ഫാ.ഹാപ്പി ജേക്കബ്
പ്രവചന പൂര്‍ത്തീകരണം താന്‍ അരുളിച്ചെയ്തത് പോലെ ഇന്ന് സംഭവിക്കുകയാണ്. ഹൃദയം നുറുങ്ങി തന്റെ വേദനകളുടെ പാരമ്യത്തില്‍ ഇന്ന് പെസഹാദിനത്തില്‍ അരുളി ചെയ്തത് പോലെ തന്റെ ശരീരം കാല്‍വരിയില്‍ മുറിക്കപ്പെടുകയാണ്. തന്റെ ദൗത്യം പൂര്‍ത്തീകരിക്കുന്ന അതുല്യമായ ഓര്‍മ്മയുടെ ദിനം. പഴയ നിയമ കാലങ്ങളില്‍ തുടര്‍ന്നുവന്ന എല്ലാ ബലികളേയും ഇന്ന് തന്റെ യാഗം മൂലം മാറ്റപ്പെടുകയാണ്. വലിയ പിതാവായ അബ്രഹാം തന്റെ ഏകജാതനായ പുത്രന്റെ യാഗം കഴിക്കുവാന്‍ കൊണ്ടുപോകുന്ന അനുഭവം ഇന്ന് പുനരാവിഷ്കരിക്കുകയാണ് ഇന്ന്. യാഗം കഴിക്കുന്ന ആളും യാഗവസ്തുവും സ്വീകരിക്കുന്ന ആളും എല്ലാം ഒരാളാകുന്ന അത്യപൂര്‍വ്വ യാഗം.
തന്റെ ജീവിതം മുഴുവന്‍ കൂടെ ഉണ്ടായിരുന്നവര്‍ തന്നെ ഒറ്റികൊടുക്കുന്നു. അനേകര്‍ക്ക് ആശ്വാസം നല്കിയവന് ഇന്ന് അടിയും പീഡയും ഏല്ക്കുന്നു. സ്നേഹവും സൗഖ്യവും പകര്‍ന്നു നല്കിയവന് ഇന്ന് നിന്ദയും തൂവലും ഏല്ക്കുന്നു. കൂടിവരവിന്റേയും ഐക്യത്തിന്റേയും സുവിശേഷം കേട്ടവര്‍ ഇന്ന് ഓടിപ്പോകുന്നു. ന്യായം വിധിച്ചവന് ആരും ഒരു കുറ്റവും കണ്ടില്ലെങ്കിലും ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. നമുക്ക് വേണ്ടി നമ്മുടെ പാപങ്ങള്‍ക്കും തിന്മകള്ക്കും വേണ്ടി അവന് ഈ കഷ്ടതകള്‍ എല്ലാം ഏല്ക്കുന്നു. അന്ധകാരത്തില്‍ നിന്നും ഭരണത്തില്‍ നിന്നും ഉള്ള വീണ്ടെടുപ്പ് നമ്മുടെ കര്‍ത്താവ് നമുക്കായി സാധ്യമാക്കി തന്നു.
ഇത് ഒരു അനുസ്മരണമല്ല. അവനെ ക്രൂശിക്ക എന്നോര്‍ത്ത് വിളിച്ച ജനസമൂഹമല്ലേ നമ്മുടെ സാന്നിധ്യം കാട്ടിത്തരുന്നത്. എല്ലാ അനുഗ്രഹങ്ങളും ലഭിച്ചു എങ്കിലും, ഏതാണെങ്കിലും നാം ഓര്‍ക്കുന്നുണ്ടോ. പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് അറിവായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ എന്ന് നമ്മുടെ കര്‍ത്താവ് പ്രതിവചിച്ച വചനം ഇന്നും പ്രസക്തമല്ലേ. അറിഞ്ഞും അറിയാതെയും നാം ചെയ്തുകൂട്ടുന്ന പാപം എത്ര അധികം എന്ന് ഇന്നെങ്കിലും ഉയര്‍ത്തപ്പെട്ട ക്രൂശിനെ നോക്കി അനുതപിക്കുക.
ക്രൂശിന്റെ സാന്നിധ്യം സ്നേഹസൂചകമാണ്, അത് സമാധാന പ്രതീകമാണ്, പ്രത്യാശയാണ് നമ്മുടെ ധൈര്യമാണ്. പിശാചിന്റെ ബന്ധനത്തില്‍ നിന്നും വീണ്ടെടുത്ത ആയുധമാണ്. പ്രകൃതി വിറച്ചു, പാറകള്‍ പിളര്‍ന്നു, തിരശ്ശീല ചിന്തിപോയി, ദേശത്തെങ്ങും അന്ധകാരം നിറഞ്ഞു എന്നു വേദഭാഗങ്ങളില്‍ നാം മനസിലാക്കുമ്പോള്‍ പ്രകൃതി പോലും തന്റെ സൃഷ്ടാവിന്റെ അനുഭവങ്ങളില്‍ ചലിക്കപ്പെടുന്നു. എന്നിട്ടും നാം എന്തേ കഠിനമായ ഹൃദയങ്ങളെ അനുതാപചൂടില്‍ ഉരുക്കി കളയുവാന്‍ ശ്രമിക്കാത്തത്.
ഒരു നിമിഷം ആ ക്രൂശിലേക്ക് നമ്മുടെ ദൃഷ്ടി പതിപ്പിക്കാം. എനിക്ക് വേണ്ടി എന്റെ കര്‍ത്താവ് അനുഭവിച്ച വേദനകളെ സ്മരിക്കാം. എന്റെ പാപങ്ങളെ കഴുകി കളഞ്ഞ കാല്‍വരിയില്‍ ഒഴുക്കപ്പെട്ട തിരുരക്തത്തിന്റെ വില മനസിലാക്കാം.
ഭയത്തെ ദൂരീകരിച്ച്, സ്നേഹകൂട്ടായ്മയില്‍ ഒരുമിച്ച് ദൈവപ്രതിയാല്‍ നമുക്ക് കൂടി വരാം. അവന്റെ രക്ഷണ്യ പ്രവര്‍ത്തനങ്ങളെ വാഴ്ത്താം. ഇനി ഞാന്‍ അവനുള്ളവന്‍ എന്ന് മനസുകൊണ്ട് തീരുമാനിക്കാം. നമ്മുടെ പാപങ്ങളെ മരണത്തിനായി വിട്ടുകൊടുത്ത് നമ്മുടെ കര്‍ത്താവിനൊപ്പം പുതിയവരായി തീരുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഞാന്‍ ക്രിസ്തുവിനോടു കൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നത് ഞാനല്ല; ക്രിസ്തുവാരോ എന്നില്‍ ജീവിക്കുന്നു.
കാല്‍വരി യാഗത്തില്‍ വീണ്ടെടുക്കപ്പെട്ട് വിലക്ക് വാങ്ങപ്പെട്ടവരായ നാം അവനുള്ളവരായി ജീവിക്കാം.
ദൈവം അനുഗ്രഹിക്കട്ടെ
ഹാപ്പി ജേക്കബ് അച്ചന്
Leave a Reply