സ്‌നേഹാരണ്യകം

ലണ്ടന് പുറത്ത് ബാസില്‍ഡണിലേക്കാണ് സ്ഥലംമാറ്റം. മനസ് വല്ലാതെയായി. പുറത്തെ കൊടുംതണുപ്പിലും വിയര്‍ക്കുന്നതുപോലെ തോന്നി. ഈ സ്ഥലംമാറ്റത്തിന് പിന്നില്‍ ഷൈലാമ്മ ആയിക്കൂടെ? അവരുടെ കാമലീലകള്‍ കണ്ടതിനുള്ള ശിക്ഷ. താന്‍ കണ്ടതൊന്നും ആരോടും പറഞ്ഞിട്ടില്ലെങ്കിലും തന്നെ അവര്‍ ശിക്ഷിക്കുക തന്നെ ചെയ്തു. മറ്റുള്ളവര്‍ അന്ധന്മാരെപ്പോലെ ജോലി ചെയ്യുന്നതിനാല്‍ അവര്‍ക്ക് പ്രശ്‌നമില്ല. തന്നെ മാത്രം അവര്‍ ഉന്നം വച്ചു. അവര്‍ ചെയ്ത കുറ്റത്തിന് നിരപരാധിയായ താന്‍ ശിക്ഷ അനുഭവിക്കുന്നു. അവരുടെ മനസ്സിന് ഇതിലൂടെ സംതൃപ്തി ലഭിച്ചെങ്കില്‍ അതിലവര്‍ ആനന്ദിക്കട്ടെ. എന്നാല്‍ അവളോടും അവളുടെ ഭര്‍ത്താവിനോടും കുട്ടികളോടും എനിക്ക് സഹതാപമുണ്ട്. പുരുഷന്മാരുടെ മുഖസ്തുതിയിലും പ്രലോഭനത്തിലും കുടുങ്ങുന്ന ധാരാളം സ്ത്രീകള്‍ ജോലിസ്ഥലത്തും അല്ലാതെയുമുണ്ട്.

ഇത്തരത്തിലുള്ളവര്‍ക്ക് നല്ലൊരു കുടുംബജീവിതം സാധ്യമല്ല.
ജാക്കി ചിന്താകുലനായി. ബാങ്കിലെ കാശ് ഒക്കെ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. ആ ഭാരം തലയിലുള്ളപ്പോള്‍ ഉള്ള ജോലി കളയാന്‍ വയ്യ. ജാക്കി വാച്ചിലേക്ക് നോക്കി.
ഡാനിച്ചായന്‍ വീട്ടിലെത്തിക്കാണുമായിരിക്കും. ഇതില്‍ ഡാനിച്ചായന് ഒന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കമ്പനി ഒന്നാണെങ്കിലും മറ്റൊരു ഡിവിഷനില്‍ ജോലി ചെയ്യുന്ന ആളല്ലേ? ഉള്ള കാര്യങ്ങള്‍ തുറന്നു പറയനുന്നതില്‍ തെറ്റില്ല. അദ്ദേഹം വാങ്ങിത്തന്ന ജോലിയല്ലേ. മറ്റൊരു ജോലിക്ക് വേണ്ടി ഇനിയും ഡാനിച്ചായനെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. കുറെ പരിചയക്കാര്‍ ഉണ്ടല്ലോ. അവര്‍ വഴി മറ്റൊരു ജോലിക്ക് ശ്രമിക്കുന്നതാണ് നല്ലത്. ഡാനിച്ചായനോട് തുറന്നു പറയാം ഈ സെയ്ഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ജോലിക്ക് താല്പര്യമില്ലെന്ന്.
തന്റെ വിഷയം സിവില്‍ എന്‍ജിനിയറിംഗാണ്. ഈ കാര്യം സിസ്റ്റര്‍ കാര്‍മേലിനോട് പലവട്ടം പറഞ്ഞിട്ടുണ്ട്. യാത്രകള്‍ കഴിഞ്ഞ് വരട്ടെ, ഒന്നുകൂടി സിസ്റ്ററോട് പറയാം. തടസ്സമായത് സിസ്റ്ററുടെ യാത്രകളാണ്. പുതുമ നിറഞ്ഞ ലോകത്തേക്കുള്ള അന്വേഷണം നല്ലതാണെന്നാണ് സിസ്റ്റര്‍ അവസാനമായി പറഞ്ഞത്. അത് എങ്ങനെയാണ് കണ്ടെത്തുക. സിസ്റ്ററുടെ വാക്കുകള്‍ മനസ് ബലപ്പെടുത്തിയിട്ടുണ്ട്. തിരിഞ്ഞുനോക്കാതെ മുന്നോട്ടു നടക്കുക. കുറെ ത്യാഗങ്ങള്‍ കഷ്ടങ്ങള്‍ സഹിക്കാതെ ആര്‍ക്കും ജീവിക്കാന്‍ ആകില്ല. ദൈവത്തില്‍ ഉറച്ച വിശ്വാസം ഉണ്ടാകണം. സിസ്റ്ററുടെ വാക്കുകള്‍ക്കനുസരിച്ച് ഉയരുകയാണ് വേണ്ടത്.

തുണി മാറി അടുക്കളയില്‍ കയറി ചായയ്ക്ക് വെള്ളം വച്ചു. ഇവിടെ വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ വെള്ളവും കരണ്ടും ഇല്ലാതെ വന്നിട്ടില്ല. പൈപ്പുകള്‍ വഴി ഓരോ വീട്ടിലുമെത്തുന്ന ഗ്യാസും ഇല്ലാതെ വന്നിട്ടില്ല. ഈ രാജ്യത്ത് വന്നപ്പോഴാണ് പൗരസ്വാതന്ത്യം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. പ്രകടനക്കാരോ പ്രതിഷേധക്കാരോ അധികമില്ല. എല്ലാം ശാന്തമായി സമാധാനമായി നേരിടുന്നു. മനുഷ്യന്റെ ആവശ്യങ്ങളെ അനുസരിച്ച് മിനുറ്റുകള്‍ക്കുള്ളില്‍ ട്രെയിനും ബസ്സും വന്നുപോകുന്നതുപോലെ പോലീസും ആംമ്പുലന്‍സും വീട്ടിലെത്തും. ഇന്ത്യ പോലുള്ള രാജ്യത്തുനിന്നും വന്നെത്തുന്നവര്‍ക്ക് ഇതുപോലുള്ള കാഴ്ചകള്‍ അത്ഭുതം തന്നെയാണ്. സത്യവും നീതിയും പരിപാലിക്കുന്നതിനാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതും അഭിമാനത്തോടെയാണ് കണ്ടത്. ചായയും ബിസ്കറ്റും കഴിച്ചുകൊണ്ടിരിക്കെ ഡാനിച്ചായനെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. ഡാനിച്ചായന് വിശ്വസിക്കാനായില്ല. ഒരു മലയാളി സ്ത്രീ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ഡാനിച്ചായനെ അത്ഭുതപ്പെടുത്തി.
