ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ദരിദ്ര നഗരങ്ങൾക്കുള്ള ധനസഹായം സമ്പന്ന പട്ടണങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ താൻ പ്രവർത്തിച്ചുവെന്ന് ഋഷി സുനക്ക് പറയുന്ന ദൃശ്യം പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് കാരണമായി. ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള സുനകിന് ഇത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ടൺബ്രിഡ്ജ് വെൽസ് പോലുള്ള പ്രദേശങ്ങൾക്ക് ‘അർഹിക്കുന്ന ഫണ്ടിംഗ്’ ലഭിക്കാൻ ചാൻസലറായിരിക്കുമ്പോൾ താൻ പൊതു ഫണ്ടിംഗ് ഫോർമുലകൾ മാറ്റാൻ തുടങ്ങിയെന്ന് സുനക് പറയുന്ന ദൃശ്യം ന്യൂ സ്‌റ്റേറ്റ്‌സ്‌മാൻ മാഗസിൻ ആണ് പുറത്തുവിട്ടത്. ജൂലൈ 29നായിരുന്നു ഈ വിവാദ പ്രസ്താവന.

ഒരു രാഷ്ട്രീയക്കാരനിൽ നിന്ന് ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രമായ പ്രസ്താവന ആണിതെന്ന് വിദേശകാര്യ മന്ത്രി ലോർഡ് സാക്ക് ഗോൾഡ്സ്മിത്ത് പറഞ്ഞു. ടോറി നേതാക്കളുടെ “തനിനിറം” ഇപ്പോൾ വെളിപ്പെടുത്തുകയാണെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തി. അതേസമയം, ലെവലിംഗ് അപ്പ് ഫണ്ടിന്റെ ആമുഖത്തെ പരാമർശിച്ചായിരുന്നു ഈ അഭിപ്രായമെന്ന് സുനക്കിന്റെ ടീം പറഞ്ഞു.

ലിസ് ട്രസിനെതിരെ നിലയുറപ്പിക്കാൻ സുനക് ശ്രമിക്കുന്നതിനിടെയാണ് ഈ പരാമർശം തിരിച്ചടിയാവുന്നത്. “ഇത് അപകീർത്തികരമാണ്. നികുതിദായകരുടെ പണം സമ്പന്ന നഗരങ്ങൾക്ക് നൽകുമെന്ന് സുനക് പരസ്യമായി വീമ്പിളക്കുകയാണ്.” ലേബറിന്റെ ഷാഡോ ലെവലിംഗ് അപ്പ് സെക്രട്ടറി ലിസ നാന്ദി പ്രതികരിച്ചു. ഇതിന് പിന്നാലെയുള്ള വിവാദങ്ങൾ വരും ദിവസങ്ങളിലും ഉയർന്നാൽ സുനകിന്റെ നില കൂടുതൽ പരുങ്ങലിലാകും.