ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- ആറ് മാസം മുതൽ നാല് വയസ്സുവരെയുള്ള കുട്ടികളിൽ തങ്ങളുടെ വാക്‌സിൻ നൽകാനുള്ള അനുമതിക്ക് ആവശ്യമായ രേഖകൾ യു എസ് ഫുഡ്‌ ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ് ഡി എ )മുൻപിൽ സമർപ്പിച്ചിരിക്കുകയാണ് ഫൈസർ കമ്പനിയും, പങ്കാളിയായ ബയോൻടെക്കും. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇത്തരമൊരു നീക്കം തങ്ങൾ നടത്തുകയാണെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ഫൈസറിന്റെ അപേക്ഷ അംഗീകരിച്ചാൽ ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതിയുള്ള ആദ്യ രാജ്യമായി യുഎസ് മാറും. ഇതോടൊപ്പം തന്നെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഫൈസർ വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായും യു എസ് മാറും. മൂന്ന് മൈക്രോഗ്രാം വീതമുള്ള രണ്ട് ഡോസുകൾ ആണ് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നൽകാൻ തീരുമാനിച്ചിരുന്നത്. 12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 30 മൈക്രോ ഗ്രാം വീതമുള്ള രണ്ട് ഡോസുകളും, അഞ്ചു മുതൽ 11 വയസ്സ് വരെയുള്ളവർക്ക് 10 മൈക്രോഗ്രാമും ആണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ മൂന്നും നാലും വയസ്സുള്ള കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ ട്രയലുകളിൽ രണ്ട് ഡോസ് കൊണ്ട് മാത്രം കുട്ടികൾ കാര്യമായ പ്രതിരോധ റെസ്പോൺസുകൾ കാണിക്കാത്തതിനെ തുടർന്ന് ഒരു ഡോസും കൂടെ നൽകാൻ തീരുമാനം ആയിരുന്നു.


ആറുമാസം മുതൽ നാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് കൃത്യമായ പ്രതിരോധശേഷിക്കായി മൂന്ന് ഡോസ് വാക്‌സിൻ ആവശ്യമാണെന്ന് ഫൈസർ സി എ ഒ ആൽബർട്ട് ബൗർലാ വ്യക്തമാക്കി. എന്നാൽ മൂന്നാമത്തെ ഡോസിനായുള്ള അനുമതിക്ക് ആവശ്യമായ ഡേറ്റകൾ ക്രമീകരിക്കുന്നതേ ഉള്ളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുട്ടികൾക്ക് വാക്സിൻ ആവശ്യമോ അല്ലയോ എന്നത് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് വിവിധ വിദഗ്ധർ ഉന്നയിക്കുന്നത്. എന്നാൽ കുട്ടികൾക്ക് വാക്സിൻ അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നവരും വളരെയധികം ഉണ്ട്. അത്തരം ആളുകൾ ഫൈസറിന്റെ ഈ നീക്കത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.