വെള്ളരിപ്രാവ്

ജാക്കി പെട്ടെന്ന് കതകു തുറന്നു. നിറപുഞ്ചിരിയുമായി സിസ്റ്റര്‍ കാര്‍മേല്‍, കൈയ്യില്‍ അന്നത്തെ ദിനപത്രവും ഏതാനും മാസികകളും.  സിസ്റ്ററെ അകത്തേക്കു ക്ഷണിച്ചിരുത്തി. സിസ്റ്റര്‍ ദിനപത്രവും മാസികകളും അവന് കൈമാറി. വഴിതെറ്റിപ്പോകുന്ന സ്ത്രീകളെ കണ്ടെത്തി അവരെ നല്ല വഴിക്കു നയിക്കുന്ന മാലാഖയെ നോക്കി അവന്‍ നിന്നു.

“”ഡാനി സാര്‍ എന്നെ വിളിച്ചിരുന്നു. ജാക്കിക്ക് താമസിക്കാനുള്ള മുറി നാളത്തന്നെ ശരിയാകും,ജോലിയുടെ കാര്യത്തിലും വേണ്ടത് ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. പോയാലും ഇടയ്ക്ക് ഇവിടേക്ക് വരണേ ജാക്കി. മറ്റാരുമില്ല എന്ന ചിന്ത വേണ്ട. എന്തിനും ഞാനിവിടെയുണ്ട്. മാത്രവുമല്ല കൊട്ടാരം വീടുമായി എനിക്ക് നല്ലൊരു ബന്ധവുമുണ്ട്.”
ആ വാക്കുകള്‍ ജാക്കിക്ക് വിശ്വസിക്കാനായില്ല. അപ്പോള്‍ സിസ്റ്ററുടെ കണ്ണുകളില്‍ സൂര്യതേജസായിരുന്നു. ഷാരോണ്‍ ഒരിക്കല്‍പ്പോലും ഈ ബന്ധത്തെപ്പറ്റി തന്നോട് പറയാതിരുന്നത് എന്തുകൊണ്ടാണ്? മനസ്സില്‍ സംശയമുണ്ടായി.

“”എന്താണ് സിസ്റ്റര്‍, കൊട്ടാരം വീടുമായുള്ള ബന്ധം.” അവന്‍ സിസ്റ്ററുടെ മുഖത്തേക്കു നോക്കി. വ്യഗ്രതയോടെ ചോദിച്ചു.

“”എന്നെ പഠിപ്പിച്ച് ഈ നിലയിലെത്തിച്ചത് കോശിയുടെ പിതാവാണ്. അനാഥാലയങ്ങളില്‍ പല കുട്ടികളെയും നാട്ടിലെയും വിദേശത്തേയും ധനികര്‍ പഠിപ്പിക്കാറില്ലേ. ഞാനും അതില്‍ ഒരാള്‍.

മറ്റൊന്നും തുറന്നുപറയാന്‍ സിസ്റ്റര്‍ ആഗ്രഹിച്ചില്ല. അഗാധമായ ഒരു വേദന ആ മുഖത്ത് തെളിഞ്ഞു നിന്നു. എപ്പോള്‍ വന്നാലും കവിളില്‍ പൊന്നുമ്മ നല്കി പിരിഞ്ഞുപോകുന്ന പിതാവിനെയാണ് സിസ്റ്റര്‍ ആ നിമിഷം ഓര്‍ത്തത്. ആ പിതാവിന്റെ പ്രേരണയാകാം ഇവനെ ഇവിടെ എത്തിച്ചത്.
“”എനിക്ക് ആ വീടിനെപ്പറ്റിയോ ആളുകളെപ്പറ്റിയോ കൂടുതലൊന്നും അറിയില്ല. ജാക്കിയില്‍ നിന്ന് അറിയാന്‍ ആഗ്രഹമുണ്ട്.”

അവന്‍ അറിയാവുന്നതൊക്കെ വിശദീകരിച്ചു കൊടുത്തു. സ്വന്തം സഹോദരങ്ങളെപ്പോലെ അയല്‍ക്കാരെ സ്‌നേഹിക്കുന്ന കുടുംബം. മരിക്കാറായ ഒരു പാവത്തിന് കോശിസാര്‍ വൃക്ക വരെ ദാനമായി കൊടുത്തിട്ടുണ്ട്. സ്‌നേഹവും അനുകമ്പയും സഹായവും പലരും ധാരാളമായി ആ കുടുംബത്തില്‍ നിന്നും അനുഭവിക്കുന്നു. പാവങ്ങളോട് കാരുണ്യമുള്ളവര്‍ ഇതുപോലെ ലോകത്ത് അപൂര്‍വ്വമാണ്.
വളരെ സന്തോഷം തോന്നി. പിതാവിനെപ്പോലെ, തന്നെപ്പോലെ തന്റെ സഹോദരനും സമൂഹത്തില്‍ വ്യത്യസ്തനാണ്.

