ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെറും ആറുമാസം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി യുവാവ് മരണമടഞ്ഞു. യുകെയിലെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ കുടുംബവുമായി താമസിച്ചിരുന്ന നോബിൾ ജോസാണ് 42 -ാം മത്തെ വയസ്സിൽ അകാലത്തിൽ നിര്യാതനായത്. കോഴിക്കോട് മറുതോക്കര വള്ളിക്കുന്നേൽ കുടുംബാംഗമാണ് നോബിൾ ജോസ്.
ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം നോബിൾ മരിക്കുകയായിരുന്നു. രാവിലെ ഭാര്യ അജിന വിളിച്ചിട്ടും ഉണരാതെ കിടന്നതിനെ തുടർന്ന് എമർജൻസി സർവീസുകളെ വരുത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നോബിളിന് രണ്ട് വർഷം മുമ്പ് വൃക്ക മാറ്റി വയ്ക്കൽ നടത്തിയിരുന്നു. അതുൾപ്പെടെയുള്ള കടബാധ്യതകൾ തീർക്കുന്നതിനായാണ് നോബിളും ഭാര്യ അജിനയും യുകെയിലെത്തിയത്. മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. കഴിഞ്ഞദിവസം പതിവായുള്ള ആരോഗ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നതിനാൽ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
മാനന്തവാടി തുടിയൻ പറമ്പിൽ കുടുംബാംഗമായ ഭാര്യ അജിന ജോസ് വെസ്റ്റ് കുംബ്രിയ ലാൻഡിലെ ഹോസ്പിറ്റലിൽ നേഴ്സാണ്. ജോഹാൻ ( 12 ) അലിഷ (10) എന്നിവരാണ് മക്കൾ. വൈറ്റ് ഹാവാനിൽ ചർച്ച് വ്യൂ നേഴ്സിംഗ് ഹോസ്പിറ്റലിൽ ആയിരുന്നു നോബിൾ ജോലി ചെയ്തിരുന്നത്. 8 മാസം മുമ്പാണ് അജിന യുകെയിലെത്തിയത്. തുടർന്നാണ് നോബിളും മക്കളും യുകെയിലെത്തിയത്.
യുകെയിലെത്തി ചുരുങ്ങിയ കാലയളവിൽ തന്നെ ഇവിടുത്തെ മലയാളി സമൂഹത്തിൽ നോബിൾ ചിരപരിചിതനായിരുന്നു. വൈറ്റ് ഹാവനിലെ കെൻസ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന നോബിൾ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നതിനും പ്രാർത്ഥനാ കൂട്ടായ്മകളിലും സജീവമായി പ്രവർത്തിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു. സിറോ മലബാർ മിഷൻ വൈദികനായ ഫാ. അജീഷ് കുമ്പുക്കൽ ഇന്ന് നോബിളിന്‍റെ ഭവനത്തിൽ ഒപ്പീസ് ചൊല്ലുകയും പ്രാർഥനകൾക്കു നേതൃത്വം നല്കുകയും ചെയ്യും. കേരളത്തിൽ തന്റെ മാതൃ ഇടവകയായ മരുതോക്കര സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന നോബിളിനെ കുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുള്ളൂ.
നോബിൾ ജോസിന്റെ അകാല നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply