ബലാത്സംഗ കേസില്‍ കോടതി വെറുതെ വിട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പി സി ജോര്‍ജിനെ സന്ദര്‍ശിച്ചു. ഈരാറ്റുപേട്ടയിലെ പി സി ജോര്‍ജിന്റെ വീട്ടിലെത്തിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടിക്കാഴ്ച്ച നടത്തിയത്. വിട്ടിലെത്തിയ ഫ്രാങ്കോ മുളയ്ക്കനെ ആലിംഗനം ചെയ്തും കൈയില്‍ മുത്തിയുമാണ് പിസി ജോര്‍ജ്ജ് സ്വാഗതം ചെയ്തത്.സ്വാഭാവിക സന്ദര്‍ശനം മാത്രമാണ് നടന്നതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പ് നന്ദിയുള്ളവനാണെന്ന് വ്യക്തമായെന്നും പി സി ജോര്‍ജ് പറഞ്ഞു. മതവിശ്വാസവും കുടുംബ ജീവിതവും തകര്‍ത്ത് നക്‌സലിസവും കമ്മ്യൂണിസവും വളര്‍ത്താനാകുമെന്ന് തെറ്റായ ധാരണയാണ് ഇതിനെല്ലാം കാരണമെന്നും പി സി ജോര്‍ജ് പറഞ്ഞു.
‘ഫ്രാങ്കോ പിതാവ് മോശം സ്വഭാവമുള്ളവനാണെന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും സഭയോടുള്ള വിശ്വാസം നഷ്ടമാകും. അദ്ദേഹം തെറ്റുചെയ്‌തെന്ന് പറഞ്ഞാല്‍ സ്വാഭാവികമായി കത്തോലിക്കാ ക്രിസ്റ്റ്യന്‍ മതവിശ്വാസികള്‍ക്ക് തന്നെയാണ് പരാജയം ഉണ്ടാകുന്നത്.’അതുതന്നെയാണ് ശബരിമല വിഷയത്തിലും കണ്ടത്. മതവിശ്വാസം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കണ്ടത്. ഭരണാധികാരികള്‍ ചെയ്ത മര്യാദകേടാണ് താന്‍ ചൂണ്ടികാണിക്കുന്നതെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. ലോകം മുഴുവന്‍ ബ്ലാക്ക് മാസിന്റെ പ്രവര്‍ത്തിയാണ് നടക്കുന്നതെന്നും കേസിലെ വാദിഭാഗം ബ്ലാക്ക് മാസിന്റെ ഭാഗമാണെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.
കേസിന്റെ വിധി പുറത്തുവന്നപ്പോള്‍ പ്രതിഷേധം രേഖപ്പെടുത്തിയ മുന്‍ കോട്ടയം ഡിവൈഎസ്പി ഹരിശങ്കറിനെതിരെ പി സി ജോര്‍ജ് ആരോപണം ഉയര്‍ത്തി. അപ്പീല്‍ കൊടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഹരിശങ്കര്‍ സംസാരിച്ചത് ജഡ്ജിയെ അപമാനിക്കുന്നത് പോലെയാണെന്നും ജോര്‍ജ് പറഞ്ഞു. ഉദ്യോഗസ്ഥനെന്തിനാണ് ഇത്രയും ആവേശമെന്നും ഡിവൈഎസ്പിയേയും സര്‍ക്കിളിനേയും മഠത്തില്‍ നിന്നും ഓടിച്ചത് താനാണെന്നും പി സി ജോര്‍ജ് ആരോപിച്ചു. താന്‍ രാത്രിചെല്ലുമ്പോള്‍ കുടിച്ച് കൂത്താടുകയായിരുന്നുവെന്നും വിശദമായ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply