കോട്ടയം∙ ആര്‍പ്പൂക്കര സ്വദേശിയായ മലയാളി നഴ്സ് റിയാദില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ നോബിളിന്റെ മരണത്തില്‍ ആശുപത്രി മാനേജ്മെന്റിനു പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരാതി നല്‍കിയതിന്റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭര്‍ത്താവ് നോബിള്‍ പറഞ്ഞു.
ആശുപത്രി ഹോസ്റ്റലിന്റെ ഗോവണിയില്‍ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദില്‍നിന്ന് അറിയിച്ചത്. ആശുപത്രി മാനേജ്മെന്റിന്റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണു സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റല്‍ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിള്‍ സാക്ഷിയാണ്.
ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഏഴുമാസം മുന്‍പ് സൗമ്യ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആശുപത്രിയിലെ പീഡനങ്ങള്‍ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴില്‍ വകുപ്പിനും സൗമ്യ പരാതി നല്‍കിയിരുന്നു.
താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്മെന്റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. മൂന്നരവയസുള്ള മകന് ക്രിസ്, നോബിളിനൊടൊപ്പം നാട്ടിലാണ്. ആര്‍പ്പൂക്കര ചക്കുഴിയില്‍ ജോസഫ് എല്‍സമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.
Leave a Reply