കുമളി ചക്കുപള്ളം സ്വദേശിനിയായ 22 വയസ്സുകാരിയായ സ്റ്റാഫ് നേഴ്സ് ഫെബയും അവരുടെ അപ്പച്ചനും ഇളയ സഹോദരിയും തിരുവല്ല തോണിപ്പാടത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് വളരെ ദാരുണമായി മരണമടഞ്ഞതിൻെറ വേദനയിലാണ് ലോകമെങ്ങുമുള്ള മലയാളി നേഴ്‌സിംഗ് സമൂഹം . ഇനി കുടുംബത്തിൽ അവശേഷിക്കുന്നത് ഫെബയുടെ അമ്മ ഷാന്റി മാത്രമാണ് .
ബിഎസ്‌സി നേഴ്സിംഗ് കഴിഞ്ഞ് യുകെയിലേയ്ക്ക് പോകാനായി ഒഇടി പഠിക്കുകയായിരുന്നു ഫെബ. ഫെബയും അച്ഛനും സഹോദരിയും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ വശം ഇടിഞ്ഞു തോട്ടിലേക്ക് മറിയുകയായിരുന്നു. കനത്ത മഴയെ തുടർന്ന് തോട്ടിൽ ഉയർന്ന ജലനിരപ്പും ശക്തമായ കുത്തൊഴുക്കും ഉണ്ടായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം കാർ തോട്ടിൽ മുങ്ങിക്കിടന്നു. സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് അതിലുണ്ടായിരുന്ന വരെ പുറത്തെടുത്തു എങ്കിലും ആരെയും രക്ഷിക്കാനായില്ല.
പത്തനംതിട്ട തിരുവല്ല, തോണിപ്പാടം കല്ലുപാലം എന്ന സ്ഥലത്ത് വച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. തിരുവല്ല എംജിഎം മുത്തൂറ്റ് കോളേജ് ഓഫ് നേഴ്സിംഗിൽ നിന്നാണ് ഫെബ ബിഎസ്‌സി നഴ്സിംഗ് പഠനം പൂർത്തിയാക്കിയത് .
ഫെബയുടെ പിതാവ് വിഎം ചാണ്ടി മാത്യു റാന്നി പൂവൻമല ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ആണ് . സഹോദരി ബ്ലെസി വി ചാണ്ടി പരുമല മാർ ഗ്രിഗോറിയസ് കോളേജിൽ ബിസിഎ വിദ്യാർത്ഥിനിയാണ്. ഇവർ പത്തുവർഷത്തോളമായി പത്തനംതിട്ട കുമ്പനാട് എന്ന സ്ഥലത്താണ് താമസിക്കുന്നത്.
Leave a Reply