ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ നോറോ വൈറസ് കേസുകൾ പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കണക്കുകൂട്ടിയതിലും ഇരട്ടിയിലധികം കേസുകൾ കണ്ടെത്തിയത് കടുത്ത ആശങ്ക ഉളവാക്കുന്നതായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ച ശരാശരി 898 നോറോ വൈറസ് പോലുള്ള ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ പ്രവേശിച്ചിരിപ്പിക്കുന്നതായാണ് എൻഎച്ച് എസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പുതിയ ജനിതകമാറ്റം വന്ന വൈറസുകളുടെ ആവിർഭാവം ഇത്തരം കേസുകളുടെ എണ്ണം കൂട്ടുന്നതിന് കാരണമാകുന്നതായും സംശയം ഉയർന്നിട്ടുണ്ട് . ഊർജ്ജിത പരിശോധനകൾ നടക്കുന്നതാണ് രോഗം ബാധിച്ചവരുടെ കണക്കുകൾ വർധിക്കുന്നതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ച വൈറസ് ബാധിതരുടെ എണ്ണം ഉയർന്നത് ആശുപത്രികൾക്ക് കടുത്ത സമ്മർദ്ദമായിരുന്നു എന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. ശരാശരി 96% മുതിർന്നവരുടെ കിടക്കകളും നിറഞ്ഞിരിക്കുകയാണ് . പ്രതിദിനം 97,567 രോഗികൾ ആണ് ആശുപത്രിയിൽ കഴിയുന്നത് .
പുറത്തുവരുന്ന കണക്കുകൾ നോറോ വൈറസ് കേസുകളുടെ ചെറിയ ഒരു ശതമാനം മാത്രമേ ഉള്ളൂവെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരു കേസ് കണ്ടുപിടിക്കപ്പെടുമ്പോൾ ഏകദേശം 258 എണ്ണം റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. ഏകദേശം 3 ദശലക്ഷം നോറോ വൈറസ് കേസുകൾ ഈ ഗണത്തിൽ വരുമെന്നാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് പാൻഡെമിക്കിനെ തുടർന്ന് പകർച്ചവ്യാധിയിലെ മാറ്റങ്ങൾക്കൊപ്പം അസാധാരണമായ ഒരു നോറോവൈറസ് ജനിതക രൂപം ഉയർന്നുവരുന്നതും കേസുകളുടെ വർദ്ധനവിന് കാരണമാകുന്നുണ്ട്. നിലവിൽ ഈ ജനിതകരൂപം കൂടുതൽ ഗുരുതരമായ രോഗത്തിലേയ്ക്ക് നയിക്കുന്നതായി സൂചനയില്ല. ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയാണ് നോറോവൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങൾ .
Leave a Reply