ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്ന് വെയിൽസ് രാജകുമാരൻ ഒരു മില്യൻ പൗണ്ട് തുക സ്വീകരിച്ചെന്ന റിപ്പോർട്ട് പുറത്ത്. അൽ-ഖ്വയ് ദ നേതാവ് കൊല്ലപ്പെട്ട് രണ്ട് വർഷത്തിന് ശേഷം 2013-ലാണ് 2 അർദ്ധ സഹോദരന്മാരിൽ നിന്ന് ചാൾസ് രാജകുമാരൻ പണം സ്വീകരിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ (പിഡബ്ല്യുസിഎഫ്) ആണ് സംഭാവന സ്വീകരിച്ചത്. അതേസമയം സൂക്ഷ്മമായ ജാഗ്രതകൾ സ്വീകരിച്ചിരുന്നെന്നും പണം സ്വീകരിക്കാനുള്ള തീരുമാനം ട്രസ്റ്റിമാരുടേതായിരുന്നെന്നും ക്ലാരൻസ് ഹൗസ് വ്യക്തമാക്കി. ഇതിനെ മറ്റൊരു തരത്തിൽ ചിത്രീകരിക്കരുതെന്നും കൂട്ടിച്ചേർത്തു. 1994 ഒസാമ ബിൻ ലാദനെ അദ്ദേഹത്തിൻറെ കുടുംബം പുറത്താക്കിയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളുമായി അർദ്ധ സഹോദരങ്ങൾക്ക് ബന്ധമുണ്ടായിരിക്കുകയില്ല എന്നാണ് സൂചന.

സൗദിയിലെ സമ്പന്ന കുടുംബത്തിന്റെ തലവനായ ബക്കർ ബിൻ ലാദനുമായി ക്ലാരൻസ് ഹൗസിൽ കൂടിക്കാഴ്ച്ചനടത്തിയതിന് പിന്നാലെയാണ് ബക്കർ ബിൻ ലാദനിൽ നിന്നും ബക്കറിന്റെ സഹോദരൻ ഷഫീഖിൽ നിന്നും ചാൾസ് രാജകുമാരൻ പണം സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ലാരൻസ് ഹൗസിന്റെയും പിഡബ്ല്യുസിഎഫിന്റെയും ഉപദേഷ്ടാക്കളുടെയും എതിർപ്പുകൾ അവഗണിച്ചുകൊണ്ടാണ് ചാൾസ് രാജകുമാരൻ പണം കൈപ്പറ്റിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാലും 2013ലെ ഈ സംഭാവന അക്കാലത്തെ അഞ്ച് ട്രസ്റ്റുകൾ ശ്രദ്ധാപൂർവ്വം പരിഗണിച്ചതിനുശേഷമാണ് സ്വീകരിച്ചതെന്ന് പിഡബ്ല്യുസിഎഫ് ചെയർമാൻ സർ ഇയാൻ ചെഷയർ പറഞ്ഞു.

യുഎസിൻറെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഒന്നാമനായിരുന്ന ഒസാമ ബിൻ ലാദൻ, 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലും വാഷിംഗ്ടണിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഭീകരാക്രമണത്തിൽ 67 ബ്രിട്ടീഷുകാർ ഉൾപ്പെടെ 3000 പേരാണ് കൊല്ലപ്പെട്ടത്. 2011 -ൽ അമേരിക്കൻ സൈന്യം അദ്ദേഹത്തെ വധിച്ചു. ചാൾസ് രാജകുമാരനും അദ്ദേഹത്തിൻറെ ജീവകാരുണ്യ സംഘടനയും ഇതാദ്യമായല്ല തങ്ങൾ സ്വീകരിച്ച സംഭാവനയെ തുടർന്ന് ആരോപണങ്ങൾ നേരിടുന്നത്. ഒരു മുൻ ഖത്തർ പ്രധാനമന്ത്രിയിൽ നിന്ന് ഒരു മില്യൺ യൂറോ പണമുള്ള സ്യൂട്ട്കേസ് ചാൾസ് രാജകുമാരൻ സ്വീകരിച്ചതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഷെയ്ഖിൽ നിന്നുള്ള സംഭാവനകൾ രാജകുമാരന്റെ ചാരിറ്റികളിലൊന്നിലേക്ക് ഉടൻ കൈമാറിയെന്നും ശരിയായ നടപടിക്രമങ്ങൾ പാലിച്ചതായും ക്ലാരൻസ് ഹൗസ് അക്കാലത്ത് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ ഒരു സൗദി പൗരന് ചാരിറ്റി ബഹുമതികൾ വാഗ്ദാനം ചെയ്തെന്ന അവകാശവാദത്തെ തുടർന്ന് മെട്രോപൊളിറ്റൻ പോലീസ് സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം തൻെറ ചാരിറ്റികൾക്കുള്ള സംഭാവനയുടെ അടിസ്ഥാനത്തിൽ ബഹുമതികളോ ബ്രിട്ടീഷ് പൗരത്വമോ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് രാജകുമാരന് യാതൊരുവിധ അറിവും ഇല്ലായിരുന്നുവെന്ന് ക്ലാരൻസ് ഹൗസ് പറഞ്ഞു.