ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ലോകത്തിന്റെ ആശങ്കകൾ ആണ് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന യു. എൻ കാലാവസ്ഥാ ഉച്ചകോടി വേദിയിൽ നിറയുന്നത്. കാലാവസ്ഥാ വ്യതിയാന ഭീഷണിക്ക് ആഗോള തലത്തിൽ പ്രതികരണം ശക്തിപ്പെടുത്തുന്നതിനായി 190ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഗവേഷകരും ചിന്തകരും പരിസ്ഥിതി പ്രവർത്തകരും പൗരന്മാരും ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് ക്യാമ്പസിൽ ഒത്തുകൂടിയിരിക്കുന്നു. നവംബർ 12 വരെ നീളുന്ന ഈ മഹാസമ്മേളനം വരും തലമുറയുടെ നിലനിൽപ്പിനു വേണ്ടിയുള്ളതാണ്. ഹരിതഗൃഹ വാതക ഉദ്വമനം നിയന്ത്രിച്ചുകൊണ്ട് ആഗോള താപനം കുറയ്ക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ലോകരാജ്യങ്ങൾ ജനങ്ങൾക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. കാലാവസ്ഥയെ പറ്റിയുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുന്ന ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഒരു മലയാളി വൈദികനും പങ്കെടുക്കുന്നുണ്ട്. ഈശോ സഭയിലെ അംഗമായ ഫാ. സിജി നൂറോകാരിയിൽ, ഇക്കോജസ്യൂട്ടിന്റെ പ്രതിനിധികളിൽ ഒരാളായാണ് കോപ്26 ൽ പങ്കെടുക്കുന്നത്. ഗ്ലാസ്ഗോയിൽ നിന്നും ഫാ. സിജി നൂറോകാരിയിൽ മലയാളംയുകെയ്ക്ക് നൽകിയ അഭിമുഖം.

ഫാ. സിജി നൂറോകാരിയിൽ – പരിസ്ഥിതി പ്രവർത്തകനായ വൈദികൻ

കോട്ടയം കുറുപ്പന്തറയ്‌ക്ക് അടുത്തുള്ള മാൻവെട്ടം സ്വദേശിയായ ഫാ. സിജി നൂറോകാരിയിൽ ഈശോ സഭയിലെ വൈദികനാണ്. ഡിസാസ്റ്റർ മാനേജ്മെന്റിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ഫാ. സിജി നൂറോകാരിയിൽ ഡെവലപ്പ്മെന്റ് ഓഫ് ദി ജസ്യൂട്ട് കോൺഫറൻസ് ഓഫ് ഇന്ത്യ & സൗത്ത് ഏഷ്യയുടെ ഡയറക്ടർ ആയി പ്രവർത്തിച്ചുവരുന്നു.  ഈശോ സഭയുടെ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ് ഇക്കോളജി. ഇക്കോജസ്യൂട്ട് സൗത്ത് ഏഷ്യയുടെ കോ-ഓർഡിനേറ്ററും ഫാ. സിജി നൂറോകാരിയിൽ ആണ്. ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന ഇക്കോജസ്യൂട്ടിൽ നിന്ന് ഗ്ലാസ്ഗോ ഉച്ചകോടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളാണ് ഫാ. സിജി.      ദുരന്തനിവാരണമാണ് പ്രധാന മേഖലയെങ്കിലും പരിസ്ഥിതി പ്രവർത്തനത്തിലും സാമൂഹിക പ്രവർത്തനത്തിലും ഫാ. സിജി ശ്രദ്ധ ചെലുത്തുന്നു. പ്ലസ്ടു പഠനം കേരളത്തിൽ പൂർത്തിയാക്കിയ ശേഷം ബീഹാറിലെ പട്ന പ്രൊവിൻസിൽ ചേർന്നു. മാതാവ് – കുഞ്ഞമ്മ. സഹോദരി സിനി ടോമിയും സഹോദരീ ഭർത്താവ് ടോമി തോമസും യുകെയിലെ റെഡിങ്ങിൽ സ്ഥിരതാമസം.

ചോദ്യങ്ങൾ

❓കോവിഡ് മഹാമാരിയെക്കാളും ലോകയുദ്ധങ്ങളെക്കാളും എത്രയോ മടങ്ങ് മാരകമായ ദുരന്തമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ രൂപത്തിൽ മനുഷ്യനെ കാത്തിരിക്കുന്നത്. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ, ഉഷ്ണതരംഗം തുടങ്ങിയ ദുരന്തങ്ങളുടെ വാർത്തകൾ ഇല്ലാത്ത ഒരു ദിവസം ഇന്നില്ല. ഈയൊരു സാഹചര്യത്തിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി എത്രമാത്രം പ്രാധാന്യമർഹിക്കുന്നു?

കോവിഡ് മഹാമാരിയുടെ നടുവിലാണ് ഇത്തവണ ഉച്ചകോടി നടക്കുന്നത്. കോവിഡ് സാഹചര്യം മനുഷ്യരാശിക്ക് ആകമാനം തിരിച്ചറിവ് നൽകിയിട്ടുണ്ട്. പരസ്പരം അകന്ന് കഴിയുമ്പോഴും രാജ്യങ്ങൾ തമ്മിലും സമൂഹങ്ങൾ തമ്മിലും ഉടലെടുത്ത സഹകരണ മനോഭാവവും ഐക്യദാർഢ്യവും ഈ ഉച്ചകോടിയിൽ നിഴലിക്കുന്നുണ്ട്. പാരിസ് ഉടമ്പടിയിൽ ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസിലും കൂടാതെ നോക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇത് 1.5 ഡിഗ്രി സെൽഷ്യസ്‌ ആക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. സ്ഥിതി മോശമായതിനാൽ ഇത് അടിയന്തിര ചർച്ചകൾക്ക് വഴി തുറന്നു. അവിടെയാണ് ഇത്തവണത്തെ ഉച്ചകോടി പ്രാധാന്യമർഹിക്കുന്നത്. മാധ്യമങ്ങളുടെ വലിയ പങ്കാളിത്തവും ഇടപെടലും കാരണം കോപ്26 ലോക ശ്രദ്ധയാകർഷിച്ചു. കാലാവസ്ഥാ വ്യതിയാനത്തെപറ്റി ജനങ്ങളെ ബോധവൽക്കരിക്കാൻ ഇത്തരമൊരു വേദിയിലൂടെ കഴിയുന്നു. ഇരുന്നോറോളം രാജ്യങ്ങൾ, 120ലധികം ലോക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങി വലിയൊരു സംഘമാണ് അടിയന്തിര സാഹചര്യത്തിൽ ഒത്തുകൂടിയത്.

❓യുഎൻ സ്ഥാപിച്ച Inter Governmental Panel on Climate Change (IPCC) യുടെ റിപ്പോർട്ട്‌ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്. ആ റിപ്പോർട്ടിനെ പൂർണമായും ഉൾക്കൊണ്ടാണോ ഉച്ചകോടി നടക്കുന്നത്?

അതെ. പല ചർച്ചകളിലും ഈ റിപ്പോർട്ട്‌ പ്രധാന വിഷയമായിട്ടുണ്ട്. ഐ.പി.സി.സി യുടെ റിപ്പോർട്ട്‌ ആഗോളതലത്തിൽ ഒരു സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന ‘കാലാവസ്ഥാ വ്യതിയാനവും സ്ത്രീകളും’ എന്ന സെഷനിൽ ഈ റിപ്പോർട്ട്‌ മുന്നോട്ട് വച്ച ആശങ്കകൾ ചർച്ചാവിഷയമായി വന്നിരുന്നു. ഇത്രയുമധികം ആളുകൾ ഗ്ലാസ്ഗോയിൽ ഒത്തുകൂടാനും ചർച്ച ചെയ്യാനും ഐ.പി.സി.സി യുടെ റിപ്പോർട്ട്‌ മൂലകാരണമായിട്ടുണ്ടെന്ന് പറയാം.

❓ഈ നൂറ്റാണ്ട് അവസാനത്തോടെ സമുദ്രനിരപ്പിൽ രണ്ട് മീറ്ററോളം വർധനവുണ്ടാകുമെന്നാണ് UNEP റിപ്പോർട്ടിൽ പറയുന്നത്. 12 ഇന്ത്യൻ നഗരങ്ങൾ മൂന്ന് അടി വരെ വെള്ളത്തിലാകുമെന്ന് നാസ മുന്നറിയിപ്പ് നൽകികഴിഞ്ഞു. ഈയൊരാവസ്ഥയെ തടഞ്ഞുനിർത്താൻ പ്രാപ്തമായ തീരുമാനങ്ങൾ Cop26 ൽ ഉണ്ടായിട്ടുണ്ടോ?

