ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇപ്പോൾ വീടുകൾ വാങ്ങാൻ ഉചിതമായ സമയമാണോ? വാടക വീടുകളിൽ താമസിക്കുന്ന സ്വന്തമായി ഒരു വീട് വാങ്ങാൻ താല്പര്യപ്പെടുന്ന ഒട്ടു മിക്ക മലയാളികളുടെയും മനസ്സിൽ ഉയർന്നു വരുന്ന ചോദ്യമാണ് ഇത്. ഓഗസ്റ്റ് 1- ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ പലിശ നിരക്ക് തുടരണോ കുറയ്ക്കണമോ എന്ന കാര്യത്തിൽ അവലോകന യോഗം ചേരാനിരിക്കുകയാണ്. പണപെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നിലവിലെ നിരക്കായ 5.25 -ൽ നിന്ന് കുറയ്ക്കുമെന്നാണ് പൊതുവെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ഈ കണക്കുകൂട്ടലിൽ ഇംഗ്ലണ്ടിലെ ഭവന വിപണിയിൽ ക്രയവിക്രയം 15 % വർദ്ധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. അതായത് മോർട്ട്ഗേജ് നിരക്കുകളിൽ വരാനിരിക്കുന്ന കുറവ് പരിഗണിച്ച് ആളുകൾ വീടുകൾ വാങ്ങുവാൻ തുടങ്ങിയതായാണ് ഈ കണക്കുകൾ കാണിക്കുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുറയുകയും കൂടുതൽ ആളുകൾ ഭവന വിപണിയിൽ രംഗപ്രവേശനം ചെയ്യുകയും ചെയ്താൽ വീടുകളുടെ വില ഇനിയും ഉയർന്നേക്കാം എന്നും പുതിയ സാഹചര്യങ്ങളെ വിലയിരുത്തി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
നിലവിൽ വിൽപ്പനയ്ക്കായി വിപണിയിൽ വരുന്ന വസ്തുക്കളുടെ ശരാശരി വില 0.4 ശതമാനമായി കുറഞ്ഞതായി യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവ് വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ മേഖലകളിൽ ഈ കുറവ് 2% വരെയാണ്. നിലവിൽ 15 % കൂടിയ ഭവന വിൽപന അടുത്ത ശരത്കാലത്തോട് ഇനിയും കൂടുമെന്നാണ് വിലയിരുത്തുന്നത് . പലിശ നിരക്ക് കുറയുന്നത് ഈ വർദ്ധനവിന് ആക്കം കൂട്ടിയേക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ യുകെയിലെ ഏറ്റവും വലിയ വായ്പാ സ്‌ഥാപനമായ ഹാലിഫാക്‌സ് അതിൻ്റെ നിരക്കുകൾ 0.13% വരെ കുറച്ചപ്പോൾ ബാർക്ലേസ് 0.33% വരെയാണ് കുറച്ചത്.
Leave a Reply