ശരറാന്തൽ വെളിച്ചം

പള്ളിയിൽ പോകാനായി സിസ്റ്റർ കാർമേലും ഷാരോണും പുറത്തെ വരാന്തയിലെത്തി. സിസ്റ്റർ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.
“” ഏലീയാമ്മേ! ഞങ്ങള് പള്ളിലോട്ട് പോകുവാണേ”
പെട്ടന്ന കയ്യിലൊരു തവിയുമായി ഏലീയാമ്മ കടന്നു വന്നു.
“”സിസ്റ്ററെ! എനിക്കുംകൂടങ്ങ് വരണോന്നൊണ്ടാരുന്നു.
അടുക്കളയിൽ അല്പം പണിയുണ്ട്. ഒാഫീസ്സിലും പോണം”
“” ഒാ… സാരമില്ല. ഞങ്ങളങ്ങ് പോയേച്ചും വരാം. അടുത്തല്ലേ.
“” ഞാന് കാറിറക്കട്ടേ പെങ്ങളെ” വരാന്തയിൽ മുരളിയുമായി സംസ്സാരിച്ചിരുന്ന കോശി ചോദിച്ചു.
“” ഒാ…. പിന്നെ…. ഇൗ പള്ളിമുറ്റത്തെത്താനല്ലേ കാറ്.
നീ നിന്റെ ജോലി നോക്ക് കോശി…..വാ മോളെ”
സിസ്റ്റർ കാർമേൽ ഷാരോണിന്റെ കൈ കവർന്നു നടന്നു നീങ്ങി. ഷാരോൺ കോശിക്കും ഏലീയാമ്മക്കും ” ബൈ ” കാണിച്ചു.
അവർ പള്ളിയിലെത്തുമ്പോൾ വിശുദ്ധകുർബാനയുടെ ഒരുക്കങ്ങൾ അൾത്താരയിൽ നടക്കുന്നു. മുൻവരിയിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളുടെ അരികിലായി സിസ്റ്റർ കാർമേൽ കടന്നുചെന്നു. ഷാരോൺ അവരുടെ പിറകിലും.
നീണ്ട വർഷങ്ങൾക്ക് ശേഷം സ്വന്തം മാതൃഭാഷയിൽ അർപ്പിക്കപ്പെട്ട ആ ദിവ്യബലിയിൽ തന്റെ സ്വന്തം ജീവിത ഭൂപടങ്ങളിലെ വിശ്വാസ കർമ്മതലങ്ങൾ സിസ്റ്റർ കാർമേൽ തൃപ്തിയോടും ആത്മനിർവൃതിയോടും സമർപ്പിച്ചു. ഒപ്പംതന്നെ തന്റെ പ്രിയപ്പെട്ട പിതാവിന്റെ ഒാർമ്മകളും ആ മകൾ സമർപ്പണം ചെയ്തു ദിവ്യബലിയിൽ.
കുർബാന കഴിഞ്ഞ് തന്നോടൊപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളോട് കുശലം പറഞ്ഞു. ആ ദേവാലയത്തിനകം സൂക്ഷമതയോടെ നോക്കികണ്ടു. ബ്രിട്ടനിൽ ആരാധകരുടെയെണ്ണം ദേവാലയത്തിനുള്ളിൽ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇവിടെ ഇരിക്കാൻ സ്ഥലമില്ലാതെ പള്ളിക്ക് പുറത്ത് ജനങ്ങൾ നില്ക്കുന്നത് കൗതുകപൂർവ്വം കണ്ടു.
ഇടയന്റെ കുഞ്ഞാടെന്ന കണക്കെ ഷാരോൺ തന്റെ അമ്മായിയുടെ പിറകിൽ നടന്നു.
പിതാവിന്റെ കല്ലറ കാണാൻ മനസ്സ് വെമ്പൽകൊണ്ടുനിന്നു. തൊട്ടടുത്തുള്ള പള്ളിസെമിത്തേരിയിലേക്ക് നടന്നു.