ഡാനിയേല്‍സാര്‍ ജാക്കിയോട് പറഞ്ഞു. “” ഞാന്‍ ജാക്കിയുടെ മാനേജരുമായി സംസാരിച്ച് അടുത്തുള്ള ഏതെങ്കിലും ജോബ് സെന്ററില്‍ തരാന്‍ പറഞ്ഞുനോക്കാം. ”
“”സിസ്റ്റര്‍ കാര്‍മേലുമായി സംസാരിച്ചിട്ടുണ്ട്. സിസ്റ്ററെ ഞാനൊന്ന് കണ്ടിട്ട് അഭിപ്രായം പറയാം.” ജാക്കിയുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് ഡാനിയേല്‍ സാര്‍ സംസാരം അവസാനിപ്പിച്ചു. മനസ്സിന് ഒരല്പം തളര്‍ച്ച തോന്നിയെങ്കിലും സ്വന്തം തീരുമാനത്തില്‍ പിന്നോട്ടുപോകാന്‍ തോന്നിയില്ല. വിയര്‍ക്കുന്നവന്റെ മുന്നില്‍ ആ വെളിച്ചം മാറി മറിയും. ഓരോ നിമിഷവും ആ വെളിച്ചം നമ്മെ വളര്‍ത്തി വലുതാക്കും. ആത്മാവിന്റെ മൗനം. സിസ്റ്റര്‍ കാര്‍മേലും ഡാനിച്ചായനുമാണ് തന്നെ ഇവിടെ സഹായിച്ചിട്ടുള്ളത്.

ചായ കുടി കഴിഞ്ഞ് കട്ടിലില്‍ നിവര്‍ന്നു കിടന്നു. മുറിക്കുള്ളില്‍ ടി.വി. ഇല്ലാത്തതിനാല്‍ വായനയിലും പഠനത്തിലുമാണ് സമയം ചിലവിടുന്നത്. കമ്പ്യൂട്ടര്‍ ഉള്ളതിനാല്‍ ലോകത്ത് നടക്കുന്ന കുറെ കാര്യങ്ങള്‍ അതിലൂടെ മനസ്സിലാക്കാം.
മലയാളം നോവലുകള്‍ ഈസ്റ്റ് ഹാം ലൈബ്രറിയില്‍ ഉള്ളത് ഉപകാരമായി. കട്ടിലിനരികില്‍ വച്ചിരുന്ന മലയാളി എഴുതിയ ഇംഗ്ലീഷ് നോവല്‍ “”മലബാര്‍ ഫ്‌ളെയിം ”മറിച്ചുനോക്കി. ആ നോവല്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ ഷാരോണിനോട് പറയണം. ഷാരോണിന്റെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു. ഇങ്ങോട്ടു വരുന്നതിന് മുമ്പ് പാല്‍ സൊസൈറ്റിയില്‍ നിന്ന് പാല്‍ വാങ്ങി മടങ്ങവെ മുന്നില്‍ തിളങ്ങുന്ന കണ്ണുമായി ഷാരോന്‍ നിന്നത് മങ്ങാതെ നില്ക്കുന്നു.
ഷാരോന്റെ ഒപ്പം സ്വന്തം പെറ്റായ നായ കിട്ടുവുമുണ്ട്. അവള്‍ പറമ്പിലും പാടത്തും പോകുമ്പോഴൊക്കെ കിട്ടുവും ഒപ്പം ഉണ്ടാകും. ഷാരോന്‍ കരാട്ടെ പഠിക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ സ്ത്രീകള്‍ ആദ്യമായി പഠിക്കേണ്ടത് അതാണെന്ന് തോന്നുന്നു. ഷാരോണിനോടുള്ള സ്‌നേഹത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് ചിരിച്ച് നടന്നവര്‍. അവരില്‍ പ്രണയമുണ്ടെന്ന് മറ്റുള്ളവര്‍ക്കു തോന്നുമെങ്കിലും തങ്ങള്‍ ഇന്നുവരെ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. അവര്‍ ഒന്നിച്ചാണ് മാവേലിക്കര ബിഷപ് മൂര്‍ കോളേജില്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയത്.

