അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ പ്രകോപന നടപടിക്കെതിരെ വിമർശനം. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് തൊടുത്തത്. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്ത് നിന്നും വിക്ഷേപിച്ച മിസൈൽ പരീക്ഷണത്തെക്കുറിച്ച് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും (ജെസിഎസ്) ജാപ്പനീസ് കോസ്റ്റ് ഗാർഡും റിപ്പോർട്ട് ചെയ്തു. മിസൈൽ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി.

പസഫിക് സമുദ്രത്തിൽ പതിക്കുന്നതിന് മുമ്പ് മിസൈൽ ജപ്പാന് മുകളിലൂടെ പറന്നതോടെ ജാപ്പനീസ് സർക്കാർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. 2017 മുതൽ ഉത്തര കൊറിയയിൽ നിന്ന് മിസൈലുകൾ ജപ്പാന് മുകളിലൂടെ പറക്കുകയോ മറികടക്കുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ മിസൈലിനെ തകർക്കാൻ പ്രതിരോധ മാർഗങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ജപ്പാൻ അറിയിച്ചു. ഉത്തര കൊറിയയുടെ പരീക്ഷണ മിസൈൽ വിക്ഷേപണത്തെ തുടർന്ന് വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തി വെച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി.

WhatsApp Image 2024-12-09 at 10.15.48 PM

മിസൈൽ പരീക്ഷണത്തെ ജപ്പാൻ അപലപിച്ചു. ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തര കൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയുടെ മുഴുവൻ തത്ത്വങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഉത്തര കൊറിയയുടെ ആവർത്തിച്ചുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം ഉൾപ്പെടെയുള്ള നടപടികൾ ജപ്പാന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. കൂടാതെ ജപ്പാൻ ഉൾപ്പെടെയുള്ള മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിനും ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു’, ജപ്പാനിലെ ഉന്നത സർക്കാർ വക്താവ് ഹിരോകാസു പറഞ്ഞു. തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉത്തരകൊറിയയുടെ നടപടികളെ ‘ക്രൂരത’ എന്ന് വിശേഷിപ്പിച്ചു,.