ശവകല്ലറകൾ ഒരു ഉദ്യാനംപോലെ തോന്നിച്ചു. നടപ്പാതകൾക്കു അടുക്കും ചിട്ടയോടും കൂടി ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളിൽ ഒാട് പാകിയിരിക്കുന്നു.
ജനനതീയതിയും മരണതീയതിയും കുറിച്ചുവെച്ച കല്ലറ കുരിശുകൾ പേരുകൾക്കൊപ്പം. വികസിത രാജ്യങ്ങളിലെ പള്ളി പരിസരത്ത് മുന്നൂറ് വർഷങ്ങൾ പഴക്കമുള്ള കല്ലറകൾ ഇതുപോലെ പേരെഴുതി കണ്ടിട്ടുണ്ട്. ഇന്ന് എല്ലാവർക്കും പൊതുശ്മശാനമുണ്ട്. ഇവിടെ പലഭാഗത്തും ആഡംബരകല്ലറകളും കണ്ടു.
അതാ!…. തന്റെ പിതാവിന്റെ കല്ലറ!
മാർബിളിൽ തീർത്ത കല്ലറ. മനോഹരമായ കുരിശ് സൂര്യപ്രഭയിൽ തിളങ്ങുന്നു. പിതാവിന്റെ അന്നത്തെ പ്രതാപം ഒാർമ്മിപ്പിക്കും വിധത്തിൽ മനോഹരമായിരിക്കുന്നു. അന്തസ്സും പ്രൗഡിയുമുള്ള കൊട്ടാരം തറവാട്ടിലെ മകൻ കോശി പിതാവിനുവേണ്ടി ഒടുവിലായി ചെയ്തുതീർത്ത സൽക്കർമ്മം. ഒാർമ്മകളെ ജ്വലിപ്പിച്ചു നിർത്തുന്ന കല്ലറകൾ!
ങേ! ഇതെന്താണ്?
കുഴിമാടം തുടച്ചുവൃത്തിയാക്കി പൂക്കൾവിതറി, നടുവിൽ പൂക്കളിൽ തന്നെ കുരിശടയാളവും ചെയ്തുവെച്ചിരിക്കുന്നു. ആ കുരിശിൽ ചുവപ്പ് റോസാപൂക്കളിൽ തീർത്ത വലിയൊരുമാലയും ചാർത്തിയിരിക്കുന്നു. കല്ലറക്ക് ചുറ്റും മെഴുകുതിരികൾ കുത്തിനിറുത്തിയിരിക്കുന്നു. അവയിൽ തിരികൊളുത്താൻ ഒരു തീപ്പെട്ടിപോലും കുരിശിന്റെ താഴെയായി വെച്ചിരിക്കുന്നു.
സിസ്റ്റർ കാർമേൽ അത്ഭുതപ്പെട്ടുപോയി. മെല്ലെ മുഖം തിരിച്ച് ഷാരോണിനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അവൾ പറഞ്ഞു.
“” ഞാനും പപ്പായും നേരത്തേ വന്നു ചെയ്തതാണ് സിസ്റ്റർ ആന്റി ഇതൊക്കെ.”
സിസ്റ്റർ കാർമേൽ അവളെ അണച്ചുപിടിച്ച് നെറ്റിയിൽ ചുംബിച്ചു.
ഷാരോൺ വല്യച്ഛന്റെ കുഴിമാടത്തിലെ മെഴുകുതിരികളൊക്കെയും കത്തിച്ചുനിറുത്തി. ഒരു പുതുജീവൻ പ്രാപിച്ചവളെപോലെ സിസ്റ്റർ കാർമേലും ഒരു തിരികത്തിച്ചു. അതിനുമുന്നിൽ വിതുമ്പലോടെ നിന്നു. വിറയാർന്ന അധരങ്ങളിൽ നേരിയ ചലനങ്ങൾ. ആ ചലനങ്ങൾ പ്രാർത്ഥനയാണോയെന്ന മട്ടിൽ ഷാരോൺ നോക്കി.
പ്രാർത്ഥനയല്ല.
“”അപ്പച്ചാ…….അപ്പച്ചാ…..എന്റെ അപ്പച്ചാ……” ഒരു വിതുമ്പലോടെ നീട്ടിവിളിക്കുകയായിരുന്നു. പെട്ടന്ന് ആ മകൾ കല്ലറ കാൽക്കൽ മുട്ടുകുത്തിനിന്നു. കൈകൂപ്പി കണ്ണുകളടച്ചു.
ആ കണ്ണുകൾ നിറഞ്ഞുതുളുമ്പി വിങ്ങിപ്പൊട്ടി. ആ കല്ലറകാൽക്കൽ ആ ശ്രേഷ്ഠ കന്യാസ്ത്രീ മുഖം ചേർത്ത് വെച്ച് തേങ്ങി തേങ്ങി കരഞ്ഞു. സ്വന്തം പിതാവിന്റെ മടിയിലെന്നവണ്ണം ആ സന്യാസിനി മകൾ മുഖം അമർത്തി വെച്ച് കണ്ണീർവാർത്തു.
ഷാരോണിന്റെ മിഴികളിലും നീർകണികകൾ.
നിമിഷങ്ങളോളമുള്ള ആ അവസ്ഥയിൽ നിന്നും സിസ്റ്റർ കാർമേൽ വിടുതൽതേടി മിഴികളൊപ്പി എഴുന്നേറ്റ് നിന്നു. ആ സമയം ആകാശത്ത് ഒരു വെള്ളരിപ്രാവ് വട്ടമിട്ടുപറന്നു. ഒരാശ്വാസമെനന്നപോല ഷാരോൺ സിസ്റ്ററാന്റീയുടെ കൈപിടിച്ച് മുന്നോട്ട് നടത്തി. സിസ്റ്റർ കാർമേൽ കണ്ടത്.
“” അതാ……..അതാ……..ഒരു വെള്ളരി പ്രാവ്……” ചേതോഹരമായ ആ മാർബിൾ കുരിശിന്റെ മധ്യത്തിൽ വന്നുനില്ക്കുന്നു. പിതാവിന്റെ ആത്മാവാണോ?!! സിസ്റ്റർ കാർമേലിന്റെ മനസ്സിൽ തൃപ്തിയുടെ വേലിയേറ്റങ്ങൾ. ഷാരോണിനെ അണച്ചു പിടിച്ചുകൊണ്ട് സിസ്റ്റർ നീങ്ങി. അല്പനിമിഷങ്ങളിലെ നിശ്ശബ്ദതയിൽ നിന്നും വിടുതൽ പ്രാപിച്ചുകൊണ്ട് കല്ലറയിലേക്ക് ഒരിക്കൽകൂടി തിരിഞ്ഞുനേക്കി നിന്നു. ഷാരോണും തിരിഞ്ഞുനോക്കി.
“”മോളെ….എന്റെ മോളെ…. ഇൗ സിസ്റ്ററാന്റിക്ക് സന്തോഷമായി….” ഷാരോൺ ജന്മപൂർണ്ണതയിലെന്നവണ്ണം ആനന്ദത്തോടെ സിസ്റ്ററെ നേക്കി. വിദൂരതയിലേക്ക് മിഴികൾ പായിച്ച് ഒരു തത്വജ്ഞാനിയെപ്പോലെ സിസ്റ്റർ തുടർന്നു.
