സ്നേഹനാഴിക

പ്രപഞ്ചമാകെ പുഞ്ചിരിച്ചു. പക്ഷികൾ ആകാശത്ത് തത്തിക്കളിച്ചു. സിസ്റ്ററും ഷാരോണും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വിജനമായ റോഡിലൂടെ കാർ മുന്നോട്ടു പോയി. കടകളെല്ലാം അടഞ്ഞു കിടന്നു. ഹോട്ടലുകൾക്ക് മുന്നിൽ ആളുകളുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളിൽ പ്രതിമകണക്കെ ഇരുനില കെട്ടിടങ്ങൾ ധാരാളമായി കണ്ടു. ഇൗ പണത്തിന്റെ ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് സിസ്റ്റർ കർമേലിന്റെ ചോദ്യത്തിന് മറുപടിയായി ഷാരോൺ പറഞ്ഞു. ആഡംബര കാറുപോലെ ആഡംബര വീടുകൾ വയ്ക്കുന്നതിൽ മലയാളിക്ക് ഭ്രാന്തമായ ഒരു ആവേശമാണ്. സർക്കാർ ബസുകൾ ചീറിപ്പാഞ്ഞുപോകുന്നത് പേടിയോടെയാണ് സിസ്റ്റർ നോക്കിയത്.
കാർ ഡൈ്രവറോട് വാഹനം കുണ്ടിലും കുഴിയിലും വീഴാതെ പോകണമെന്ന് ഒാർമ്മിപ്പിച്ചു. വഴികളുടെ അവസ്ഥ വളരെ ശോചനീയമാണ്. സഞ്ചാരികളുടെ നടുവ് ഒടിക്കുന്ന വഴികൾ.
കൊല്ലം സിറ്റിയിൽ വണ്ടി നിർത്തി. ഒരു കടയിൽ കയറി ചായയും ലഘുഭക്ഷണവും കഴിച്ചു.
സിസ്റ്റർ കാർമേലിന്റെ ഫോൺ ശബ്ദിച്ചു. അത് കോശിയായിരുന്നു. യാത്രയെപ്പറ്റി തിരക്കി. ഷാരോൺ വായനയിൽ മുഴുകി ഇരിക്കയാണ്. ശല്യപ്പെടുത്തണോ? സിസ്റ്റർ സംസാരം അവസാനിപ്പിച്ചു. നഗരത്തിലെത്തിയപ്പോൾ പലഭാഗത്തും സിഗ്നലുകൾ കാണാൻ സാധിച്ചു. ഒരിടത്ത് ഗ്രീൻ സിഗ്നൽ കണ്ട് ഡൈ്രവർ വണ്ടിയെടുത്തപ്പോൾ ഒരുത്തൻ ഒരു കൂസലുമില്ലാതെ കുറുകെ നടക്കുന്നു. കണ്ടിട്ട് മദ്യപാനിയെന്ന് തോന്നി.
സെക്രട്ടറിയേറ്റിൽ എത്തിയപ്പോഴാണ് ഷാരോൺ ബുക്കിൽ നിന്ന് കണ്ണെടുത്തത്. അവർ കാറിൽ നിന്നിറങ്ങി മുഖ്യമന്ത്രിയുടെ ഒാഫീസിലേക്ക് നടന്നു. ആളുകൾ വരികയും പോകുകയും ചെയ്യുന്നുണ്ട്. തോക്കുധാരികളും മഫ്തിയിലുള്ള പോലീസുകാരുമുണ്ട്. പ്രവേശനകവാടത്തിൽ മെറ്റൽ ഡിറ്റക്ടറുകൾ ഉണ്ട്. സംശയമുള്ളവരെ പരിശോധിക്കുന്നു. ഒറ്റയ്ക്കു നടക്കുന്ന സ്ത്രീകളെ എങ്ങും കണ്ടില്ല. ഇതിനുള്ളിലും ഒറ്റയ്ക്കു വരാൻ സ്ത്രീകൾക്കു ഭയമാണോ?
ഇൗ തിരക്കിനിടയിലും ഷാരോണിന്റെ ജ്വലിക്കുന്ന സൗന്ദര്യം പലരും ആസ്വദിച്ചു. ഇൗ വശ്യസുന്ദരിയും ദൈവത്തിന്റെ മണവാട്ടിയാകാൻ പോകുകയാണോ?അങ്ങനെയാണെങ്കിലും അഴകും ആകർഷകത്വവുമുള്ള ദൈവത്തിന്റെ കുഞ്ഞാടാണ് അവൾ.
ഒാഫീസിനുള്ളിൽ സെക്രട്ടറിയോട് കാര്യങ്ങൾ സിസ്റ്റർ കാർമേൽ വിവരിച്ചു. അയാൾ കമ്പ്യൂട്ടറിലൂടെ കണ്ണോടിച്ചു. പിന്നെ മുഖ്യമന്ത്രിയെ കാണാനുള്ള കാത്തിരിപ്പ്.
അകത്തേക്കുള്ള ക്ഷണം ലഭിച്ചു.
