ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ജനനസമയത്ത് എൻഎച്ച്എസ് പിഴവുകൾ മൂലം അനാവശ്യമായി മരിക്കുന്ന കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മെയിൽ പത്രത്തിന്റെ അന്വേഷണം കണ്ടെത്തിയിരിക്കുകയാണ്. 2014-നും 2022-നും ഇടയിൽ, പ്രസവസമയത്ത് മസ്തിഷ്‌കാഘാതം സംഭവിച്ച് മരണമടഞ്ഞ കുഞ്ഞുങ്ങൾ, നവജാതശിശു മരണങ്ങൾ, കുട്ടികളുമായി ബന്ധപ്പെട്ട മെഡിക്കൽ അശ്രദ്ധയുടെ കേസുകൾ എന്നിവ ഏകദേശം 16 ശതമാനം വർദ്ധിച്ചതായി മെയിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഷ്രൂസ്ബറി, നോട്ടിംഗ്ഹാം , ഈസ്റ്റ് കെൻ്റ് എന്നിവിടങ്ങളിലെ എൻഎച്ച്എസ് ആശുപത്രികളിലെ പ്രസവ പരിചരണത്തിലെ വീഴ്ചകളുമായി ബന്ധപ്പെട്ട അഴിമതികളുടെ ഒരു പരമ്പരയെ തുടർന്നാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഈ പ്രശ്നങ്ങൾ രാജ്യത്തുടനീളം വ്യാപകമാണെന്ന് ഹെൽത്ത് കെയർ റെഗുലേറ്റർ ഈ വർഷം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ശിശു മരണങ്ങളോ അപകടങ്ങളോ കൃത്യമായി ശ്രദ്ധിക്കുന്നില്ലെന്നും , അപകടങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നില്ലെന്നും കെയർ ക്വാളിറ്റി കമ്മീഷനും വ്യക്തമാക്കി. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ വരെയുള്ള 12 മാസങ്ങളിൽ മെഡിക്കൽ അശ്രദ്ധ ക്ലെയിമിലേക്ക് നയിച്ച സാഹചര്യങ്ങളിൽ 234 കുട്ടികളാണ് മരണപ്പെട്ടതെന്ന് വ്യക്തമാക്കുന്നു. എന്നിരുന്നാലും, അടുത്തിടെ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾ മുന്നോട്ട് വന്ന് നിയമനടപടികൾ ആരംഭിക്കാൻ മൂന്ന് വർഷമുള്ളതിനാൽ യഥാർത്ഥ വർദ്ധനവ് ഇതിലും കൂടുതലായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഈ വർദ്ധനവ് പല അമ്മമാർക്കും ലഭിക്കുന്ന നിലവാരമില്ലാത്ത പ്രസവ പരിചരണത്തിൻ്റെ ദാരുണമായ പ്രതിഫലനമാണെന്ന് അഭിഭാഷക ജോഡി മില്ലർ പറഞ്ഞു. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഏറ്റവും നിർണായകമായ പ്രശ്നം. അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങാനും സുരക്ഷിതമായ പരിചരണം സാധാരണമാണെന്ന് ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. ഇത്തരം ഒരു സാഹചര്യത്തിൽ അടിയന്തിരമായ നടപടികൾ എൻ എച്ച് എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Leave a Reply