“” കുടുംബബന്ധങ്ങളോട് അകലം പാലിക്കപ്പെടേണ്ട വസ്ത്രമാണ് ഞാൻ ധരിച്ചിരിക്കുന്നത്..എന്നാലും….. എന്നാലും എനിക്കുകിട്ടിയ സ്വന്തംരക്തത്തിലെ ബന്ധങ്ങൾ. തൃപ്തിയായി മോളെ….തൃപ്തിയായി……”
പറഞ്ഞുതീർന്നയുടനെ സിസ്റ്റർ തന്റെ ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും രണ്ട് ചോക്ലേറ്റുകളെടുത്ത് ഒരെണ്ണം ഷാരോണിന്റെ വായിൽവെച്ചുകൊടുത്തു. അവൾ ചിരിച്ചുകൊണ്ട് നോക്കിയപ്പോൾ സിസ്റ്ററും ഒരെണ്ണം ചവച്ചിറക്കി. സിസ്റ്ററുടെ പോക്കറ്റിലെപ്പോഴും ചോക്ലേറ്റ് കരുതുന്നത് നടന്ന് നടന്ന് ക്ഷീണതയാകുമ്പോൾ ഇതാണ് ഒരാശ്വാസം.
അവർ മെല്ലെ നടന്നുപള്ളി സെമിത്തേരിയിലെ ചെറിയ ചാപ്പലിലെത്തി. അവിടുത്തെ ചെറിയ കുരിശ് രൂപത്തെ നോക്കി സിസ്റ്റർ നിശ്ശബ്ദം പ്രാർത്ഥന നടത്തി.
ഇൗ സമയത്ത് ഷാരോൺ കയ്യിൽ കരുതിയിരുന്ന ചെറിയ ബാഗിൽ നിന്നും ഒരു പുസ്തകമെടുത്ത് നിവർത്തി. പ്രാർത്ഥനക്കു ശേഷം അവരിരുവരും ചാപ്പലിലെ ചാരു ബെഞ്ചിലിരുന്നു. ഷാരോണിന്റെ കൈവശമുണ്ടായിരുന്ന പുസ്തകം വാങ്ങി നോക്കിക്കൊണ്ട് സിസ്റ്റർ പറഞ്ഞു.
“” ങേ! ഇതെന്താ?. “”മാൽഗുഡി ഡേയ്സ് ” വളരെ പഴയതാണല്ലോ. ആർ.കെ നാരായണനെ അടയാളപ്പെടുത്തിയ പുസ്തകം. തൊണ്ണൂറുകളിൽ ഇറങ്ങിയതാണ്. അൻപതിലധികം പതിപ്പുകൾ വന്നുകഴിഞ്ഞു. എന്നാലും പുതുപുത്തൻ തന്നെ. അല്ലാ….. ഇതെന്താ മോളിപ്പം വായിക്കുന്നത് ”
“” സിസ്റ്ററാന്റി ഇതെന്റെ ഫേവറേറ്റ് ആണ്. റിവിഷൻ മാതിരി ഇടയിക്കിടെ വായിക്കാനിഷ്ടമാണ് ”
“” ങ്ഹാ…ങാഹാ… എന്റെ സുന്ദരിക്കുട്ടി മിടുക്കിയാണല്ലോ. വായിക്കണം മോളെ വായിക്കണം. വായനാശീലം മനുഷ്യന് ലഭിച്ച ഒരനുഗ്രഹമാണ്. ദൈവാനുഗ്രഹം.
ലോകാനുഭവം കിട്ടുന്നത് പുസ്തകങ്ങളിൽ നിന്നും യാത്രകളിലൂടെയാണ്. ഗുഡ്…. വെരിഗുഡ്….വായന തലച്ചോറിന്റെ ആഘോഷമാണ്.”
“”ജാക്കിയും നല്ല വായനക്കാരനാണ്..” ഷാരോൺ ഉത്സാഹത്തോടെ പറഞ്ഞു.
അവൾ തുടർന്നു.
