നോക്കുകൂലി നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വാനോളം പുകഴ്ത്തി കെഎം മാണി. കേരള കോണ്‍ഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തിലാണ് മാണി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ നോക്കുകൂലി നിരോധന ഉത്തരവ് സംസ്ഥാനത്ത് സ്വസ്ഥതയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും സൂര്യോദയത്തിന് കാരണമാകുമെന്നാണ് കെ എം മാണി ലേഖനത്തില്‍ പറയുന്നത്. നോക്കുകൂലിക്കെതിരെ സമൂഹത്തില്‍ രൂപപ്പെട്ടുവരുന്ന കടുത്ത പ്രതിഷേധമാണ് മുഖ്യമന്ത്രിയെ നോക്കുകൂലി നിരോധനത്തിലേക്ക് എത്തിച്ചത്. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോഴും നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നതും കെ എം മാണി ലേഖനത്തില്‍ എടുത്തു പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പിണറായി വിജയനെയും സര്‍ക്കാരിനെയും പുകഴ്ത്തി അദ്ദേഹം ലേഖനം എഴുതിയത്. ഇതോടെ, ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ ഇടതുപക്ഷത്തിന് തന്നെയായിരിക്കുമെന്ന് വ്യക്തമായി.

നാളെ ചേരുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയില്‍ ഇടത് മുന്നണിക്ക് പിന്തുണ നല്‍കുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. മാണിയുടെ ഇടതുപക്ഷ പ്രവേശനം സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സിപിഐ ഈ നീക്കത്തെ എതിര്‍ക്കുന്നുണ്ട്. അഴിമതിയുടെ കറയുള്ള ഒരാളെ മുന്നണിയില്‍ അണിചേര്‍ക്കേണ്ടെന്ന നിലപാടാണ് ഇക്കാര്യത്തില്‍ സിപിഐക്കുള്ളത്.

ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം മാണിയുടെ മുന്നണി വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍.