നോര്‍ത്ത് കൊറിയന്‍ ആണവ പരീക്ഷണങ്ങള്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നോര്‍ത്ത്-വെസ്റ്റ് ഗിലിജു മേഖലയില്‍ നിന്നും 43 കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്ത് ഹംഗ്യോംഗില്‍ ശക്തമായ ഭൂചനം ഉണ്ടായി. ഭൂചനം 2.3 ശക്തിയുള്ളതായിരുന്നുവെന്ന് കൊറിയ മെറ്റീരിയോളജിസ്റ്റ് അഡിമിനിസ്‌ട്രേഷന്‍ അറിയിച്ചു. രാജ്യത്തിന്റെ പ്രധാന ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യേ-റിയുവിന് അടുത്ത പ്രദേശത്താണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു ശേഷം രാജ്യം കണ്ട വലിയ അപകടകങ്ങളിലൊന്നിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുന്‍ഗ്യേ-റിയില്‍ നോര്‍ത്ത് കൊറിയ സാക്ഷ്യം വഹിച്ചിരുന്നു.
നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഭൂഗര്‍ഭ ന്യൂക്ലിയര്‍ പരീക്ഷണ ശാല തകര്‍ന്ന് വീണ് 200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ 100പേരിലധികം സാധാരണ തൊഴിലാളികളായിരുന്നു. നിരന്തരമായ ഹൈഡ്രജന്‍ ബോംബുകളുടെ പരീക്ഷണവും ആണവായുധങ്ങളുടെ പരീക്ഷണവും ഈ പ്രദേശത്തെ ദുര്‍ബലമാക്കി കഴിഞ്ഞിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുന്‍ഗ്യേ-റി മലനിരകളുടെ ആകൃതി തന്നെ ഇത്തരം പരീക്ഷണങ്ങള്‍ മൂലം മാറാന്‍ സാധ്യതയുണ്ട്. ഭൂചനങ്ങളും മറ്റു പ്രകൃതി ദുരന്തങ്ങളും ഈ പ്രദേശത്ത് സര്‍വ്വ സാധാരണമായി മാറിയേക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ശക്തിയേറിയ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ പ്രധാനിയാണ് നോര്‍ത്ത് കൊറിയ.
കിം ജോങ് ഉന്നിന്റെ ഭരണകൂടം നടത്തുന്ന നിരന്തര പരീക്ഷണങ്ങളുടെ പ്രത്യാഘാതമാണ് ഇപ്പോള്‍ പ്രദേശത്ത് ഉണ്ടായികൊണ്ടിരിക്കുന്ന പരിസ്ഥിതി ദുരന്തങ്ങള്‍. വരും നാളുകളില്‍ പ്രദേശത്തിന്റെ ഭൂപ്രകൃതിയില്‍ തന്നെ മാറ്റം വരാനും ആണവ വികിരണങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് എത്താനുമുള്ള സാധ്യതകളുണ്ട്. ശക്തിയേറിയ സ്‌ഫോടനങ്ങള്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ സ്ട്രാറ്റോസ്ഫിയറിലേക്ക് പടരാന്‍ കാരണമാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫിയറിക് ഫിസിക്‌സ് അസോസിയേറ്റിലെ ഗവേഷകന്‍ മുന്നറിയിപ്പ് നല്‍കുന്നു. പുന്‍ഗ്യേ-റിയിലെ ആണവ പരീക്ഷണ കേന്ദ്രം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനാണ് സാധ്യത.
Leave a Reply