പ്യോംഗ്യാങ്: ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം വന്‍ പരാജയം. പേര് വ്യക്തമാക്കാത്ത മിസൈല്‍ ആയിരുന്നു കൊറിയ പരീക്ഷിച്ചത്. എന്നാല്‍ ഇത് വിക്ഷേപിച്ച് ഉടന്‍ തന്നെ പൊട്ടിത്തകര്‍ന്നതായി ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 11.21ന് വിക്ഷേപിച്ച മിസൈല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും എന്നാല്‍ അത് വളരെ വേഗം തന്നെ പൊട്ടിത്തകരുകയായിരുന്നുവെന്നും യുഎസ് പസഫിക് കമാന്‍ഡ് വക്താവ് ഡേവ് ബെന്‍ഹാം പറഞ്ഞു.
ഏതു തരത്തിലുള്ള മിസൈലായിരുന്നു ഇതെന്ന് വ്യക്തമായിട്ടിലലെന്നും അമേരിക്കന്‍ നാവികസേന അറിയിക്കുന്നു. ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്ത് സിന്‍പോയ്ക്ക് സമീപമാണ് മിസൈല്‍ പരീക്ഷണം നടന്നത്. കൊറിയയുടെ മുങ്ങിക്കപ്പലുകളുടെ താവളമായ ഇവിടെനിന്നാണ് അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം മുമ്പ് നടത്തിയിട്ടുള്ളത്. രാഷ്ട്രപിതാവായി കണക്കാക്കുന്ന കിം ഇല്‍ സുങ്ങിന്റെ 105-ാം ജന്മദിനം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടന്നത്.
മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷ സാധ്യതകളുടെ പശ്ചാത്തലത്തിലായിരുന്നു മിസൈല്‍ പരീക്ഷണം. ദക്ഷിണ കൊറിയന്‍ തീരത്ത് അമേരിക്കന്‍ കപ്പല്‍ വ്യൂഹം എത്തിയതും ആണവ യുദ്ധത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ പ്രഖ്യാപനം നടത്തിയതും യുദ്ധ സാധ്യതയാണ് പ്രഖ്യാപിക്കുന്നത്. ഏതു സമയത്തും യുദ്ധത്തിന് സാധ്യതയുള്ളതായി ചൈനയും ആശങ്ക അറിയിച്ചിരുന്നു. ചൈനയുടെ സഹായം ലഭിച്ചില്ലെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ അറിയാമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Leave a Reply