കൊട്ടാരം വീട്ടുകാര്‍ തലമുറകളായി ധാരാളം നന്മകള്‍ സമൂഹത്തിന് നല്കിയിട്ടുള്ളവരായിട്ടാണ് കേട്ടിട്ടുള്ളത്. പാവങ്ങള്‍ക്ക് വീടു വച്ചു കൊടുക്കുക, വസ്ത്രം വാങ്ങിക്കൊടുക്കുക, ദേവാലയങ്ങള്‍ക്ക് വസ്തു ദാനമായി കൊടുക്കുക. ഇതൊക്കെ ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അരോഗ്യമുള്ള മനസ്സുള്ളവര്‍ക്കേ അതുപോലുള്ള കാര്യങ്ങള്‍ ചെയ്യാനാവൂ.

“”ജാക്കിക്ക് എല്ലാ നന്മകളും ഞാന്‍ നേരുന്നു. (വാച്ചില്‍ നോക്കിയിട്ട്) എനിക്ക് പ്രാര്‍ത്ഥനയ്ക്കുള്ള നേരമായി. ജാക്കിക്ക് പ്രാര്‍ത്ഥിക്കണമെങ്കില്‍ അമ്പലമുറിയുമുണ്ട്.” അവന്‍ ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. സിസ്റ്റര്‍ എഴുന്നേറ്റ് നടന്നു. വളരെ ആദരവോടെ വാതില്‍ക്കല്‍വരെ ചെന്നിട്ട് ബൈ പറഞ്ഞ് കതകടച്ചു.
രാത്രിയുടെ ഏതോയാമത്തില്‍ ഫാത്തിമ ഞെട്ടിയുണര്‍ന്നു. പഴയകാല വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. അതില്‍ പ്രധാനമായി പ്രത്യക്ഷപ്പെട്ടത് മാദകസുന്ദരികള്‍ക്കൊപ്പം പാരീസില്‍ പാട്ടും നൃത്തവും കാഴ്ചവയ്ക്കാന്‍ പോയതാണ്. പ്രശസ്തര്‍ക്കൊപ്പം പോകുമ്പോള്‍ ആ കൂട്ടത്തില്‍ വേശ്യകളുമുണ്ട്. ഒരു ഭാഗത്ത് പാട്ടും നൃത്തവും അരങ്ങ് തകര്‍ക്കുമ്പോള്‍ മറുഭാഗത്ത് ക്ഷണിക്കപ്പെട്ട സമ്പന്നന്‍മാരുമായുള്ള ലൈംഗികബന്ധത്തിന്റെ സാക്ഷാത്കാരമാണ് നടക്കുന്നത്. ഫാഷന്‍ ഷോകളിലും ചലച്ചിത്രമേളകളിലും ഇതും ഒരു രഹസ്യത്തിലുള്ള പ്രദര്‍ശനമാണ്.
ഒരിക്കല്‍ ഒരു മോഡലായും രംഗപ്രവേശം ചെയ്തു. വര്‍ണശബളമായ ഹാളിനുള്ളില്‍ കൃത്രിമവെളിച്ചം നല്കിയാടുന്ന പാട്ടും നൃത്തവും കണ്ട് ആനന്ദിക്കുന്നവരുടെ മുഖത്ത് എന്തൊരു തിളക്കമാണ്. മറ്റൊരു ഭാഗത്ത് സുന്ദരിമാരുടെ പൂമേനിയില്‍ തീജ്വാലപോലെ എരിയുന്ന പുരുഷന്മാര്‍.  ചില പുരുഷന്മാരാകട്ടെ മൃഗീയസ്വഭാവമുള്ളവരെന്ന് തോന്നിപ്പോകും. ഒരുതരം ഭ്രാന്ത്. ഓട്ടക്കളത്തിലോടി ഒന്നാം സ്ഥാനം കരസ്ഥമാക്കണമെന്ന ഭാവത്തില്‍ ഓടി ഓടി തളര്‍ന്നു വീഴുന്നവര്‍. വളരെ വാശിയോടും വീറോടും ഓടിയവന്‍ എത്ര വേഗത്തിലാണ് തളര്‍ന്നു വീഴുന്നത്. ഓരോ മുഖങ്ങളും മനോമുകരത്തിലിരുന്ന് കത്തിയെരിയുകയാണ്. കഴിഞ്ഞ രാത്രികളില്‍ അത് വെറും പുകയായിരുന്നുവെങ്കില്‍ ഇന്നത് വെന്തരിയുകയാണ്. മറക്കാന്‍ ശ്രമിക്കുന്ന മങ്ങിയ രാവുകള്‍ ഒരു പാമ്പായി തന്നെ ചുറ്റി വരിയുകയാണ്.

