കൊല്ലം പത്തനാപുരത്ത് മൗണ്ട് താബോര്‍ മഠം വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സി.ഇ.സൂസമ്മ (55) യുടെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. പോസ്റ്റ്മോർട്ടത്തിനു ശേഷം പൊലീസിന് ലഭിച്ച നിഗമനങ്ങൾ അനുസരിച്ച് സൂസമ്മയുടേത് മുങ്ങി മരണമാണെന്നാണ് സൂചന. അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനത്തിലെത്തൂ.

ഫോറന്‍സിക് വിഭാഗം മേധാവി ഡോ കെ ശശികലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. അതേസമയം കിണറ്റിലെ വെള്ളം തന്നെയാണു സിസ്റ്ററുടെ ശരീരത്തിനുള്ളിലും കണ്ടെത്തിയതെന്നും സിസ്റ്ററുടെ അന്നനാളത്തിൽ നിന്നും നാഫ്തലിൻ ഗുളിക ലഭിച്ചുവെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

കൈത്തണ്ടയിലെ മുറിവുകളല്ലാതെ ബലപ്രയോഗത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണു കോൺവെന്റ് വളപ്പിലെ കിണറ്റിൽ സിസ്റ്റർ സൂസമ്മയെ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ മാസം 15 മുതൽ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇവർ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനോടു പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിനാണ‌ു പൊലീസ് കേസെടുത്തിരിക്കുന്നത്.

സിസ്റ്റർ താമസിച്ചിരുന്ന മുറി മുതൽ കിണർ വരെയുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ടായിരുന്നു. മുറിവേൽപിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി മുറിക്കുള്ളിൽ നിന്നു പൊലീസ് കണ്ടെത്തി. അൻപതോളം കന്യാസ്ത്രീകളാണു മഠത്തിലുള്ളത്. സിസ്റ്റർ സൂസമ്മ മുറിയിൽ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. രാവിലെ കുർബാനയ്ക്കു മൗണ്ട് താബോർ ദയറാ വളപ്പിലെ പള്ളിയിലോ ചാപ്പലിലോ സിസ്റ്റർ എത്താതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.