ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- 2023 ജൂൺ 13ന് ഇന്ത്യൻ വംശജയായ മെഡിക്കൽ വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നോട്ടിങ്ഹാം കൊലപാതകത്തിൽ കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ട് പുതിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ടിൽ, മെന്റൽ ഹെൽത്ത് സർവീസിന്റെ ഭാഗത്തുനിന്നും നിരവധി പിശകുകളും തെറ്റുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയായ വാൽഡോ കലോക്കെയ്ൻ്റെ പരിചരണത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവരുടെ കൈകളിൽ ചോരകറയുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി. ഒരു വർഷം മുൻപ് നടന്ന സംഭവത്തിൽ 19 വയസ്സുകാരായ ഇന്ത്യൻ വംശജയായ മെഡിക്കൽ വിദ്യാർഥി ഗ്രേസ് ഒമാലി കുമാറിനെയും, അവളുടെ സുഹൃത്ത് ബാർണബി വെബ്ബറിനെയും , അറുപത്തഞ്ചു വയസ്സുകാരനായ ഇയാൻ കോട്‌സിനെയും മാനസിക വിഭ്രാന്തി ബാധിച്ച വാൽഡോ കലോക്കെയ്ൻ നോട്ടിങ്ഹാമിലെ റോഡിൽ വച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ പ്രതിയായ വാൽഡോ കലോക്കെയ്ന്റെ കൊലപാതകത്തിന് മുൻപുള്ള ചികിത്സയിലാണ് നിരവധി പിഴവുകൾ ഉണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രതി മാനസിക രോഗത്തിന്റെ സ്ഥിരമായ ലക്ഷണങ്ങൾ കാണിച്ചതും, മരുന്ന് കഴിക്കാൻ വിസമ്മതിച്ചതും, ആളുകളോടുള്ള പ്രതിയുടെ അക്രമാസക്തമായ മനോഭാവവും മറ്റും വേണ്ടത്ര രീതിയിൽ ചികിത്സ നൽകിയവർ പരിഗണിച്ചില്ല എന്നാണ് റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കഴിഞ്ഞ ആഴ്ച ഇരകളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്ന ശുപാർശകൾ ഇനി ഒരു അപകടം ഉണ്ടാകാതിരിക്കുന്നതിനായി രാജ്യത്തുടനീളം നടപ്പിലാക്കുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പുനൽകി. എന്നാൽ സംഭവത്തിൽ കൂടുതൽ ശക്തമായ അന്വേഷണം വേണമെന്ന നിലപാടാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നിർദ്ദേശിക്കുന്നത്.

കഴിഞ്ഞു പോയ തെറ്റുകൾ മാറ്റുവാൻ സാധിച്ചിരുന്നെങ്കിൽ തങ്ങളുടെ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ബാർനബിയുടെ മാതാവ് എമ്മ ബിബിസി ന്യൂസിനോട് പറഞ്ഞു. 2020 മെയ് മുതൽ 2022 സെപ്തംബർ വരെ നോട്ടിംഗ്ഹാംഷെയർ ഹെൽത്ത്‌കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൻ്റെ കീഴിലുള്ള പ്രതിയുടെ ചികിത്സയെ സംബന്ധിച്ചാണ് കെയർ ക്വാളിറ്റി കമ്മീഷൻ അന്വേഷണം നടത്തിയത്. മാനസികാരോഗ്യ സർവീസുകളുടെ മൊത്തത്തിലുള്ള പരാജയമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഓരോ ഘട്ടത്തിലും പ്രതിയെ ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും ഇതിൽ പങ്കുണ്ടെന്ന് കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി. നിലവിലെ വ്യവസ്ഥകളിലും നിയമങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുവാൻ തങ്ങൾ പരിശ്രമിക്കുമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ സംയുക്തമായി നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ട ഗ്രേസ് ഒമാലി കുമാർ ഇന്ത്യൻ വംശജയായ ഒന്നാംവർഷം മെഡിക്കൽ വിദ്യാർഥിനിയായിരുന്നു. തന്റെ സുഹൃത്തായ ബാർനബിയെ പ്രതിയുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവൾ മരണത്തിന് കീഴടങ്ങിയത്.











Leave a Reply