ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എട്ടാം വയസ്സിൽ നിയമവിരുദ്ധമായി ബ്രിട്ടനിലേക്ക് കടത്തപ്പെട്ടയാളാണ് താനെന്ന വെളിപ്പെടുത്തലുമായി ദീർഘദൂര ഓട്ടത്തിലെ ഇതിഹാസ താരം മോ ഫറ. കുട്ടിക്കാലത്ത് താൻ ഒരു വീട്ടിൽ അടിമയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ബിബിസി ഡോക്യുമെന്ററിയായ ‘ദി റിയൽ മോ ഫറ’യിലാണ് ഒളിമ്പിക് ജേതാവിന്റെ തുറന്നുപറച്ചിൽ. പരിപാടി നാളെ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യും. ജന്മനാടായ സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിൽ പിതാവ് കൊല്ലപ്പെട്ടു. പിന്നാലെ, എട്ടാം വയസിൽ ബ്രിട്ടനിലേക്ക് അനധികൃതമായി കടത്തപ്പെട്ടു. ബ്രിട്ടനിലെ ആദ്യ നാളുകൾ ഗാർഹിക അടിമത്തത്തിൽ. വെസ്റ്റ് ലണ്ടനിലെ ഫെൽഥാമിലുള്ള ജൂനിയർ സ്കൂളിൽ ചേർന്നെങ്കിലും വംശീയ അധിക്ഷേപത്തിന് ഇരയായി. തന്റെ പേര് മോ ഫറ എന്നല്ല, ഹുസൈൻ അബ്ദി കഹിൻ എന്നാണ് – അദ്ദേഹം തുറന്നുപറയുന്നു.

1983ൽ സോമാലിലാൻഡിൽ ജനിച്ച മോ ഫറയ്ക്ക് നാലാം വയസിൽ പിതാവിനെ നഷ്ടമായി. വേദനയുടെയും കഷ്ടപ്പാടിന്റെയും നാളുകളായിരുന്നു പിന്നീട്. അമ്മയിൽ നിന്ന് വേർപിരിഞ്ഞ് ബന്ധുക്കളോടൊപ്പം കഴിയാൻ ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് പോയി. 1993ലാണ് മോ ഫറ എന്ന വ്യാജ പേരിൽ അനധികൃത കുടിയേറ്റക്കാരനായി യുകെയിലേക്ക് കടത്തപ്പെട്ടത്. 1997ൽ ലാത്വിയയിൽ നടന്ന ഒരു അന്താരാഷ്ട്ര മീറ്റിൽ ഇംഗ്ലണ്ടിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ബ്രിട്ടീഷ് പൗരത്വം ഇല്ലായിരുന്നു.

2000ത്തിൽ ഫറയ്ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു. ലണ്ടനിൽ നടന്ന 2012 ഒളിമ്പിക് ഗെയിംസിൽ ഗ്രേറ്റ്‌ ബ്രിട്ടനുവേണ്ടി മോ പുരുഷന്മാരുടെ 5,000, 10,000 മീറ്ററുകളിൽ സ്വർണ്ണ മെഡൽ നേടി. 2017 നവംബറിൽ ഭാര്യ ടാനിയയ്‌ക്കൊപ്പം ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വെച്ച് നൈറ്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. വ്യാജ പേരിൽ, അനധികൃതമായി ബ്രിട്ടനിലേക്ക് കടത്തപ്പെട്ട്, ബാല്യത്തിൽ തന്നെ അടിമയായി കഴിയേണ്ടി വന്ന മോ പിന്നീട് ബ്രിട്ടന്റെ അഭിമാനമായി. മോയക്ക് വേണ്ടി കാലം കാത്തുവെച്ചത് അതായിരുന്നു.