താന്‍ തുടര്‍പഠനത്തിനായി ലണ്ടനിലേക്ക് പറന്നപ്പോള്‍ അവള്‍ കൊട്ടാരം കോശിയുടെ പാത തുടരാനാണ് ആഗ്രഹിച്ചത്. പോസ്റ്റ് ഗ്രാജുവേഷന്‍ എടുത്തിട്ട് എല്‍ എല്‍ ബി ക്ക് പോകുവാനാണ് ആഗ്രഹം. അതിന്റെ കാരണം ഇംഗ്ലീഷ് കൂടുതല്‍ വശമാക്കാനാണ്. ഈ വര്‍ഷവും ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റികളുടെ സിറ്റി ലോകറാങ്കില്‍ ബ്രിട്ടണ്‍ തന്നെയാണ് മുന്നില്‍. ലോകറാങ്കില്‍ ലണ്ടനിലെ ആറ് യൂണികള്‍ ഇടംതേടിയിട്ടുണ്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിയാണ് ഏറ്റവും മുന്നില്‍. അതെല്ലാം തനിക്ക് പുതിയ അറിവുകളായിരുന്നു.
അവളുടെ വീട്ടില്‍ കമ്പ്യൂട്ടര്‍ ഉള്ളതിനാല്‍ എല്ലാം അവള്‍ പെട്ടെന്ന് അറിയുന്നു. അതുപോലെ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നെങ്കില്‍ ഇതുപോലെ കാര്യങ്ങള്‍ അറിയാമായിരുന്നു. റോഡിലൂടെ അവര്‍ മുട്ടിയുരുമ്മി സംസാരിച്ചും പുഞ്ചിരിച്ചും നടക്കുന്നത് കണ്ടാല്‍ പ്രണയജോഡികളെന്ന് കാണുന്നവര്‍ കരുതും. താന്‍ ലണ്ടനിലേക്ക് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ഷാരോണിന്റെ മനസ്സൊന്നു പിടഞ്ഞു.

പക്ഷെ അതൊന്നും പുറത്തുകാട്ടിയില്ല. പുതിയ നോവലുകള്‍ വാങ്ങാനും പഠനവിഷയങ്ങള്‍ സംസാരിക്കുന്നതിനും താന്‍ ഒരു സഹായിയാണ്. ഷാരോണില്‍ നിന്ന് അകലുമ്പോള്‍ മനസിന് വിഷമമുണ്ടായിരുന്നു. അത് മനസിനെ സങ്കീര്‍ണമാക്കുകയും ചെയ്തു.
എല്ലാം മനുഷ്യരിലും പ്രണയം ഉണ്ടെന്നല്ലേ പറയുന്നത്. മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നിരാശയുമൊക്കെ ഓരോരുത്തര്‍ ആഗ്രഹിക്കുന്ന ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. എല്ലാം മൗലികവും ആവശ്യകത നിറഞ്ഞതാണെങ്കിലും ഇരുളും നിലാവും പോലെയുള്ള ഒരവസ്ഥയാണ് ഇതിലുള്ളത്. പ്രണയം ഒരു കാരാഗ്രഹവാസം ആണോ?. ആ തടവറ കമ്പികള്‍ ഭേദിച്ച് പുറത്തുവരിക അത്ര എളുപ്പമുള്ള കാര്യമല്ല. ഷാരോണിനോട് ഇടപെട്ടിട്ടുള്ളത് നിഷ്കളങ്കമായിട്ടാണ്. യൗവനം തുളുമ്പി നില്ക്കുന്ന അവളുടെ സൗന്ദര്യത്തില്‍ ഏതുപുരുഷനാണ് ആകൃഷ്ടനാകാത്തത്. ഞങ്ങളുടെ പെരുമാറ്റത്തില്‍ പലര്‍ക്കും അങ്ങിനെ തോന്നും. ഞാനൊരിക്കലും അവളെ പ്രണയിച്ചിട്ടില്ല. ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ടേ ഉള്ളൂ. ആ സ്‌നേഹവും കാരുണ്യവും എന്നും കാണണം. എന്നും അവളെ സന്തോഷവതിയായിട്ടാണ് കണ്ടിട്ടുള്ളത്. ഒരിക്കല്‍ മാത്രമേ അവളെ ദേഷ്യത്തില്‍ കണ്ടിട്ടുള്ളൂ. അതും ഒരു സഹപാഠിയുടെ കരണത്തിടിച്ചുകൊണ്ട്.
