ഗ്യാസ്, ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് അധിക ഫീസ് ചുമത്തി എനര്‍ജി കമ്പനി ഇഡിഎഫ്. 90 പൗണ്ടാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവയ്ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കായോ പണമായോ പണമടക്കുന്നവര്‍ക്കാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഡയറക്ട് ഡെബിറ്റായി പണം നല്‍കാത്ത അഞ്ചര ലക്ഷം ഉപഭോക്താക്കളെ നേരിട്ടു ബാധിക്കുന്ന തീരുമാനമാണ് ഇത്. ചെക്കായോ പണമായോ ബില്ലടക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇത് ബാധകമാകും. ഡയറക്ട് ഡെബിറ്റ് പേയ്‌മെന്റുകളല്ലാത്തവയ്ക്ക് വരുന്ന അധികച്ചെലവാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്നാണ് ഇഡിഎഫ് അവകാശപ്പെടുന്നത്.
ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ഓഫ്‌ജെം അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ നിരക്ക് ഈടാക്കുന്നതെന്നും മറ്റുകമ്പനികള്‍ക്ക് തുല്യമാണ് ഇതെന്നും കമ്പനി അറിയിച്ചു. എന്നാല്‍ പണമടക്കുന്ന രീതിയനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പിഴയിടാനുള്ള ആശയം വിവാദമായിരിക്കുകയാണ്. ഡയറക്ട് ഡെബിറ്റ് ചിലര്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ പ്രായമായവരുള്‍പ്പെടെയുള്ളവരില്‍ പലരും ചെക്കുകളിലൂടെയും മറ്റുമാണ് പണമടക്കാറുള്ളത്. അവരുടെ ബജറ്റിനെ ഈ രീതികളായിരിക്കും സഹായിക്കുകയെന്ന് ഏജ് യുകെയുടെ കരാളിന്‍ അബ്രഹാംസ് പറഞ്ഞു.
അതിന് ഈ രീതിയിലുള്ള നിരക്ക് ഈടാക്കുന്നത് അത്തരക്കാരെ കുഴപ്പത്തിലാക്കുകയേയുള്ളു. ബില്‍ എസ്റ്റിമേറ്റുകള്‍ പോലും ശരിയായ വിധത്തില്‍ തയ്യാറാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത് ഉപഭോക്താക്കളെ വീണ്ടും കഷ്ടത്തിലാക്കുമെന്ന് അവര്‍ പറഞ്ഞു. ഇലക്ട്രിസിറ്റി അക്കൗണ്ടുകളുടെ സ്റ്റാന്‍ഡിംഗ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 1.4 മില്യന്‍ ഉപഭോക്താക്കള്‍ ഇതിന്റെ ഭാരം അനുഭവിക്കേണ്ടതായി വരും. വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ 85 പൗണ്ടും ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നവര്‍ 181 പൗണ്ടും ഇതനുസരിച്ച് നല്‍കേണ്ടി വരും. ബ്രിട്ടീഷ് ഗ്യാസ് തങ്ങളുടെ നിരക്കുകള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് ഇഡിഎഫിന്റെ നടപടി.
Leave a Reply