പത്തനംതിട്ട: പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ താമര ചിഹ്നത്തിന് മാത്രം വോട്ട് വീഴുന്നില്ലെന്ന പരാതിയുമായി കെ.സുരേന്ദ്രന്‍. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥി കൂടിയാണ് കെ.സുരേന്ദ്രന്‍. പല മണ്ഡലങ്ങളിലും താമര ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നില്ല. ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏനാദി മംഗലം, കോന്നി എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റ് യൂണിറ്റില്‍ താമര ചിഹ്നം കാണാനില്ലെന്ന പരാതിയും ഉയര്‍ന്നു. ഇവിടെയും പോളിങ് നിര്‍ത്തിവച്ച് തകരാര്‍ പരിശോധിച്ചുവരികയാണ്.

അതേസമയം, കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 51-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരയ്ക്ക് വീഴുന്നു എന്ന് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചു. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ കെ.വാസുകി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടിങ് യന്ത്രത്തിലെ പിഴവ് അസാധ്യമാണെന്നും ഇക്കാര്യം ജില്ലാ കലക്ടര്‍ പരിശോധിച്ച് ബോധ്യപ്പെട്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയും അറിയിച്ചു.

കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോള്‍ ലൈറ്റ് തെളിയുന്നത് താമരയ്ക്കാണെന്നാണ് പരാതി ഉയര്‍ന്നത്. 76 പേര്‍ വോട്ട് ചെയ്തശേഷം 77-ാമതായി വോട്ട് ചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇത്തരമൊരു പരാതിയുമായി പ്രിസൈഡിങ് ഓഫീസറെ സമീപിച്ചത്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവര്‍ക്കൊപ്പം എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഇതുവരെ രേഖപ്പെടുത്തിയ 76 വോട്ടുകളുടേയും വിവി പാറ്റ് സ്ലിപ്പ് പരിശോധിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യം രേഖാമൂലം നല്‍കാനും വിശദമായി പ്രശ്‌നം പരിശോധിക്കുമെന്നും പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിച്ചു.

ആലപ്പുഴ ചേര്‍ത്തലയിലെ 40-ാം ബൂത്തിലും ഇതേ പ്രശ്‌നം ഉണ്ടായി. മോക് പോളിങ്ങിലാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിങ് മെഷീനിലെ ഏതു ബട്ടണില്‍ അമര്‍ത്തിയാലും തമാരയ്ക്ക് തെളിയുന്നതാണ് കണ്ടത്. വോട്ടിങ് മെഷീന്‍ മാറ്റിയാണ് ഇവിടെ വോട്ടിങ് തുടങ്ങിയത്.