എല്ലാം മനസ് തുറന്ന് സിസ്റ്റര്‍ കാര്‍മേലിന് മുന്നില്‍ ഏറ്റു പറഞ്ഞതല്ലേ?  ഒരു സ്ത്രീയായി പിറന്നാല്‍ അപകടം അവള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.  തന്നെപ്പോലെയുള്ളവര്‍ക്ക് രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല. സിസ്റ്റര്‍ കര്‍മേലിനെപോലുള്ള സന്യാസിനിമാര്‍ ലോകത്തുണ്ടായാല്‍ തന്നെപ്പോലുള്ളവര്‍ രക്ഷപെടും.
അവള്‍ അടുത്ത കട്ടിലില്‍ കിടന്നുറങ്ങുന്ന സ്ത്രീയെ നോക്കി. എത്രയോ ധനികരും സുന്ദരന്മാരുമായി ഇണചേര്‍ന്നാടി. ഒടുവില്‍ ശ്വാസംമുട്ടലായി ജീവിതം മാറി. ആസ്തമ എന്ന രോഗത്തിനടിമ. പാവം രാത്രിയില്‍ നല്ലതുപോലെ ചുമച്ചു. ഇപ്പോഴിതാ തളര്‍ന്നുറങ്ങുന്നു.

മനസ് ദുര്‍ബലമായാല്‍ ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങാനാകും. ഈ ദുര്‍ബല വികാരമാണ് തന്നെയും എന്റെ ജീവിതത്തെയും വലിച്ചെറിഞ്ഞത്. എന്തോ ഒക്കെ നേടിയെടുക്കാനുള്ള ഓട്ടം. ഒടുവില്‍ ദയനീയമായ പരാജയം. സ്വന്തം ശരീരത്തിന് മേല്‍ നിയന്ത്രണമില്ലെങ്കില്‍ ഉത്തരവാദിത്വമില്ലെങ്കില്‍ ആര്‍ക്കും രക്ഷപെടാനാകില്ല. മാദകവികാരങ്ങളെ തൊട്ടുണര്‍ത്തിയ നിമിഷങ്ങള്‍ ഓര്‍ത്തിരിക്കെ നേരം പുലര്‍ന്നു.
തലേന്നുണ്ടായ അനുഭവങ്ങള്‍ രാവിലെ ഫാത്തിമ സിസ്റ്റര്‍ കാര്‍മേലിനെ അറിയിച്ചു. അവളോട് സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞു.

“”ഫാത്തിമ ദൈവം അല്ലെങ്കില്‍ അള്ളാഹു ആത്മാവാണ്. ആ ആത്മാവിനെ നമസ്കരിച്ചാല്‍, ആരാധിച്ചാല്‍ ഒരു ദുരാത്മാവും നിന്നില്‍ വസിക്കില്ല. നിന്റെ ഹൃദയമാകുന്ന ദേവാലയത്തില്‍ ഒരു പ്രതിമപോലെ ദൈവത്തെ സ്ഥാപിക്കുക. ആ സത്യം നമ്മില്‍ നിത്യവും വളരുന്നുവെന്ന യാഥാര്‍ത്ഥ്യം നാം ഉറപ്പു വരുത്തണം.”

സിസ്റ്റര്‍ എഴുന്നേറ്റ് ഭിത്തിയോടു ചേര്‍ന്നുള്ള അലമാര തുറന്ന് അതില്‍ നിന്ന് ഒരു വിശുദ്ധ ഖുറാന്‍ എടുത്ത് അവളെ ഏല്പിച്ചിട്ട് പറഞ്ഞു. “”നീ ഉറങ്ങുന്നതിന് മുമ്പ് ഖുറാന്‍ വായിച്ചിരിക്കണം. എന്നിട്ട് പ്രാര്‍ത്ഥിക്കണം. ഈ പുസ്തകം നിന്റെ തലയിണയ്ക്കടുത്തുതന്നെ എപ്പോഴും ഉണ്ടാകണം.”

