നിസ്കരിച്ചത് ക്രിമിനല്‍ കുറ്റമാക്കി യുപി പോലീസ്, അഞ്ച് പേര്‍ കസ്റ്റഡിയില്‍
1 June, 2017, 11:36 am by News Desk 1

നിസ്കാരം സാമുദായിക സ്പർധ വളർത്തുന്ന കുറ്റമാക്കി യുപി പൊലീസ്. ഉത്തർപ്രദേശിൽ നിസ്കരിച്ചതിന് മൂന്നു സ്ത്രീകളുൾപ്പെടെ അഞ്ചു മുസ്ലിങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. യുപിയിലെ സാകത്പൂർ ​ഗ്രാമത്തിലാണു സംഭവം. സ്വന്തം ഉടമസ്ഥതയിലുള്ള ഹാളിൽ നിസ്കരിക്കുകയായിരുന്ന സഹോദരങ്ങൾ അടക്കമുള്ള യുവതീ-യുവാക്കൾക്കെതിരെയാണ് സദ്ന​ഗ്ലി പൊലീസ് കേസെടുത്തിരിക്കുന്നത്.

സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അഹ്മദ് അലി, ഇദ്ദേഹത്തിന്റെ സഹോദരൻ റഹ്മത്ത് അലി, താഹിബ, സറീന, ഷാജഹാൻ എന്നിവർക്കെതിരെയാണ് യുപി പൊലീസിന്റെ പുതിയ നടപടി.

നിസ്കരിച്ചത് സമുദായങ്ങളും മതങ്ങളും വിവിധ വിഭാ​ഗങ്ങളും ഭാഷക്കാരും തമ്മിലുള്ള ഐക്യം തകർക്കാൻ കാരണമായി എന്നതാണ് പൊലീസ് ഉന്നയിക്കുന്ന വാദം. അ​ഹ്മദ് അലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹാളിൽ നിസ്കരിക്കുന്നതിനെ ആദ്യം പ്രദേശവാസികൾ തടഞ്ഞിരുന്നു. ഹാൾ പള്ളിയാക്കാൻ അധികാരമില്ലെന്നും അതിനാൽ ഇവർ കാണിച്ചത് നിയമലംഘനമാണെന്നുമാണ് പ്രദേശിക ഭരണകൂടത്തിന്റെ വാദം. ഇതേ തുടർന്നായിരുന്നു പൊലീസിന്റെ ഇടപെടൽ.

ഏതു മതപ്രകാരം ജീവിക്കാനും അവയുടെ ആചാരാനുഷ്ടാനങ്ങൾ പിന്തുടരാനും ഭരണഘടന അവകാശം നൽകുന്ന ഇന്ത്യയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയതെന്നത് ഞെട്ടിക്കുന്നതാണെന്നു അഹ്മദലിയുടെ ബന്ധുക്കൾ പറഞ്ഞു.

തങ്ങളുടെ കുടുംബത്തിൽപ്പെട്ട ആളുകളെയല്ലാതെ മറ്റാരും ഈ ഹാളിൽ നിസ്കരിച്ചിരുന്നില്ല. തങ്ങളുടെ നിസ്കാരത്തെ തടഞ്ഞതിലൂടെ സ്വന്തം ഇഷ്ടപ്രകാരം ഏതു മതം സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ഒരു പൗരനു അവകാശം നൽകുന്ന ഭരണഘടനയുടെ 25(1)ാം വകുപ്പിന്റെ ന​ഗ്നമായ ലം​ഘനമാണ് പ്രാദേശിക ഭരണകൂടം നടത്തിയിരിക്കുന്നതെന്ന് അഹ്മദലി ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിലെടുത്ത അഞ്ചുപേർ ഹിന്ദുക്കൾ ഉപദ്രവിച്ചു എന്ന തെറ്റായ വിവരം നൽകി നാട്ടിൽ വർ​ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചവരാണെന്നാണ് ഹസൻപൂർ സർക്കിൾ ഓഫീസർ അവിനാഷ് കുമാർ ​ഗൗതമിന്റെ ഭാഷ്യം.

ഞങ്ങൾ നാലു വർഷമായി അഹ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള ഈ ഹാളിൽ സ്ഥിരമായി നിസ്കരിച്ചുവരുന്നവരാണ്. ഇരു സമുദായത്തിന്റേയും പരസ്പര വിശ്വാസത്തിന്റെ പുറത്ത് ഈ പ്രദേശത്തൊരു ഒരു പള്ളി നിർമിച്ചെങ്കിലും, ഇപ്പോൾ ചിലർ അതേച്ചൊല്ലി പ്രശ്നവുമായി രം​ഗത്തെത്തി. അതിനാൽ ഞങ്ങൾ അവിടെ നിസ്കരിക്കുന്നത് നിർത്തിവച്ചെന്നു റഹ്മത്ത് അലിയുടെ ബന്ധുവായ ഷബീർ അലി വ്യക്തമാക്കി.

യോ​ഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതോടെ ബീഫിനെ കൂടാതെ കോഴി, മത്സ്യം അടക്കമുള്ളവയ്ക്കും നിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. യോ​ഗിയുടെ മണ്ഡലത്തിലാണ് കോഴിക്കും മത്സ്യത്തിനു നിരോധനമുള്ളത്. ഇതിനു പിന്നാലെയാണ് സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി നിസ്കാരത്തിനു വിലക്കേർപ്പെടുത്തുകയും അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നത്.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved