ഡിഎംകെ നേതാവും തൂത്തുക്കുടിയിലെ സ്ഥാനാർഥിയുമായ കനിമൊഴിയുടെ വീട്ടിലും ഓഫിസിലും ആദായനികുതി വകുപ്പ് പരിശോധന. വെല്ലൂർ ലോക്സഭ മണ്ഡത്തിലെ തിരഞ്ഞെപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ്, മൂന്ന് മണിക്കൂര്‍ നീണ്ട റെയ്ഡ് നടന്നത്. അനധികൃതമായി ഒന്നും കണ്ടെത്തിയില്ലെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യം വെക്കുന്ന റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡിഎംകെ ആരോപിച്ചു.
അനധികൃതമായി സൂക്ഷിച്ച പതിനൊന്നര കോടി രൂപ പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് തൂത്തുക്കുടിയിൽ റെയ്ഡ് നടന്നത്. പത്തുപേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം കുറിഞ്ഞി നഗറിലെ കനിമൊഴിയുടെ വീട്ടിലും ഓഫിസിലും പരിശോധന നടത്തി. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വെല്ലൂര്‍ മാതൃകയില്‍ പരിശോധന നടത്തി, തൂത്തുക്കുടിയിലെ തെരഞ്ഞെടുപ്പു കൂടി റദ്ദാക്കാനായിരുന്നു ശ്രമമെന്ന് ഡിഎംകെ ആരോപിച്ചു. അണ്ണാ ഡിഎംകെയും ബിജെപിയും ചേർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഡിഎംകെ നേതൃത്വം വ്യക്തമാക്കി.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷയും കനിമൊഴിയുടെ എതിർ സ്ഥാനാർഥിയുമായ തമിഴസൈ സൌന്ദര്‍രാജന്റെ വീട്ടില്‍ കോടികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും ഒരു പരിശോധനയും നടന്നില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിൻ ആരോപിച്ചു. ആണ്ടിപ്പട്ടിയില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ ഓഫിസില്‍ പരിശോധനയ്ക്കെത്തിയ തെരഞ്ഞെടുപ്പ് പ്രത്യേക സ്ക്വാഡ് ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലിസിന് ആകാശത്തേയ്ക്ക് വെടിവെക്കേണ്ടിവന്നു. ഡിഎംകെ നേതാക്കളുടെയും അനുഭാവികളുടെയും വീട്ടില്‍ മാത്രം പരിശോധന നടത്തുന്നത്, വലിയ പ്രതിഷേധത്തിനും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.
Leave a Reply