സമ്പന്ന കുടുംബത്തിലെ മക്കള്‍ കോളജ് ക്യാമ്പസില്‍ വിലസുന്ന കാലം. കഞ്ചാവും മയക്കുമരുന്നും മദ്യവും അശ്ലീലസിനിമകളും ആണ് അവരുടെ സുഹൃത്തുക്കള്‍. അവരിലൊരുവന്‍ അവളെ സിനിമയ്ക്കു വിളിച്ചു. പിന്നീട് നടത്തിയ ശൃംഗാരവാക്കുകള്‍ അവള്‍ക്കു ഇഷ്ടമായില്ല. പറഞ്ഞുതീരും മുമ്പേ അടിയും ചവിട്ടും രാജേഷിന് ഒന്നിച്ചു കിട്ടി. ഭരണാധികാരിയുട മകന്‍ കോളേജ് റോഡില്‍ മലര്‍ന്നടിച്ചു കിടന്നു. അവന്റെ കൂട്ടുകാര്‍ മുന്നോട്ടു വന്നെങ്കിലും താനും സുഹൃത്തുക്കളും പ്രതികാരഭാവത്തോടെ നില്ക്കുന്നതുകണ്ട് അവര്‍ പിന്‍മാറി.
“”ഭരണപക്ഷത്തെ എം എല്‍ എ യുടെ മകനായതുകൊണ്ട് പ്രത്യേക പദവികളൊന്നും കോളേജിലില്ല. ഞാന്‍ കോളേജില്‍ വരുന്നത് പഠിക്കാനാണ് അല്ലാതെ പ്രണയിക്കാനും പ്രണയസിനിമകള്‍ കാണാനുമല്ല. എന്നോട് അനാവശ്യം പറഞ്ഞിട്ട് ഒരുത്തനും വിലസാമെന്ന് കരുതേണ്ട. അത് ഏത് വമ്പന്റെ മോനായാലും ശരി. ഇനിയും നീ മസില്‍ കാട്ടി സ്ത്രീകളെ അപമാനിക്കാമെന്ന് കരുതേണ്ട. അഴിയെണ്ണും നീ. ഈ പറയുന്നത് കൊട്ടാരം കോശിയുടെ മകളാണ്. മറക്കണ്ട. എന്താടാ പോലീസിനെ വിളിക്കണോ? നിന്റെ ഭരണപോലീസല്ലേ? ”
രാജേഷ് ഭീതിയോടെ നോക്കി. മൂര്‍ഖനെപ്പോലെ പത്തി വിടര്‍ത്തിനിന്നവന്‍ പെട്ടെന്ന് തലയും താഴ്ത്തി കൂട്ടുകാര്‍ക്കൊപ്പം നടന്നു.

അവളുടെ വടിവൊത്ത ശരീരഭംഗിപോലെ ശക്തമായ നിലപാടിനെയും കൂടി നിന്നവര്‍ മനസ്സാലെ പുകഴ്ത്തി. അവളുടെ പ്രവൃത്തികളെല്ലാം ഇതുപോലെയാണ്. കോളേജില്‍ കാറുമായി വരുമ്പോള്‍ അതില്‍ നിറയെ കൂട്ടുകാരികളെ കയറ്റിയാണ് മടങ്ങിപ്പോകുന്നത്. അതുപോലെ പ്രായമുള്ളവരെ കാറില്‍ കയറ്റി വീട്ടിലെത്തിക്കുന്നതും അവള്‍ക്ക് ആഹ്ലാദം പകരുന്ന കാര്യമാണ്. ഇതുപോലെ അനുകമ്പയും ദയയുമുള്ള കുട്ടികള്‍ സമൂഹത്തില്‍ കുറവാണ്. സത്യത്തില്‍ അവരെയാണ് മനുഷ്യന് ആവശ്യമുള്ളത്.