കൗമാരത്തിലും യൗവനത്തിലും നിസ്സാരമായി തള്ളിയ പുസ്തകം ഇപ്പോഴിതാ കയ്യിലേക്ക് മറ്റൊരാള്‍ വച്ചുതരുന്നു. അതും മറ്റൊരു വിശ്വാസി. അറിയാതെ അവളുടെ വിരലുകള്‍ മുന്നോട്ടു നീണ്ടു. ചെറുപ്പം മുതല്‍ താനീ പുസ്തകം ഹൃദയത്തട് ചേര്‍ത്തു വച്ച് ജീവിച്ചിരുന്നുവെങ്കില്‍ താനൊരു വേശ്യയാകില്ലായിരുന്നു.
“”എനിക്ക് ബൈബിള്‍ കൂടി വായിക്കാന്‍ തരുമോ?”പെട്ടെന്ന് അവള്‍ ചോദിച്ചു.”
സിസ്റ്റര്‍ അവളെ സന്തോഷത്തോടെ നോക്കി. സിസ്റ്റര്‍ വീണ്ടും അലമാര തുറന്ന് ബൈബിള്‍ എടുത്ത് അവള്‍ക്കുകൊടുത്തു. അവളെ പുഞ്ചിരിയോടെ നോക്കിയിരുന്നു. ഇരുപത്തിയേഴ് വയസ് മാത്രം ആയിട്ടുള്ള പെണ്ണാണവള്‍. അവള്‍ ആഗ്രഹിക്കുന്നതുപോലെ അവളെ പഠിപ്പിച്ച് ഒരു ടീച്ചര്‍ ആക്കണം. അവള്‍ക്ക് ശാന്തിയും സന്തോഷവും ഉണ്ടാകണം.

“”എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിക്കണം. ഈ അലമാരയില്‍ രാമായണവും ഭഗവത്ഗീതയും തോറയുമുണ്ട്. വരണ്ട മനുഷ്യര്‍ മതഭ്രാന്തനാകുന്നതിന്റെ പ്രധാനകാരണം ഇതൊന്നും വായിക്കാത്തതുകൊണ്ടാണ്. വരണ്ട നിലങ്ങളാണ് ഇവരുടെ മനസ്.  ഈ കൂട്ടര്‍ ഒടുവില്‍ എത്തുന്നത് തീവ്രവാദികളും മതമൗലികവാദികളുമൊക്കെയായിട്ടാണ്. ഇവരുമായി രഹസ്യബന്ധമുള്ള ഭരണകൂടങ്ങളും ഈ ലോകത്തുണ്ട്.  നീ ഇപ്പോള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം പിശാചിന്റെ പോരാട്ടമാണ്. അതിനെ അതിജീവിക്കാന്‍ ഈ ഗ്രന്ഥങ്ങള്‍ നിന്നെ സഹായിക്കും. നീയിപ്പോള്‍ ഈ ലോകത്തിന്റെ ആത്മാവുമായിട്ടാണ് മുന്നോട്ടു പോകുന്നത്. ഇന്ന് ജഡിക ജീവിതം നയിക്കുന്ന മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല. അതവന് ഗ്രഹിപ്പാന്‍ കഴിയാത്തത് ദൈവീകജ്ഞാനം ഇല്ലാത്തതുകൊണ്ടാണ്. ”

അവളുടെ കൈയിലിരുന്ന വേദപുസ്തകം വാങ്ങിയിട്ട് അപ്പോസ്തലനായ പൗലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായം പതിനാറാമത്തെ വാക്യം സിസ്റ്റര്‍ ഇങ്ങനെ വായിച്ചു.

“”നിങ്ങള്‍ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലല്ലോ. ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ” വേദപുസ്തകം മടക്കിക്കൊടുത്തിട്ട് പറഞ്ഞു.  “”വിശുദ്ധിയോടെ ജീവിച്ചാല്‍ ദൈവത്തിന്റെ ആത്മാവ് നമ്മോടുകൂടി വരും.” സിസ്റ്റര്‍ കാര്‍മേല്‍ അവളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു.

പുറത്ത് കാറ്റ് ആഞ്ഞുവീശുന്നുണ്ടായിരുന്നു. ജാക്കി രാവിലെ ഭക്ഷണം കഴിക്കാന്‍ പോയത് സിസ്റ്റര്‍ കാര്‍മേലിന് ഒപ്പമായിരുന്നു. കോളജില്‍ പോകുന്നതിനെക്കുറിച്ച് അവര്‍ സംസാരിച്ചു. സിസ്റ്റര്‍ കാര്‍മേലിന്റെ മനം നിറയെ പിതാവിനെക്കുറിച്ചുളള ചിന്തകളായിരുന്നു. ഭക്ഷണശേഷം മുറിയില്‍ കയറി യേശുവിന്റെ പടത്തില്‍ നോക്കി മനസില്‍ മന്ത്രിച്ചു. ഭൂമിയില്‍ ഏകബന്ധുവും സഹോദരനുമാണ് കൊട്ടാരം കോശി. മനസ് കൊണ്ട് താനെന്തിനാണ് അസംതൃപ്തയാകുന്നത്. ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് മനസിലുറപ്പിച്ചു. തന്റെ സഹോദരന്റെ ശബ്ദം തനിക്കൊന്ന് കേള്‍ക്കണം. മേശപ്പുറത്തിരുന്ന മൊബൈലില്‍ കണ്ണുകള്‍ പതിഞ്ഞു.