ജനകീയനായ മുഖ്യൻ സ്വീകരിച്ചിരുത്തി. ലോകത്തിന്റെ പലഭാഗങ്ങളിലും അറിയപ്പെടുന്ന സിസ്റ്ററെ നേരിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിസ്റ്റർ കാർമേൽ നന്ദി അറിയിച്ചിട്ട് കയ്യിലിരുന്ന കത്തിന്റെ പകർപ്പ് മുഖ്യമന്ത്രിയെ ഏല്പിച്ചു.
“”കത്ത് രാവിലെ തന്നെ സെക്രട്ടറി എന്നെ ഏല്പിച്ചു. ഞാനത് വായിക്കുകയും ചെയ്തു. ”
വേശ്യാവൃത്തി സമൂഹത്തിൽ നടക്കുന്നത് നമ്മുടെ സമ്പന്നമായ സംസ്കാരത്തിന് കളങ്കം തന്നെയാണ്. വളർന്നുവരുന്ന പെൺകുട്ടികളുടെ വഴികാട്ടിയാകേണ്ട സ്ത്രീകൾ അവരുടെ ഭാവിയെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇന്ന് കാണുന്നത്. ഇതിനെതിരെ ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യൻ ഉറപ്പു നല്കി.
അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് പരിഗണിക്കാമെന്ന് മുഖ്യൻ ഉറപ്പു കൊടുത്തു.
സിസ്റ്റർ കാർമേലിന്റെ കത്ത് മുഖ്യൻ ഫയൽ എന്നെഴുതിയിട്ടു. ഇനി ആ കത്ത് ഫയലിൽ ഉറങ്ങിയാൽ മതി. മുഖ്യൻ അവരെ സന്തോഷത്തോടെ യാത്രയാക്കി. ഒാരോരുത്തർ ആഗ്രഹിക്കുന്നത് അതുപോലെ അംഗീകരിച്ചുകൊടുക്കാൻ പറ്റുമോ? മുഖ്യൻ അടുത്ത ഫയലെടുത്തു നോക്കി.
പുറത്തുവന്ന സിസ്റ്ററെ സ്വീകരിച്ചത് മാധ്യമപ്പട ആയിരുന്നു.ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച സിസ്റ്റർ കാർമേലിനെ ആശ്ചര്യപ്പെടുത്തി. ഷാരോണും അത്ഭുതത്തോടെ നോക്കി. പോലീസ് അവരെ അകറ്റാൻ ഒത്തിരി ശ്രമിച്ചു.
“” വേശ്യകൾക്കും ഹിജഡകൾക്കുമായി സർക്കാരിന്റെ പുനരധിവാസ കേന്ദ്രങ്ങളുണ്ടാകണം. അതിനായാണ് ഞാൻ പരിശ്രമിക്കുന്നത്. അവർക്ക് ബുദ്ധിമുട്ടില്ലാതെ സമൂഹത്തിൽ ജീവിക്കാൻ കഴിയണം. സ്ത്രീകൾക്ക് നേരെ വീണുകിട്ടുന്ന അവസരങ്ങളൊക്ക പുരുഷൻ മുതൽക്കൂട്ടാക്കുന്നു. തൊഴിൽ രംഗത്തോ സ്വന്തം വീട്ടിലോ ഒരു സ്ത്രീ ഇന്ത്യയിൽ സുരക്ഷിതയാണോ? വീട് വൃത്തിയാക്കാനും ഭക്ഷണം പാകം ചെയ്യാനും തുണികൾ കഴുകാനും ഭർത്താവിന്റെ മറ്റ് കാര്യങ്ങൾ നോക്കാനും മാത്രമാണ് സ്ത്രീകൾ ഇന്ന് സമയം കണ്ടെത്തുന്നത്. വിശപ്പടക്കാനും കുട്ടികളെ പോറ്റാനും സ്ത്രീകൾ വേശ്യവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും ദൈനംദിനം നടമാടുന്നു. കാമഭ്രാന്തന്മാരുടെ കൂടാരമായി കേരളം, ഇന്ത്യ മാറിയിരിക്കുന്നു.” സിസ്റ്റർ കർമേൽ വളരെവികാരഭരിതയായെന്ന് ഒരു പത്രപ്രവർത്തകയ്ക്ക് തോന്നി.
“”മുഖ്യമന്ത്രിയിൽ നിന്ന് എന്തു മറുപടിയാണ് സിസ്റ്റർ ലഭിച്ചത്?”
“”ഉടൻ തീരുമാനം ഉണ്ടാക്കാം എന്നാണ് മുഖ്യമന്ത്രി തന്നിരിക്കുന്ന ഉറപ്പ്”
ആ ഉറപ്പിന്റെ കാര്യം കേരളത്തിലെ ജനങ്ങൾക്കറിയാം എന്ന് പത്രക്കാർ മനസ്സിൽ ഉരുവിട്ടു.
സിസ്റ്ററുടെ വാക്കുകൾ മാധ്യമപ്രവർത്തകർക്ക് സന്തോഷം നല്കുന്നതായിരുന്നു. അധികാരത്തിലിരിക്കുന്നവർ തന്നെയാണ് വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഇത് മലയാളിക്ക് നാണക്കേടാണ്.