ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂ ബാസ്‌ഫോർഡിൽ കൂടുതൽ ആളുകളുമായി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 7 സീറ്റുകളുള്ള വണ്ടിയിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന് തോന്നിയതിനാലാണ് പോലീസ് വാഹനം നിർത്തിച്ചത്. എന്നാൽ പിന്നീടുള്ള സംഭവങ്ങൾ പോലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. 7 പേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിൽ അതിലും ഇരട്ടി 14 പേരായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്.


വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത 8 കുട്ടികളും ഉണ്ടായിരുന്നതായി വാഹനം തടഞ്ഞ് നടപടി സ്വീകരിച്ച നോട്ടിംഗ്ഹാം പോലീസ് പറഞ്ഞു. അനുവദനീയമായതിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്യുക ,14 വയസ്സിൽ താഴെയുള്ള കുട്ടികൾ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഡ്രൈവറെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു. സുരക്ഷാ വീഴ്ചകൾ കാരണം ഒരു വാഹനത്തിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നത് ശിക്ഷാർഹമാണെന്ന് പോലീസ് പറഞ്ഞു. ആളുകൾ സീറ്റ് ബെൽറ്റ് ധരിക്കുന്നില്ലെങ്കിൽ വാഹനാപകടം ഉണ്ടാകുമ്പോൾ അപകടസാധ്യത ഇരട്ടിയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു വാഹനത്തിൽ അനുവദനീയമായ പരുധിയിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്യുന്നത് കാർ ഇൻഷുറൻസ് തന്നെ അസാധുവാക്കുന്നതിനും വഴിവെക്കും. ഇത്തരം സാഹചര്യത്തിൽ ഏതെങ്കിലും അപകടം നടന്നാൽ ഇൻഷുറൻസ് ലഭിക്കില്ല. യുകെയിലെ നിയമം അനുസരിച്ച് 14 വയസ്സിൽ താഴെയുള്ള കുട്ടികൾ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഡ്രൈവറുടെ കടമയാണ്. എല്ലാ ഡ്രൈവർമാരും യാത്രക്കാരും കാറിലോ വാനിലോ മറ്റ് വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ അവർ കാറിൻ്റെ മുൻവശത്തായാലും പിൻസീറ്റിലെ യാത്രക്കാരായാലും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസിൻ്റെ പത്രക്കുറിപ്പിൽ അറിയിച്ചു. 14 വയസും അതിൽ കൂടുതലുമുള്ള യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് അവരുടെ സ്വന്തം ഉത്തരവാദിത്തമാണ്. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ പരാജയപ്പെടുന്ന യാത്രക്കാരോട് പ്രത്യേക കാരണമില്ലെങ്കിൽ 100 ​​പൗണ്ട് പിഴയൊടുക്കാൻ ആവശ്യപ്പെടാം. കേസ് കോടതിയിൽ പോയാൽ പിഴ 500 പൗണ്ടായി ഉയർത്താം.