“” ഞാൻ അവനോട് അന്നേ പറഞ്ഞതാ പട്രിക്ക കോണവേലിന്റെ പോസ്റ്റുമാർട്ടം നോവലും മാർഗ്രറ്റ് അറ്റ്വ്യുട്ടിന്റെ ദി ബൈ്ലയിഡ് അസ്സസ്സും വാങ്ങി കൊടുത്തുവിടണമെന്ന്. മടിയൻ ചെയ്തില്ല.”
“”ഹേയ് ! അവൻ മടിയനൊന്നുമല്ല നല്ല കുട്ടിയാണ്.
പ്രായത്തിൽ കവിഞ്ഞ പക്വതയും പാകതയും സ്വന്തമാക്കിയവൻ
അവൻ അവിടെ വന്നതല്ലേയുള്ളു. മോൾ നല്ലൊരു വായനക്കാരിയെന്ന് ഞാനറിഞ്ഞില്ല. ഞാൻ മടങ്ങിചെന്നിട്ട് മോൾക്കു ഇഷ്ടമുള്ള പുസ്തകം ഞാനിവിടെ എത്തിക്കാം. എന്താ പോരെ”. അവളുടെ കണ്ണുകൾ വികസിച്ചു. സന്തോഷത്തോടെ പറഞ്ഞു.
“” അതുമതി ആന്റി” “” ഇംഗ്ലീഷുകാർ ധാരാളം വായിക്കുന്നവരാണ്. പുസ്തകം അവരുടെ കൂടെപ്പിറപ്പുകളാണ്. മോൾക്ക് ജാക്കിയെ ഇഷ്ടമാണോ?
“”ഇഷ്ടമാണാന്റി.” പെട്ടന്നവൾ പറഞ്ഞു നാക്കുകടിച്ചു.
ആ നാക്ക് കടിക്കൽ സിസ്റ്റർ കാർമേൽ അത്യന്തം ശ്രദ്ധിച്ചു. അവളുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കാനെന്നവണ്ണം ആ നിഗൂഡാർത്ഥം അന്വേഷിക്കുന്ന ഗവേഷകയെപ്പോലെ സിസ്റ്റർ കാർമേലിന്റെ വക ഒരു കുസൃതിചോദ്യം.
“”ങേ!ങേ! എങ്ങനത്തെ ഇഷ്ടം….?” പതുങ്ങി പതുങ്ങി കുസൃതി ചിരിയോട്.
“” ഇഷ്ടം….ഇഷ്ടം….മാത്രം. വേറെ…. ഒന്നുമില്ല…..”
“”വേറെ എന്തെങ്കിലുമുണ്ടോയെന്ന് എന്റെ സുന്ദരികുട്ടിയോട് ചോദിച്ചില്ലല്ലോ…..? ഞാൻ ചോദിച്ചോ….?”
ഷാരോൺ തെല്ലൊന്ന് ചൂളിപ്പോയി. ജാള്യതയും പരുങ്ങലും ചേർന്നൊരു മുഖഭാവത്തോടെ അവൾ
“”പോ സിസ്റ്ററാന്റി. അങ്ങനെയൊന്നുമില്ലന്നേ….” ഒരു കള്ള ശുണ്ഠി ആ ഒാമന മുഖത്തിൽ അഴക് വർദ്ധിപ്പിച്ചു. “”ങേ്….എങ്ങനൊന്നുമല്ലാന്ന്” സിസ്റ്റർ വിട്ടുകൊടുക്കാതെ തന്നെ പിൻതുടർന്നു.
അവളുടെ നാണം കലർന്ന കള്ളശുണ്ഠി കാണാനുള്ള വ്യഗ്രതയോടെ സിസ്റ്റർ തുടർന്നു. ഉള്ളിൽ ചിരിയും ഉൗർന്നുവരുന്നുണ്ട്.
