ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലിരിക്കെ, 50 വയസ്സുകാരിയായ നേഴ്സിന് നേരെ കൊലപാതകശ്രമം നടന്ന് ഗുരുതരാവസ്ഥയിൽ ആയ സംഭവത്തിൽ 37 കാരനായ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളെ സംഭവ സ്ഥലത്ത് വച്ച് തന്നെ അറസ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് കത്തിയല്ലെങ്കിലും മൂർച്ചയുള്ള ഉപകരണമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ മറ്റാർക്കും പരുക്കുകൾ സംഭവിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിലാണ് ജനങ്ങളെ ഞെട്ടിച്ചുകൊണ്ടുള്ള ഈ ആക്രമണം നടന്നത്. എൻഎച്ച്എസിലെ 13.7% ജീവനക്കാരും 27.6% ആംബുലൻസ് ജീവനക്കാരും കഴിഞ്ഞ വർഷം ശാരീരിക പീഡനം അനുഭവിച്ചതായി 2023 ലെ ഒരു സർവേയിൽ പറയുന്നു. എൻഎച്ച്എസ് ജീവനക്കാർ നേരിടുന്ന വർദ്ധിച്ചു വരുന്ന ദുരനുഭവങ്ങളിലേക്കാണ് ഈ ആക്രമണവും വിരൽ ചൂണ്ടുന്നത്.
2016-17കാലയളവിൽ എൻഎച്ച്എസ് ജീവനക്കാർക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ശാരീരിക ആക്രമണങ്ങളിൽ 6% വർദ്ധനവ് ഉണ്ടായതായി 2018-ലെ യുകെയിലെ ഏറ്റവും വലിയ ഹെൽത്ത് യൂണിയൻ ആയ യൂണിസണിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് പ്രതിദിനം ശരാശരി 200 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ റിപ്പോർട്ടിൽ 75% എൻഎച്ച്എസ് ട്രസ്റ്റുകളുടെ ഡേറ്റ മാത്രം ഉള്ളത് ശരിക്കുള്ള കണക്കുകൾ ഇതിലും ഉയർന്നതാണെന്ന് സൂചിപ്പിക്കുന്നു. നോട്ടിംഗ്ഹാമിലെ ക്വീൻസ് മെഡിക്കൽ സെൻ്ററിൽ (ക്യുഎംസി), 2023 ഏപ്രിലിനും സെപ്റ്റംബറിനുമിടയിൽ 1,167 അക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.
Leave a Reply