ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റം ഉണ്ടായതായുള്ള കണക്കുകൾ പുറത്തുവന്നു. യുകെയിൽ ശമ്പളം ലഭിക്കുന്ന തൊഴിലാളികളുടെ എണ്ണത്തിൽ ഏകദേശം 78,000 പേരുടെ കുറവ് രേഖപ്പെടുത്തിയതാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന അനശ്ചിതത്വവും ചാൻസിലർ റേച്ചൽ റീവ്സ് ബഡ്ജറ്റിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം യുകെയിലെ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഏറ്റവും കൂടിയ തോതിലുള്ള തൊഴിൽ നഷ്ടങ്ങളാണ് നിലവിൽ സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിൽ വെറും 8000 പേർക്കായിരുന്നു തൊഴിൽ നഷ്ടം സംഭവിച്ചത്. എന്നാൽ മാർച്ചിൽ അത് 78,000 ആയി ഉയർന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻ്റെ കണക്കുകൾ കാണിക്കുന്നു. കമ്പനി ശമ്പള പട്ടികയിൽ കുറവുണ്ടായിട്ടും ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളിലെയും ഔദ്യോഗിക തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനം ആയി തുടരുന്നതായാണ് ഒ എൻ എസ് കണക്കുകൾ കാണിക്കുന്നത് .
പുറത്തുവരുന്ന കണക്കുകൾ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യു കെ മലയാളികൾക്ക് ശുഭസൂചകമല്ല. എൻഎച്ച്എസ്സിലും മറ്റ് സ്വകാര്യ ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്ന മലയാളികൾക്ക് ഒഴിച്ചുള്ളവർക്കാണ് നിലവിലെ സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഒക്ടോബർ ബജറ്റിൽ ചാൻസലർ പ്രഖ്യാപിച്ച നികുതി വർദ്ധനവ് ജോലികൾ വെട്ടിക്കുറയ്ക്കാനും ശമ്പള വർദ്ധനവ് തടഞ്ഞുവയ്ക്കാനും തങ്ങളെ നിർബന്ധിതരാക്കുമെന്ന് കമ്പനികളുടെ ഉടമകൾ മുന്നറിയിപ്പ് നൽകിയിരുന്നു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ രീതിയിൽ കമ്പനികൾ തൊഴിൽ വെട്ടി കുറയ്ക്കുമെന്ന് ഈ വർഷത്തിന്റെ തുടക്കത്തിൽ നടത്തിയ സർവേകളിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേയാണ് കൂനിന്മേൽ കുരു പോലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ താരിഫ് നയം വിവിധ വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചത്.
Leave a Reply