സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ സ്റ്റോക്ക് ഓൺ  ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ പിതാവ് നമ്പ്യാപറമ്പിൽ ജോയ്‌ ജോസഫ് (78) ഡിസംബർ 19 നു ആണ് ഹൃദയതംഭനം ഉണ്ടായി മരണപ്പെട്ടത്. വിവരം അറിഞ്ഞ ഉടനെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുവാനായി കുടുംബസമേതം ആണ് നാട്ടിലേക്ക് പുറപ്പെട്ടത്. ശവസംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞ ബുധനാഴ്ച്ച, തൊടുപുഴക്കടുത്തു വണ്ണപ്പുറം കാളിയാർ പള്ളിയിൽ വച്ചായിരുന്നു.

തന്റെ പിതാവിന്റെ മരണത്തിൽ വളരെയധിയകം ദുഖിതരായിരുന്ന കുടുംബം നാട്ടിലേക്കുള്ള എയർ ഇന്ത്യയുടെ ഫ്ലൈറ്റ് പിടിച്ചാണ് ബാംഗ്ലൂർ വഴി പുറപ്പെട്ടത്. ടിക്കറ്റ്  ഒന്നിന് 950 പൗണ്ടാണ് എയർ ഇന്ത്യക്ക് നല്കേണ്ടിവന്നത്. സാധാരണഗതിയിൽ ഉള്ള വിലയേക്കാൾ ഇരട്ടി കൊടുക്കേണ്ടിവന്നു എന്ന് സാരം. നാലര ലക്ഷത്തിലധികം രൂപ മുടക്കിയാണ് കുടുംബം നാട്ടിലേക്ക് പുറപ്പെട്ടത്.

ഇരട്ടി വിലകൊടുത്തു വിമാന ടിക്കറ്റ് എടുത്തതിൽ അവർക്ക് വിഷമം ഇല്ലാതിരുന്നു.  പിതാവിന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുക .. അത് മാത്രമാണ് ഇവരുടെ ആഗ്രഹം… എന്നാൽ നാട്ടിൽ എത്തിയപ്പോൾ ഇവർക്ക് അനുഭവിക്കേണ്ടി വന്നത് ഒരു പ്രവാസി മലയാളിയായ ഒരാൾക്കും താങ്ങാൻ സാധിക്കാത്ത അനുഭവങ്ങളാണ്.

കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന  എല്ലാ നിബന്ധനകളും പാലിച്ചാണ് നാട്ടിൽ എത്തിയത്. കൊറോണ ടെസ്റ്റിന്റെ നെഗറ്റീവ് ഉൾപ്പെടെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും വിമാനത്താവള അധികൃതർക്ക് നൽകി, പി പി ഇ ധരിച്ചു വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടത്. ഒരിടത്തും ഇറങ്ങാതെ നേരെ വീട്ടിലെ ഒന്നാം നിലയിൽ ഒരു മുറിയിൽ എല്ലാവരും ഒതുങ്ങികൂടുകായിരുന്നു. താഴെ ഗ്രൗഡ് ഫ്ളോറിലേക്ക് പോലും ആരും ഇറങ്ങിയില്ല. ഇതിനോടകം തന്നെ ചിലർ തങ്ങൾ എന്ത് ചെയ്യുന്നു എന്നറിയുവാനുള്ള എത്തിനോട്ടം ശ്രദ്ധയിൽ പെട്ടെങ്കിലും കാര്യമാക്കിയില്ല. മുറിക്ക് പുറത്തിറങ്ങാതെ നിയമം അനുസരിക്കുകയായിരുന്നു.

വീട്ടിൽ എല്ലാ ദിവസവും പണിക്ക് വന്നവർ പെട്ടെന്ന് വരാതായി. വിളിച്ചു ചോദിച്ചപ്പോൾ ഇവർ മറ്റുള്ളവരുടെ വീടുകളിൽ പണിക്കുപോകുന്നവർ ആയതിനാൽ പ്രവാസിയായി എത്തിയ അവരുടെ വീട്ടിൽ പണിക്കുപോയാൽ മറ്റാരുടെയും അടുത്ത് പോകാൻ പറ്റില്ല എന്ന ഭീഷണിക്കു മുൻപിൽ പണിക്കാർ വരവ് നിർത്തിയെങ്കിലും അതൊന്നും സാരമില്ല എന്ന് കരുതി ആശ്വസിച്ചു.