“” അവനെ സിസ്റ്ററാന്റീടെ സുന്ദരിക്കുട്ടിക്ക് കെട്ടിച്ചു തരട്ടെ. പപ്പായോട് പറയാം…”
സ്വന്തം മകളെപോലെ അതീവവാത്സ്യല്യത്തോടെ അവളെ ഇറുകെ കെട്ടിപിടിച്ചു.
“” അയ്യോ…അയ്യോ…വേണ്ട….വേണ്ട…” ഒരു ഞെട്ടലോടെ പറഞ്ഞു.
കുസൃതിചിന്ത വെടിഞ്ഞു ഒരു താത്വികവിശാല വീക്ഷണം ഉൾവാങ്ങിയപോലെ സിസ്റ്റർ കാർമേൽ തുടർന്നു.
“” ഒന്നിലുമൊന്നിലും തെറ്റ് കണ്ടുപിടിക്കരുത്. നല്ലതുകൾ എപ്പോഴും എവിടെയും ശരികളാണ്. മതത്തേക്കാൾ വലുത് മനുഷ്യനാണ്. മനുഷ്യർ സ്നേഹമുള്ളവരും വിശുദ്ധിയുള്ളവരുമാകണം. അതാണ് എന്റെ മതം.” ഷാരോൺ അത്ഭുതത്തോടെ സിസ്റ്ററെ നോക്കി.
“” സിസ്റ്ററാന്റിക്ക് പ്രസംഗിക്കണമെങ്കിൽ ധാരാളം വായിക്കണം അല്ലേ?
“”ഉം…ഉം…വായന ഒഴുവാക്കാനാവില്ല. അത് ഞങ്ങളുടെ ട്രെയിനിംഗിന്റെ ഭാഗമാണ്. ജീവിതത്തിന് ശ്രേഷ്ടതകൾ ഉണ്ടാവണം. ഒന്നുമല്ലാത്തത് ജീവിതമല്ല. മുള്ളുകളിൽ നിന്ന് മുന്തരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോയെന്ന തിരുവെഴുത്തുകൾ നമ്മേ പഠിപ്പിക്കുന്നതും അതു തന്നെയാണ്. കറുത്ത ബോർഡിൽ കറുത്ത ചോക്കുകൊണ്ടെഴുതുന്നതു പോലെയാകരുത് നമ്മുടെ ജീവിതം.”
ഷാരോണിന്റെ മുഖത്ത് നോക്കിയപ്പോൾ അവൾ തന്റെ കണ്ണുകളിലേക്ക് മാത്രം നോക്കികൊണ്ടിരിക്കുന്നതാണ് കണ്ടത്.
“” സിസ്റ്ററാന്റി! നമുക്ക് മറ്റു മതഗ്രന്ഥങ്ങൾ വായിച്ചു പഠിക്കാൻ നിയന്ത്രണങ്ങളുണ്ടോ?”
അതിന്റെയുത്തരം സിസ്റ്ററുടെ പുഞ്ചരിമാത്രം. എന്നാലും തുടർന്നു. “”ങ്ഹാ! പഴയകാലങ്ങളിൽ അതൊക്കെ ഉണ്ടായിരുന്നതാണ്.
ഇന്നില്ല. നോക്കു മോളെ! ദാനം-ദാനമെന്ന സൽക്കർമ്മം മുഴുവനായും മനസ്സിലാക്കാൻ നാം ഖുർആൻ വായിക്കണം. കർമ്മങ്ങൾ എന്തെന്ന് മനസ്സിലാക്കാൻ ഗീതയും രാമായണവും വായിക്കണം. അതോക്കെ വായിക്കാത്തതാണ് മനുഷ്യർ തെറ്റിൽ നിന്നും തെറ്റിലേക്ക് പോകുന്നത്”
“”അതൊരു സത്യമാണ് സിസ്റ്ററാന്റി”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“”നോക്കു മോളെ! സ്നേഹം എന്ന വെറും രണ്ടക്ഷരം എത്രമാത്രം ശക്തവും സൗമ്യവുമായ പദം. അതിന്റെ ഉൾകരുത്താണ് നമ്മുടെ മതം.”
