പൂള്‍: ജനപങ്കാളിത്തത്തിലും സംഘാടനമികവിലും പുതു ചരിത്രം രചിച്ച് നീലാംബരി സീസണ്‍ 4. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഗായകരും നര്‍ത്തകരും അരങ്ങു തകര്‍ത്ത നീലാംബരി അവതരണ മികവിലും ശ്രദ്ധേയമായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡ്രാമ ഫെസ്റ്റിവലുകളും ഇവന്റുകളും നടക്കാറുള്ള പൂള്‍ ലൈറ്റ് ഹൗസില്‍ 26 -ന് ഉച്ചയോടെ ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണ് കാണികളായെത്തിയത്. ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി കടന്നതോടെ , തീയറ്ററിന്റെ ഫുള്‍ സീറ്റിംഗ് കപ്പാസിറ്റിയിലെത്തിയ വിവരം അറിയിച്ച് തുടര്‍ന്നുള്ള ആളുകളുടെ പ്രവേശനം ലൈറ്റ് ഹൗസ് അധികൃതര്‍ വിലക്കുകയായിരുന്നു.
വിവിധ ഘട്ടങ്ങളിലായ് നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട അമ്പതിലധികം ഗായകരാണ് നീലാംബരി വേദിയില്‍ പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്തത്. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 4 ന്റെ അരങ്ങില്‍ മികവിന്റെ പകര്‍ന്നാട്ടം നടത്തി. യുകെയിലെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകര്‍ അവതരിപ്പിച്ച സംഗീത നിശയും ശ്രദ്ധേയമായി. വൈകുന്നേരം അഞ്ചുമണിയോടെ നടന്ന ചടങ്ങില്‍ മനോജ് മാത്രാടന്‍, ആദില്‍ ഹുസൈന്‍, ആന്‍ മെര്‍ലിന്‍ എന്നിവര്‍ ചേര്‍ന്ന് നീലാംബരി സീസണ്‍ 4 ഉദ്‌ഘാടന കര്‍മം നിര്‍വഹിച്ചു.
ലുലു ഗ്രൂപ്പ് റീജിണല്‍ മേധാവി ജോയ് ഷദാനന്ദന്‍, റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് തോമസ്, ഇടിക്കുള സോളിസിറ്റേഴ്‌സ് മേധാവി സ്‌റ്റീഫന്‍ ഇടിക്കുള, ചലച്ചിത്ര പിന്നണിഗായികയും ഒഎന്‍വികുറുപ്പിന്റെ കൊച്ചുമകളുമായ അപര്‍ണ രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിധികളായി. ടീം നീലാംബരിയുടെ ഭാഗമായുള്ള സുരേഷ് ഉണ്ണിത്താന്‍, രാകേഷ് തുടങ്ങിയവര്‍ ഉദ്‌ഘാടന കര്‍മ്മത്തില്‍ പങ്കെടുത്തു.
ജോയ് ഷദാനന്ദന്‍, ഫിലിപ്പ് തോമസ്, സ്‌റ്റീഫന്‍ ഇടിക്കുള, അപര്‍ണ രാജീവ്, ആദില്‍ ഹുസൈന്‍, ആന്‍ മെര്‍ലിന്‍, നര്‍ത്തകി അനുശ്രീ, ബിജു മൂന്നാനപ്പള്ളി, രകേഷ് നടേപ്പള്ളി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നീലാംബരിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ ചടങ്ങില്‍ കൃതജ്ഞത അറിയിച്ചു. ഇക്കുറിയുണ്ടായ വന്‍ ജനപങ്കാളിത്തം തങ്ങളുടെ ഉദ്യമത്തിനു കിട്ടിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും നീലാംബരി സീസണ്‍ 5, 2025 ജൂണ്‍ 14 ന് നടക്കുമെന്നും മനോജ് പറഞ്ഞു.
Leave a Reply