പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായിരുന്ന മോഹൻലാൽ കുമാരൻ ലണ്ടനിൽ അന്തരിച്ചു.ഈസ്റ്റ് ഹാമിൽ താമസിക്കുന്ന കുമാരൻ ഹൃദയാഘാതത്തെത്തുടർന്നു ലണ്ടനിലെ സെന്റ് ബർത്തലോമിയോസ് ഹോസ്പിറ്റലിൽ ഇന്നലെ രാവിലെയായിരുന്നു മരണം. 64 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.

കൊല്ലം കരുനാഗപ്പള്ളി കൊച്ചായത്തു വീട്ടിൽ മോഹൻലാൽ കുമാരൻ കുടുംബ സുഹൃത്തുക്കൾക്കു മണിചേട്ടനും ബിസിനസ് സുഹൃത്തുക്കൾക്കു മഹേന്ദ്രൻ അണ്ണനുമായിരുന്നു. ഭാര്യ രാഗിണി. അശ്വതി, ആരതി എന്നിവർ മക്കളാണ്.

മാസങ്ങൾക്കു മുമ്പ് കോവിഡ് ബാധിച്ചു മരിച്ച ഈസ്റ്റ് ലണ്ടനിലെ പ്രമുഖ വ്യവസായിയും ബോളീൻ സിനിമാ തിയറ്റർ ഉടമയുമായിരുന്ന ബോളീൻ മോഹനൻ എന്ന മോഹനൻ കുമാരൻ സഹോദരനാണ്. മോഹനൻ കുമാരന്റെ മരണത്തിനു പിന്നാലെയാണു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി മോഹൻലാലിന്റെയും മരണം.

  കുട്ടനാട് രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്കൻ്റെ ആത്മഹത്യ ഭീഷണി

ഒരിക്കൽ പരിചയപ്പെടുന്നവർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഹൃദ്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. ആദ്യകാലത്തു കേരളത്തിൽനിന്നെത്തുന്ന മലയാളികൾക്ക് ആശ്രയിക്കാവുന്ന സഹായമായിരുന്നു എന്നും സുഹൃത്തുക്കൾ അദ്ദേഹത്തെ അനുസ്മരിച്ചു പറഞ്ഞു

ഇലക്ട്രിക്കൽ എൻജിനീയറായ മോഹൻലാൽ സഹോദരൻ മോഹനനോടൊപ്പം തിയറ്റർ നടത്തിപ്പിലും മറ്റു ബിസിനസുകളിലും സജീവ സാന്നിധ്യമായിരുന്നു. എന്നിഷ്ടം നിന്നിഷ്ടം-2, ഇംഗ്ലീഷ് – ആൻ ഓട്ടം ഇൻ ലണ്ടൻ എന്നീ സിനിമകളുടെ നിർമാതാവാണ്.