കൊച്ചി: ഹനാനെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപത്തിന് തുടക്കമിട്ട നൂറുദ്ദീന്‍ ഷെയ്ക്ക് പിടിയില്‍. കൊച്ചി സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇയാളാണ് ഹനാന്റെ മത്സ്യ വ്യാപാരം ഒരു സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണെന്ന് ആദ്യമായി പ്രചരിപ്പിക്കുന്നത്. ഇയാള്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഹനാന് നേരെ അസഭ്യ വര്‍ഷമുണ്ടായത്.
ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി. 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചനകള്‍. ഹനാനെതിരെ അപവാദ പ്രചരണവും തെറിവിളിയും നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള അസി.കമ്മീഷണര്‍ ലാല്‍ജി വ്യക്തമാക്കി.
ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടത്തിയവരെ പിടികൂടണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തു.
Leave a Reply