ദുബായ് ∙ കേരളീയരായ പ്രവാസികളുടെ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു മാസത്തിനുള്ളിൽ യുഎഇയിലും നിയമസഹായ പദ്ധതി ആരംഭിക്കും. യുഎഇയിൽ മൂന്നിടങ്ങളിൽ ലീഗൽ കൺസൽറ്റന്റിനെ നിയമിക്കാനാണു പദ്ധതി. ഇന്ത്യയ്ക്കു വെളിയിൽ ഏറ്റവുമധികം മലയാളികൾ താമസിക്കുന്ന രാജ്യം എന്ന നിലയിലാണു യുഎഇയിൽ മൂന്നിടങ്ങളിൽ കൺസൽറ്റന്റുമാരെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് നിയമനം നടത്തുക. ഒരോ സ്ഥലത്തും ഒന്നോ രണ്ടോ പേരെ നിയമിക്കാൻ ആലോചിക്കുന്നുണ്ട്. കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ നിയമച്ചതിനു പിന്നാലെയാണ് യുഎഇയിലും ലീഗൽ കൺസൽട്ടന്റിനെ നിയമിക്കുന്നത്.
ക്രിമിനൽ കുറ്റത്തിൽ ഇടപെടില്ല
ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് സഹായം നൽകാൻ നിയമപരമായ പരിമിതികളുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് ശിക്ഷാ കാലാവധിയുടെ ബാക്കി ഭാഗം നാട്ടിലെ ജയിലിൽ കഴിയാൻ അനുവദിക്കുന്ന വ്യവസ്ഥ ഇതിന്റെ പരിധിയിൽ വരുന്നതല്ല. അതു രാജ്യങ്ങൾ തമ്മിലുള്ള കുറ്റവാളി കൈമാറ്റത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്.
കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്.
സഹായം തേടാം
പാസ്പോര്‍ട്ടും സാധുവായ തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്‍റെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്കോ സഹായം തേടാം.തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമ സഹായം നല്‍കും.
നിയമസഹായം, ബോധവൽക്കരണം
ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് നിയമ സഹായം ലഭിക്കും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം, നഷ്ടപരിഹാര,ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ
അപേക്ഷ നോർക്ക വഴി
പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്‍റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, ceo@norkaroots.net, ceonorkaroots@gmail.com എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം www.norkaroots.org–ല്‍ ലഭിക്കും. ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
ഭാഷകൊണ്ടുള്ള പ്രശ്നങ്ങൾ, സമയത്തിന് സഹായം എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ, വീട്ടുകാരുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ കൈമാറുന്നതിലെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനാണ് പ്രധാനമായും ശ്രമിക്കുന്നത് -നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി
Leave a Reply