കോപ്26 നെ നമുക്ക് രണ്ട് രീതിയിൽ സമീപിക്കാം. ഒന്ന്, ചർച്ച ചെയ്യപ്പെടേണ്ട യഥാർത്ഥ കാര്യങ്ങൾ കടന്നുവന്നില്ല എന്ന നിലയിൽ പ്രതികൂല സ്ഥിതിയിൽ. രണ്ട്, അടിയന്തിര സാഹചര്യം മനസിലാക്കികൊണ്ട് 120ഓളം ലോക നേതാക്കൾ ഇവിടെ വന്ന് ചർച്ചകൾ നടത്തിയെന്ന അനുകൂല നിലപാടിൽ. സമുദ്ര നിരപ്പ് ഉയരുന്നത് ഇന്ന് ഗുരുതര പ്രശ്നമായി കണക്കാക്കുന്നു. തീരദേശങ്ങൾ പ്രതിസന്ധി നേരിടുകയാണ്. കൗൺസിൽ ഓൺ എനർജി, എൺവയോൺമെന്റ് ആൻഡ് വാട്ടർ നടത്തിയ പഠനത്തിൽ നിന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങൾ (കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടും) കാലാവസ്ഥ വ്യതിയാനം മൂലം ഗുരുതര പ്രശ്നം നേരിടുകയാണെന്ന് വ്യക്തമായി. വെള്ളപ്പൊക്കം രൂക്ഷമാവുന്നു. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ ഓരോ രാജ്യങ്ങളും പരിശ്രമിക്കേണ്ടതുണ്ട്.

❓കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി, നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനങ്ങളെ എങ്ങനെ നോക്കികാണുന്നു?

2030നകം ഇന്ത്യയുടെ കാർബൺ ബഹിർഗമനം 100 കോടി ടൺ കുറയ്ക്കും, ഇന്ത്യയുടെ ഫോസിൽ ഇതര ഊർജശേഷി 2030 ആകുമ്പോഴേക്കും 500 ജിഗാ വാട്ട് ആയി ഉയർത്തും, 2030 ആകുമ്പോഴേക്കും ഇന്ത്യ പുനരുപയോഗ ഊർജം 50 ശതമാനം വർദ്ധിപ്പിക്കും, നെറ്റ് സീറോ ലക്ഷ്യം 2070നകം ഇന്ത്യ ആർജിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. ഇതിന്റെ ഗുണകരമായ വശം എന്തെന്നാൽ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ ഒരു വലിയ ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. ആ ലക്ഷ്യം മുന്നിലുള്ളതിനാൽ തന്നെ ഇനി കൊണ്ടുവരുന്ന കരാറുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടും. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാൻ പ്രകൃതിയോട് അടുത്ത് ജീവിക്കുന്ന പരമ്പരാഗത സമൂഹങ്ങളിൽനിന്നുള്ള അറിവ് സ്വീകരിക്കാനും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

❓2030നകം വനനശീകരണം പൂർണമായി തടയുമെന്നാണ് പ്രഖ്യാപനം. മരം വച്ചു പിടിപ്പിക്കലും പ്ലാസ്റ്റിക് രഹിത ഇടപാടുകളും ഈ പദ്ധതിയുടെ ഭാഗമാണ്. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്താണ്?

ഖേദകരമായ വസ്തുത എന്തെന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഒരു പ്രഖ്യാപനമോ നിലപാടോ ഉണ്ടായിട്ടില്ല എന്നതാണ്. 9 വർഷത്തിനുള്ളിൽ ലോകത്തെ 80% വനവും സംരക്ഷിക്കാനുള്ള 1200 കോടി യുഎസ് ഡോളർ പദ്ധതിയിൽ 110 ലോക നേതാക്കൾ ഒപ്പുവച്ചെങ്കിലും വനവൽക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തു നിന്ന് പ്രഖ്യാപനങ്ങൾ ഉയർന്നു കണ്ടില്ല. ഇത് വിമർശനങ്ങൾക്ക് വഴി തുറന്നിട്ടുമുണ്ട്.

തുടരും.