സിസ്റ്റർ അല്പം നിർത്തി. പറയണോ വേണ്ടയോ എന്ന ചിന്തശക്തമായിരിക്കുമോ? ഷാരോണിന് അങ്ങനെ തോന്നിപ്പോയി. സിസ്റ്റർ തുടർന്നു.
“” എന്നാൽ മറ്റോന്ന് കർമ്മം. അതായത് ജോലി. അതിന്റെ സവിശേഷത ഏത് വിശുദ്ധ ഗ്രന്ഥത്തിലും കാണാവുന്നതാണ്!
അത് ഭഗവദ്ഗീതയിൽ നമുക്ക് ദർശിക്കാം…
കർമ്മണ്യേ വാദികാരസ്തെ:മാ:ഫലേഷുകദാചന:
എന്ന് തുടങ്ങുന്ന ശ്ലോകവാക്യങ്ങൾ പ്രതിഫലം പ്രതീക്ഷിക്കാത്ത കർമ്മത്തെ സൂചിപ്പിക്കുന്നു. നമ്മുടെ കരുതലും ത്യാഗവും ധ്യാനവും പ്രാർത്ഥനയും മറ്റുള്ളവർക്ക് വേണ്ടിയുള്ള
നിഷ്കാമ കർമ്മമാണ്.” “”ആന്റി….സിസ്റ്ററാന്റീ എനിക്ക് ഇനിയും കുറെയേറെ പഠിക്കാനുണ്ട്. പറഞ്ഞുതാ……പറഞ്ഞു താ……” ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ കൊഞ്ചി പറഞ്ഞു.
“” എന്റെ പൊന്നുമോളെ…എന്റെ സുന്ദരിക്കുട്ടി…..”
മന്ദഹാസ പ്രഭയോടെ സിസ്റ്റർ അവളെ അണച്ചു പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു. ആ ചുംബനത്തിൽ നിറഞ്ഞു നിന്നത് എരിയുന്ന സ്നേഹമെന്ന അഗ്നിയുടെ ശക്തിയായിരുന്നു. അതിന് താമരപ്പൊയ്കയിലെ സുഗന്ധവും ജലത്തിന്റെ തണുപ്പുമുണ്ടായിരുന്നു. ഹിമാലയത്തിൽ തപസ്സനുഷ്ടിക്കുന്ന സ്വാമിമാരെപ്പറ്റി അവൾ ആരാഞ്ഞു.
“” അവർ എന്താണ് നമ്മുടെ മദ്ധ്യത്തിൽ ജീവിക്കുന്ന ഇൗ പാപികളായ മനുഷ്യരെ നന്മയിലേക്ക്
നയിക്കാൻ വരാത്തത്.” സിസ്റ്റർ കാർമേൽ ഷാരോണിനെ വീണ്ടും നോക്കി. അവളുടെ ദൃഷ്ടി തന്റെ മുഖത്ത് തന്നെ. “” മോളെ ശാസ്ത്രജ്ജൻമാർക്ക് അവരുടെ പരീക്ഷണശാല പോലെയാണ് മനസ്സും ശരീരവും ഏകാഗ്രമാക്കി ഇൗ ലോകത്തിനായി നന്മക്കായി പ്രാർത്ഥിക്കുന്ന ഹിമാലയത്തിലെ യോഗീശ്വരൻന്മാർ. വ്യാസമഹർശി സരസ്വതി നദീതീരത്തുള്ള ഒരു ഗുഹയിൽ തപസ്സനുഷ്ടിച്ച് ഭഗവദ്ഗീത തന്നില്ലേ? രാമായണം വാൽമീകി മഹർഷി തന്നില്ലേ? അതുപോലുള്ള വിശുദ്ധ ഗ്രന്ഥങ്ങൾ വായിച്ചാൽ എല്ലാ തിന്മകളും മാറും. വായിക്കാത്ത മനുഷ്യരുടെ എണ്ണം കൂടുമ്പോൾ തിന്മകൾ പെരുക്കും. വിശുദ്ധവചനങ്ങൾ തന്നത് മനുഷ്യരുടെയിടയിൽ പ്രവർത്തിച്ച ദൈവങ്ങളാണ്. യേശുക്രസ്തുവിന്റെ പതിനൊന്ന് ശിഷ്യന്മാർ രക്തസാക്ഷികളായില്ലേ? എന്തിനാണവരെ കൊന്നത്? തിന്മകളെ എതിർത്തതിന്. നല്ല വചനം ജീവനാണ്.”
ഷാരോൺ മിഴിവിടർത്തി സിസ്റ്ററെ ആശ്ചര്യത്തോടെ നോക്കി. മനസ്സിനെ ഏകാഗ്രമാക്കിയിരുന്ന ഷാരോണിനോട് ചോദിച്ചു.
“”അല്ല കൊച്ചേ! നമുക്ക് വീട്ടിൽപോകണ്ടായോ? നിന്റെ മമ്മി കഷ്ടപ്പെട്ട് എന്തെല്ലാം ഉണ്ടാക്കിവെച്ചു കാണും. നാടൻ ആഹാരം കഴിച്ചിട്ടും കഴിച്ചിട്ടും കൊതി തീരുന്നില്ല. വാ….വാ… പോകാം…” സിസ്റ്റർ ഒരു കൊച്ചുകുട്ടിയെപ്പോലെ പറഞ്ഞു. “”ആന്റി….സിസ്റ്ററാന്റീ എനിക്ക് ഇനിയും കുറെയേറെ പഠിക്കാനുണ്ട്. അഹിംസയപ്പറ്റി…. പറഞ്ഞുതാ…….” “” എന്റെ പൊന്നുമോളെ…എന്റെ സുന്ദരിക്കുട്ടി…..” അതേ വികാരവേശത്തോടെ തന്നെ സിസ്റ്റർ അവളെ അണച്ചു പിടിച്ചു മൂർദ്ധാവിൽ ചുബിച്ചു.
“”ങ്ഹാ! അഹിംസ ഹിംസ അരുതെന്ന തത്വം. സമകാല സുഖലോലുപരുടെ കൊടുംമുടിയിൽ നിന്നും മിതത്വത്തിലേക്ക് ഇറങ്ങി വന്ന സിദ്ധാർത്ഥനേയും മനസ്സിലാക്കേണ്ടതുമാണ്. മടുത്തുപോയ ജീവിതരേഖ മറ്റുള്ളവർക്ക് പാഠമാകുന്നു. അവരുടെ ധർമ്മപഥമെന്ന പ്രമാണഗ്രന്ഥം നമ്മെ അത്പഠിപ്പിക്കുന്നു. പക്ഷെ…പക്ഷെ…… എല്ലാറ്റിനുമുപരി ഇൗ ലോകത്തിന് സ്നേഹവും സമാധാനവും നല്കിയത് യേശുക്രിസ്തുവാണ്.”
“”നമുക്ക് ഇനിയും ഇവിടെ വരണം”
“”ഉം…ഉം വരാം. മേളുവാ…..”
സിസ്റ്റർ ഷാരോണിനെ അണച്ചുപിടിച്ച് കൊണ്ടുതന്നെ ചാപ്പൽ വിട്ടിറങ്ങി വീട്ടിലെത്തി.
ഏലീയാമ്മ തയ്യാറാക്കിവെച്ച പുട്ടും കടലക്കറിയും പപ്പടവും പുഴുങ്ങിയ പഴവും കഴിച്ച് അവരിരുവരും കോശിയുടെ വയലുകൾ കാണാൻ പുറപ്പെട്ടു.