മരണപ്പെട്ട പിതാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ ആണ് വെച്ചിരുന്നത്. വീട്ടിൽ മൃതദേഹം എത്തുന്നതിനു മുൻപേ നാട്ടുകാരുടെ പരാതി പ്രളയമാണ് കാളിയാർ ഇടവക വികാരിയച്ചനെ തേടിയെത്തിയത്. ഒരു കാരണവശാലും ബ്രിട്ടണിൽ നിന്നും വന്ന ഇവരെ പങ്കെടുപ്പിക്കാൻ സമ്മതിക്കൂല്ല എന്ന ഇടവകക്കാരുടെ നിലപാടിൽ നിസ്സഹായനായി നിൽക്കുവാൻ മാത്രമേ വികാരിയച്ചന് സാധിച്ചുള്ളൂ.

നിസ്സഹായനായ വികാരിയച്ചന്റെ ഫോൺ കാൾ ബ്രിട്ടനിൽ നിന്നും വന്ന മൂത്ത മകന്റെ ഫോണിൽ ചൊവാഴ്ച രാത്രിയോടെ എത്തി. സാഹചര്യം വിവരിച്ചു. പങ്കെടുക്കാൻ വരല്ലേ എന്ന അഭ്യർത്ഥന… പി പി ഇ കിറ്റ് ഇവിടുന്നെ കരുതി നാട്ടിലെത്തിയ ഇവർക്ക് അത് താങ്ങുവാൻ ഏറെ പണിപ്പെട്ടു. അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും തല്ലിക്കൊഴിച്ചു. സാധാരണഗതിയിൽ ചടങ്ങുകൾ എല്ലാം പൂർത്തിയായി എല്ലാവരെയും സെമിത്തേരിയിൽ നിന്നും മാറ്റിയ ശേഷം ഞങ്ങളെ കാണിക്കുമോ എന്ന യാചനപോലും പതിച്ചത് ബധിരകർണ്ണങ്ങളിൽ ആണ്. ഇതുവരെ എത്തിയ എല്ലാ പ്രവാസികൾക്കും ഇങ്ങനെ ഒരു അവസരം കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിൽ സാധിച്ചിരുന്നു.

നാട്ടിലുള്ളവരുടെ വികാരം മനസിലാക്കുമ്പോഴും, കൊറോണയുടെ വകഭേദം ഉണ്ട് എന്നുള്ള വാർത്ത നാട്ടിലെ എല്ലാ മാധ്യമങ്ങളും വാലും തലയുമില്ലാതെ പടച്ചുവിട്ടു. എന്നാൽ വകഭേദം ഉണ്ടായത് ലണ്ടനിലും സമീപ പ്രദേശത്തുമാണ്. കേരളത്തിന്റെ ഒന്നരയിരട്ടി വലിപ്പമുള്ള യുകെയുടെ മറ്റൊരു മൂലയിൽ അതായത് ലണ്ടനിൽ നിന്നും 300 റിൽ അധികം കിലോമീറ്റർ അകലെ താമസിക്കുന്ന ഇവർക്ക് കൊറോണയുടെ വകഭേദം ഉണ്ട് എന്ന് നാട്ടുകാർക്ക് എങ്ങനെ മുദ്ര കുത്താൻ സാധിച്ചു? എയർപോർട്ടിൽ ചെയ്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇരിക്കെ ആണ് ഈ ക്രൂരത.

പഞ്ചായത്തു ഇലക്ഷനിൽ എന്തെല്ലാം നടന്നു. പ്രോട്ടോകോൾ ലംഘിക്കുന്നതിൽ അന്ന് ആരും പിന്നിലായിരുന്നില്ല. അതൊന്നും കൊറോണ പടർത്തിയില്ലേ..? അതെ എന്നും ക്രൂശിക്കപ്പെടുന്നത് പ്രവാസിതന്നെയാണ്. ഏതൊരു ആപൽ ഘട്ടത്തിലും സഹായിക്കുന്ന പ്രവാസി വരുമ്പോൾ മാത്രം നിയമം… വിദ്യാസമ്പന്നരാണ് എന്ന് കരുതുന്ന മലയാളികൾ പ്രവർത്തിയിൽ അത് കാണിക്കാറില്ല… ആരോ പടച്ചുവിടുന്ന തെറ്റായ വാർത്തയിൽ പ്രതികരിക്കുന്ന നമ്മൾ അറിയുക സ്വന്തം അനുഭവം ഉണ്ടാകുമ്പോൾ മാത്രമായിരിക്കും. പിതാവിന്റെ മരണത്തിൽ പങ്കെടുക്കാൻ എത്തിയവരെ ഇത്തരുണത്തിൽ ദ്രോഹിച്ച നമ്മൾ എവിടെ അതിന്റെ പാപം കഴുകും. ‘ഇന്ന് ഞാൻ നാളെ നീ’  എന്ന് പ്രസിദ്ധനായ കവി ജി ശങ്കരക്കുറുപ്പ് എഴുതിയ വരികൾ ഓർമ്മിപ്പിച്ചുകൊണ്ട് ഇനിയാർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.