ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വടക്കൻ അയർലണ്ട് : വടക്കൻ അയർലണ്ടിലെ ഗർഭച്ഛിദ്ര നിയമങ്ങൾ മനുഷ്യാവകാശ ലംഘനമെന്ന് കോടതി വിധിച്ചു. സാറ എവാർട്ട് എന്ന യുവതിയുടെ കേസിലാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്. ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ച സാറയ്ക്ക് നിയമങ്ങൾ വിലങ്ങുതടിയായപ്പോഴാണ് ഗർഭച്ഛിദ്ര നിയമങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന വിധി കോടതി പുറപ്പെടുവിച്ചത്. ഈ വിധി സ്ത്രീകൾക്ക് ഒരു വഴിത്തിരിവാകുമെന്ന് സാറ പ്രതികരിച്ചു.
വെസ്റ്റ്മിൻസ്റ്ററിൽ ഇതിനകം പാസാക്കിയ നിയമനിർമ്മാണത്തിന്റെ വെളിച്ചത്തിലാണ് ശ്രീമതി ജസ്റ്റിസ് കീഗൻ ഈ തീരുമാനം കൈകൊണ്ടത്. ഒക്ടോബർ 21നകം ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമല്ല എന്ന നിയമം ഉണ്ടാവാൻ സാധ്യതയുണ്ട്. ഗർഭച്ഛിദ്ര വിരുദ്ധ പ്രചരണ ഗ്രൂപ്പായ പ്രെഷ്യസ് ലൈഫിലെ അംഗങ്ങൾ വാദം കേൾക്കുന്നതിനിടെ കോടതിയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. ജനിക്കാത്ത കുഞ്ഞുങ്ങൾക്ക് ജീവിക്കാനുള്ള അവകാശം നൽകാത്തത് നിർഭാഗ്യകരമാണെന്ന് ബെർണി സ്മിത്ത് പറഞ്ഞു.
വടക്കൻ അയർലണ്ടിൽ ഗർഭച്ഛിദ്രം നിയമവിധേയം അല്ല. സ്ത്രീയുടെ മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും പ്രശ്നം നേരിട്ടാൽ മാത്രമേ ഗർഭച്ഛിദ്രം നടത്തൂ. ജനിച്ചുകഴിഞ്ഞാലും കുട്ടി രക്ഷപെടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും നിയമപരമായി ഗർഭച്ഛിദ്രം നടത്താൻ സാറയ്ക്ക് കഴിഞ്ഞില്ല. അതിനായി ഇംഗ്ലണ്ടിലേക്ക് നടത്തിയ യാത്ര തന്റെ കുടുംബത്തിനുണ്ടാക്കിയ ആഘാതത്തെയും അധിക ചെലവുകളെയും കുറിച്ച് സാറ മാധ്യമങ്ങളോട് സംസാരിച്ചു.
Leave a Reply