കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറ്റിലാണ് മേബിള്‍ ജോസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. അതേസമയം ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

രാവിലെ പ്രാര്‍ത്ഥനക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.കൊല്ലം എ.സി.പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരാഴ്ച മുന്‍പാണ് മേബിള്‍ ജോസഫ് കുരീപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റിലെത്തിയത്. ശാരീരിക അസ്വസ്ഥതകള്‍ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകള്‍ പോലീസിനെ അറിയിച്ചു. ഗര്‍ഭാശയ സംബന്ധമായ ചികിത്സയ്ക്ക് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളില്ലെങ്കിലും ആത്മഹത്യാ കുറിപ്പും മേബിള്‍ ജോസഫിന്റെ കൈയക്ഷരവുമായി ചേര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. കിണറ്റിലെ വെള്ളവും പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.