഗങ്ങളും 4,033 നിയമസഭാംഗങ്ങളും അടങ്ങുന്നതാണ്‌ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്‌ടറല്‍ കോളജ്‌. പാര്‍ലമെന്റ്‌ അംഗങ്ങളുടെ ആകെ വോട്ട്‌ മൂല്യം 5,43,200. നിയമസഭാംഗങ്ങളുടേത്‌ 5,43,231. മൊത്തം വോട്ട്‌ മൂല്യം 1086431.

അതിനിടെ ഇന്നലെ ന്യൂഡല്‍ഹിയിലെത്തിയ ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി. എന്‍.ഡി.എയുടെ രാഷ്‌ട്രപതിസ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇന്നലെയാണ്‌ മുര്‍മു ആദ്യമായി തലസ്‌ഥാനത്തെത്തിയത്‌.
രാജ്യമെമ്പാടുമുള്ള മുഴുവന്‍ ജനസമൂഹവും മുര്‍മുവിന്റെ സ്‌ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി കൂടിക്കാഴ്‌ചയില്‍ പറഞ്ഞു. പിന്നീട്‌ അമിത്‌ ഷാ അടക്കമുള്ള ബി.ജെ.പിയിലെ ഉന്നത നേതാക്കളെയും മുര്‍മു സന്ദര്‍ശിച്ചു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക മുര്‍മു ഇന്നു സമര്‍പ്പിച്ചേക്കുമെന്നാണു സൂചന.